|    Oct 19 Thu, 2017 11:56 pm

എം സാന്റ്‌യൂനിറ്റില്‍ നിന്നു മലിനജലം കുടിവെള്ള സ്രോതസ്സുകളിലേക്ക്

Published : 28th October 2016 | Posted By: SMR

കോന്നി: എം-സാന്റ് യൂനിറ്റില്‍ നിന്നു മലിനജലം കുടിവെള്ള സ്രോതസ്സുകളിലേക്ക് ഒഴുക്കി വിട്ട സംഭവത്തില്‍ നാട്ടുകാരുടെ പരാതിയില്‍ തുടര്‍നടപടി സ്വീകരിക്കുന്നതിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിനും ആരോഗ്യവകുപ്പിനും വിമുഖത. കലഞ്ഞൂര്‍ ഗ്രാമപ്പഞ്ചായത്തിലെ അതിരുങ്കല്‍ വാകപ്പാറ തോട്ടില്‍ കൂടിയാണ് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് പോത്തുപാറ നാലാം ബ്ലോക്കിലെ ‘വജ്രം ഗ്രാനൈറ്റ്’ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന എം സാന്റ് യൂനിറ്റില്‍ നിന്നുള്ള മലിന ജലം, മഴവെള്ളത്തിനൊപ്പം ഒഴുക്കി കളഞ്ഞത്. ഇന്നലെ രാവിലെയോടെ തോട്ടില്‍ കുളിക്കാനെത്തിയ പ്രദേശവാസികള്‍ വെള്ളം പാല്‍ നിറത്തില്‍ ഒഴുകുന്നത് കാണുകയും അടൂര്‍ ആര്‍ഡിഒ, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫിസര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍, കൂടല്‍ പോലിസ് സ്‌റ്റേഷന്‍, അടൂര്‍ ഡിവൈഎസ്പി എന്നിവരെ വിവരം അറിയിച്ചു. പ്രദേശവാസികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാലിന്യം ഒഴുക്കിവിട്ടതായി പരാതി ഉയര്‍ന്ന നീര്‍ച്ചാല്‍ കൂടല്‍ പോലിസ്  സന്ദര്‍ശിക്കുകയും  സംഭവത്തിന്റെ വിശദാംശങ്ങളുടെ മൊഴി കലഞ്ഞൂര്‍ ക്രഷര്‍ വിരുദ്ധ സമരസമിതിയില്‍ നിന്നും ശേഖരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മഹസര്‍ തയ്യാറാക്കി മലിന ജലത്തിന്റെ സാംപിള്‍ ശേഖരിച്ചു മടങ്ങിപ്പോയി പോലിസ് ഉച്ചയ്ക്ക് ശേഷം സംഭവം ഒത്തുതീര്‍ക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയായിരുന്നു. ഇവര്‍ രാവിലെ തോട്ടില്‍ നിന്നു ജനങ്ങള്‍ക്ക് മുന്നില്‍ ശേഖരിച്ച സാംപിളുകള്‍ നഷ്ടപ്പെടുത്തിയതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതിനിടയില്‍ പ്രദേശത്തെ ജനങ്ങള്‍ രാവിലെ ഏഴിന് പരാതി നല്‍കിയെങ്കിലും റവന്യൂ, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ എന്നിവര്‍ സംഭവത്തോട് പ്രതികരിച്ചില്ല. തുടര്‍ന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചതനുസരിച്ച് വൈകീട്ട് 4.45ഓടെ അടൂര്‍ ആര്‍ഡിഒ ആര്‍ രഘു സ്ഥലത്തെത്തി. എന്നാല്‍ പരാതിയില്‍ ആരോപിക്കുന്ന തരത്തിലുള്ള സംഭവം പ്രദേശത്ത് ഇല്ലെന്നും തോട്ടിലെ വെള്ളം ഇപ്പോള്‍ തെളിഞ്ഞാണല്ലോ ഒഴുകുന്നതെന്നും മറുപടി നല്‍കി മടങ്ങിയതായി നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് നാട്ടുകാര്‍ വിജിലന്‍സിന് തെളിവുകള്‍ അടക്കം കൈമാറി.  ഇതോടൊപ്പം മുഖ്യമന്ത്രിക്കും പരാതി നല്‍കുന്നതിനും സംഭവം നിയമസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും തീരുമാനിച്ചു.  കമ്പനി തുടങ്ങിയ നാള്‍ മുതല്‍ ആയിരങ്ങള്‍ കുടിക്കാനും കുളിക്കാനും ഉപയോഗിക്കുന്ന തോട്ടിലൂടെ മാലിന്യം ഒഴുക്കി വിടാറുണ്ട്. എന്നാല്‍ സ്ഥല പരിശോധനക്കെത്തുന്നവര്‍ തോട്ടില്‍ വെള്ളത്തിനുണ്ടാവുന്ന നിറവിത്യാസം മഴയുടെ പ്രതിഭാസമാണെന്ന് റിപോര്‍ട്ട് നല്‍കും. എന്നാല്‍ സമീപത്തുള്ള കുളത്തുമണ്‍ തോട്, എലിക്കോട് തോട്, പൊടിമണ്ണാല്‍ തോട്, എന്നിവ തെളിഞ്ഞും ഒഴുകും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക