|    Jun 29 Thu, 2017 7:42 am
Home   >  Pravasi  >  Gulf  >  

എഎഫ്‌സി കപ്പ്: ഇന്ത്യന്‍ സമൂഹത്തിന്റെ പിന്തുണക്ക് പ്രഫുല്‍ പട്ടേലിന്റെ നന്ദി

Published : 7th November 2016 | Posted By: SMR

ദോഹ: കഴിഞ്ഞ ദിവസം സുഹൈദ് ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നടന്ന എഎഫ്‌സി കപ്പ് ഫൈനല്‍ മല്‍സരം വീക്ഷിക്കാനെത്തിയ ആയിരക്കണക്കിന് ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരുടെ അകമഴിഞ്ഞ പ്രോല്‍സാഹനത്തിന് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റും മുന്‍ വ്യോമയാന വകുപ്പു മന്ത്രിയുമായ പ്രഫുല്‍ പട്ടേല്‍ കൃതജ്ഞത അറിയിച്ചു. ഇന്ത്യന്‍ അംബാസഡര്‍ പി കുമരന്‍, ഖത്തര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറം പ്രസിഡന്റ് ശംസുദ്ദീന്‍ ഒളകര എന്നിവരോടാണ് അദ്ദേഹം നന്ദി പ്രകാശിപ്പിച്ചത്. ഇന്ത്യന്‍ ഫുട്‌ബോള്‍ വളര്‍ച്ചയുടെ പാതയിലാണെന്നും വരും വര്‍ഷങ്ങളില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാനാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഖത്തറിലെ പ്രവാസികള്‍ക്കിടയില്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്കുവേണ്ടി ഖത്തര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറം നടത്തുന്ന ശ്രമങ്ങള്‍ക്ക് അദ്ദേഹം ആശംസകള്‍ അറിയിച്ചു. ജെഎസ്ഡബ്ല്യു ബാംഗ്ലൂര്‍ എഫ്‌സി ക്ലബ്ബിന്റെ ഉടമസ്ഥന്‍ കൂടിയായ സജ്ജന്‍ ജിന്റലു ഇന്ത്യന്‍ സമൂഹത്തിന്റെ പിന്തുണക്ക് നന്ദി അറിയിച്ചു.  ഖത്തര്‍ സ്റ്റേഡിയത്തില്‍ എഎഫ്‌സി കപ്പ് മല്‍സരം വീക്ഷിക്കാനെത്തിയ ആറായിരത്തോളം കാണികളില്‍ സിംഹഭാഗവും ഇന്ത്യന്‍ ടീമിന് പ്രോല്‍സാഹനം നല്‍കാന്‍ എത്തിയവരായിരുന്നു. ഖത്തര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഗ്യാലറിയില്‍ ഒരുക്കിയ ബാന്റ് വാദ്യവും ചെണ്ടമേളവും ടീമിന് ആവേശം പകര്‍ന്നതായി ബാംഗ്ലൂര്‍ എഫ്‌സി താരങ്ങളായ റിനോ ആന്റോയും സി കെ വിനീതും പറഞ്ഞു. 2022 ല്‍ ലോകകപ്പിന് വേദിയൊരുങ്ങുന്ന ഖത്തറില്‍ പ്രവാസികള്‍ക്കിടയില്‍ കാല്‍പന്തുകളിയുടെ മഹത്തായ സന്ദേശം പ്രചരിപ്പിക്കാനും ഫുടബോളിന്റെ ഉയര്‍ച്ചയ്ക്കും വളര്‍ച്ചയ്ക്കും ഇന്ത്യന്‍ സമൂഹത്തെ പാകപ്പെടുത്തിയെടുക്കാനുമായത് കഴിഞ്ഞ പത്തുവര്‍ഷത്തെ വലിയ നേട്ടമായാണ് ഖിഫ് വിലയിരുത്തുന്നതെന്ന് പ്രസിഡന്റ് ശംസുദ്ദീന്‍ ഒളകര പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക