|    Sep 22 Sat, 2018 9:42 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

എം ജി സിലബസ്സില്‍ ആര്‍എസ്എസ് പ്രത്യയശാസ്ത്രം ; പഠിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം

Published : 15th June 2017 | Posted By: fsq

 

കോട്ടയം: എംജി സര്‍വകലാശാലയുടെ പുതിയ സിലബസില്‍ ആര്‍എസ്എസ് പ്രത്യയശാസ്ത്രം പാഠ്യവിഷയമാക്കിയെന്ന ആരോപണത്തെക്കുറിച്ച് വിശദമായി പഠിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡീന്‍ എ എം തോമസിനെ ചുമതലപ്പെടുത്തി. ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് അംഗങ്ങളുടെയും പാഠ്യപരിഷ്‌കരണസമിതിയുടെയും അടിയന്തര ഭരണസമിതി യോഗത്തിലാണ് തീരുമാനം. ഏതെങ്കിലും പോരായ്മകളുണ്ടെന്ന് കണ്ടെത്തിയാല്‍ പാഠഭാഗം പിന്‍വലിക്കുമെന്ന് ഭരണസമിതി അറിയിച്ചു. ദേശീയപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വാദഗതികളും വിദ്യാര്‍ഥികള്‍ മനസ്സിലാക്കുന്നതിന് വേണ്ടി മാത്രമാണു നടപടിയെന്നും പാഠ്യപരിഷ്‌കരണസമിതി അംഗങ്ങള്‍ വ്യക്തമാക്കി. ബിരുദവിദ്യാര്‍ഥികളുടെ പൊളിറ്റിക്കല്‍ സയന്‍സ് സിലബസില്‍ ആര്‍എസ്എസ് സ്ഥാപകനായ വിനായക് ദാമോദര്‍ സവര്‍ക്കറുടെ ഹിന്ദുത്വവും സാംസ്‌കാരിക ദേശീയതയും പഠിപ്പിക്കാനുള്ള ഭാഗം ഉള്‍പ്പെടുത്തിയതാണ് വിവാദമായത്. കാവിവല്‍ക്കരണം ശക്തമായി എതിര്‍ക്കുമെന്ന് അവകാശപ്പെടുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സിന്‍ഡിക്കേറ്റ് ഭരിക്കുന്ന യൂനിവേഴ്‌സിറ്റിയില്‍ ഇത്തരം സിലബസ് പരിഷ്‌കരണം നടപ്പാക്കിയിരിക്കുന്നത് വിരോധാഭാസമാണെന്ന് കോണ്‍ഗ്രസ് അനുകൂല അധ്യാപകസംഘടനയായ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെപിസിടിഎ) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. സിലബസ് അടിയന്തരമായി പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോവുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി. ബിഎ പൊളിറ്റിക്കല്‍ സയന്‍സ് മുഖ്യവിഷയമായെടുത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള മൂന്നാം സെമസ്റ്ററിലെ കോര്‍ പേപ്പറായ ‘പൊളിറ്റിക്കല്‍ തോട്ട്‌സ് ഇന്ത്യന്‍ ട്രെഡീഷന്‍സ്,  പൊളിറ്റിക്കല്‍ സയന്‍സ് ഐച്ഛികവിഷയമായെടുത്തിരിക്കുന്ന മറ്റു ബിഎ വിദ്യാര്‍ഥികള്‍ക്കുള്ള കോംപ്ലിമെന്ററി പേപ്പറായ ഇന്ത്യന്‍ പൊളിറ്റിക്കല്‍ തോട്ട് എന്നീ പേപ്പറുകളിലാണ് ആര്‍എസ്എസ് പ്രത്യയശാസ്ത്രം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇന്ത്യന്‍ പൊളിറ്റിക്കല്‍ തോട്ട് എന്ന വിഷയത്തിലെ മൊഡ്യൂള്‍ രണ്ടിലാണ് മഹാത്മാഗാന്ധിയുടെ സ്വരാജിന്റെയും അഹിംസാ പഠനത്തിന്റെയും കൂടെ വിനായക് ദാമോദര്‍ സവര്‍ക്കര്‍, ഹിന്ദുത്വ സാംസ്‌കാരിക ദേശീയത എന്ന പാഠഭാഗമുള്ളത്. ബിഎ രണ്ടാം സെമസ്റ്ററിലെ ചരിത്രം ഐച്ഛികവിഷയമായെടുത്തവര്‍ക്ക് ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രം എന്ന പേപ്പറില്‍ രാമരാജ്യം, ഹിന്ദുത്വ പ്രത്യയശാസ്ത്രം, ന്യൂനപക്ഷവിരുദ്ധ നിലപാടുകള്‍ ഉള്‍പ്പെടുത്തിയതും വിവാദമായി. വൈസ് ചാന്‍സലറുടെയും സിന്‍ഡിക്കേറ്റിന്റെയും അനുമതി ലഭിച്ച ശേഷം കഴിഞ്ഞദിവസമാണ് സിലബസ് വെബ്‌സൈറ്റില്‍ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചത്. സിലബസ് പരിഷ്‌കരണത്തിന് ഉത്തരവാദപ്പെട്ട ബോര്‍ഡ് ഓഫ് സ്റ്റഡീസ് 2016ല്‍ തയ്യാറാക്കിയ സിലബസ് അട്ടിമറിച്ചാണ് ആര്‍എസ്എസ്, മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്ന് കെപിസിടിഎ ഭാരവാഹികളായ ഡോ. കെ എം ബെന്നി, പ്രഫ. പി ജെ തോമസ്, പ്രഫ. ടി ജോര്‍ജ് ജെയിംസ്, പ്രഫ. റോണി കെ ബേബി എന്നിവര്‍ ആരോപിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss