|    Dec 12 Wed, 2018 5:56 am
FLASH NEWS
Home   >  National   >  

എഎപി മാര്‍ച്ച് – ആയിരങ്ങള്‍ പങ്കെടുത്തു; മെട്രോയുടെ അഞ്ച് സ്‌റ്റേഷനുകള്‍ അടച്ചു

Published : 17th June 2018 | Posted By: G.A.G

ന്യൂഡല്‍ഹി; എഎസ് ഉദ്യോഗസ്ഥരുടെ നിസ്സഹകരണത്തിനെതിരേ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മ്ന്ത്രിമാരും തുടരുന്ന സമരത്തിന്റെ ഭാഗമായി എഎപി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലേക്കു നടത്തിയ മാര്‍ച്ചില്‍ ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകള്‍ പങ്കാളികളായി. മാര്‍ച്ചിന് എഎപി അനുമതി വാങ്ങിയിട്ടില്ലെന്ന് ഡല്‍ഹി പോലിസ് പറയുന്നതിനിടെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ റാലിക്കായെത്തിയത്.നരേന്ദ്രമോദിയുടെ ലോക് കല്യാണ്‍മാര്‍ഗിലെ ഔദ്യോഗിക വസതിയിലേക്കുള്ള മാര്‍ച്ച് വൈകിട്ട് നാലുമണിയോടെ മണ്ഡി ഹൗസില്‍നിന്നാണ് ആരംഭിച്ചത്.
പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള മാര്‍ച്ചിനെ തുടര്‍ന്ന് ഡല്‍ഹി മെട്രോയുടെ അഞ്ച് സ്‌റ്റേഷനുകള്‍ അടച്ചു.പോലീസ് നിര്‍ദേശത്തെ തുടര്‍ന്ന് ലോക് കല്യാണ്‍ മാര്‍ഗ് സ്‌റ്റേഷനാണ് ആദ്യം അടച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് ഈ സ്‌റ്റേഷന്‍ അടച്ചത്.സെന്‍ട്രല്‍ സെക്രട്ടേറിയേറ്റ്, ഉദ്യോഗ് ഭവന്‍, പട്ടേല്‍ ചൗക്ക്, ജനപഥ് സ്‌റ്റേഷനുകള്‍ രണ്ടുമണിയോടെയും അടച്ചു.
ജനവാസ മേഖലകളില്‍ പ്രതിഷേധ റാലികള്‍ അനുവദനീയമല്ലാത്തതതിനാല്‍ എഎപി മാര്‍ച്ച് നിയമവിരുദ്ധമാണെന്ന് ഡല്‍ഹി പോലിസ് പ്രതികരിച്ചു. മാര്‍ച്ചിനെതരേ 144ാം വകുപ്പ് പ്രഖ്യാപിച്ചതായും പോലിസ് അറിയിച്ചിരുന്നു.
നാലു മാസമായി എഎപി സര്‍ക്കാരിനോട് ഡല്‍ഹിയിലെ ഐഎഎസ് ഉദ്യോഗസ്ഥര്‍ കാണിക്കുന്ന നിസ്സഹകരണം അവസാനിപ്പിക്കുക, ജോലിയില്‍നിന്ന് വിട്ടുനില്‍ക്കുന്ന ഐഎഎസ് ഓഫീസര്‍മാരെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കുക, അവര്‍ക്കെതിരെ നടപടി സ്വീകരിക്കുക, റേഷന്‍ സാധനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിച്ചു നല്‍കാനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കുക  എന്നീ ആവശ്യങ്ങളുന്നയിച്ചാണ് കെജ്‌രിവാളും സംഘവും കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ലഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസില്‍ സമരം തുടങ്ങിയത്. സമരം ഇന്ന് എട്ടാം ദിവസത്തിലേക്ക് കടന്നു.
അതേസമയം, ഡല്‍ഹിയിലെ ഐ എ എസ് ഉദ്യോഗസ്ഥര്‍ സമരത്തിലാണെന്ന മുഖ്യമന്ത്രി കെജ് രിവാളിന്റെ ആരോപണം തെറ്റാണെന്ന് ഐ എ എസ് അസോസിയേഷന്‍ പ്രതികരിച്ചു.
തങ്ങള്‍ സമരത്തിലല്ലെന്നും ഡല്‍ഹിയിലെ ഐ എ എസ് ഉദ്യോഗസ്ഥര്‍ സമരത്തിലാണെന്ന വിവരം പൂര്‍ണമായും തെറ്റും അടിസ്ഥാനരഹിതവുമാണെന്നുംഐ എ എസ് അസോസിയേഷന്‍ പ്രതിനിധി മനീഷാ സക്‌സേന മാധ്യമങ്ങളോടു പറഞ്ഞു.
ഞങ്ങള്‍ യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ഓരോ വകുപ്പും അവരവരുടേതായ ജോലികള്‍ ചെയ്യുന്നുണ്ട്. ചിലപ്പോഴൊക്കെ അവധി ദിവസങ്ങളിലും ഞങ്ങള്‍ ജോലി ചെയ്യാറുണ്ടെന്നും അവര്‍ പറഞ്ഞു. രാഷ്ട്രീയകാരണങ്ങള്‍ക്കു വേണ്ടി തങ്ങളെ ഉപയോഗപ്പെടുത്തുകയാണെന്ന് ഐഎഎസ് അസോസിയേഷന്‍ അംഗം വര്‍ഷാ ജോഷി പറഞ്ഞു.
ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി കെജ്രിവാളിനെതിരേ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. കെജ്രിവാള്‍ നക്‌സലൈറ്റാണെന്നാണ് സ്വാമിയുടെ വിമര്‍ശനം. അങ്ങനെയൊരാളെ മറ്റ് മുഖ്യമന്ത്രിമാര്‍ പിന്തുണയ്ക്കുന്നത് എന്തിനാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി ചോദിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss