|    Jan 24 Tue, 2017 2:40 am

എം കെ ദാമോദരനെതിരേ സിപിഐ

Published : 19th July 2016 | Posted By: sdq

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് അഡ്വ. എം കെ ദാമോദരനെതിരേ സിപിഐ രംഗത്ത്. ദാമോദരന്റെ നിയമ ഇടപെടലുകളിലെ അതൃപ്തി ഇന്നു നടക്കുന്ന എല്‍ഡിഎഫ് യോഗത്തില്‍ സിപിഐ അറിയിക്കും.
മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവിനെ മാറ്റണമെന്ന് സിപിഐ യുവജന സംഘടനയായ എഐവൈഎഫ് നേരത്തെ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായിരിക്കുമ്പോള്‍ത്തന്നെ മറുവശത്ത് ക്വാറി ഉടമകള്‍ക്കും ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനുമെല്ലാം വേണ്ടി കോടതിയില്‍ ഹാജരാവുന്ന എം കെ ദാമോദരന്‍, സര്‍ക്കാര്‍ ചെയ്യുന്ന നല്ലകാര്യങ്ങളുടെ ക്രെഡിറ്റ് ഇല്ലാതാക്കുകയാണെന്നാണ് സിപിഐയുടെ അഭിപ്രായം. അഴിമതിമുക്ത സര്‍ക്കാരിനെയാണ് ജനം പ്രതീക്ഷിക്കുന്നത്. എന്നാല്‍, ഉപദേശകന്റെ നിയമ ഇടപെടലുകള്‍ ഇതിനു തിരിച്ചടിയാവുകയാണ്.
സര്‍ക്കാരിന്റെ ആദ്യനാളുകളില്‍ത്തന്നെ പരസ്യപ്രതികരണവുമായി രംഗത്തുവരേണ്ടതില്ലെന്നാണ് സിപിഐയുടെ നിലപാട്. പകരം ഇന്നു വൈകീട്ടു നടക്കുന്ന എല്‍ഡിഎഫ് യോഗത്തില്‍ നിലപാട് അറിയിക്കാനാണു തീരുമാനം.
കശുവണ്ടി കോര്‍പറേഷനിലെ അഴിമതിക്കേസില്‍ ഐഎന്‍ടിയുസി നേതാവായ പ്രതിക്കു വേണ്ടി എം കെ ദാമോദരന്‍ ഹാജരാവുന്നത് സര്‍ക്കാര്‍ തടയണമായിരുന്നുവെന്നാണ് എഐവൈഎഫ് ചൂണ്ടിക്കാട്ടുന്നത്. അതേസമയം, എം കെ ദാമോദരനെ തല്‍സ്ഥാനത്തുനിന്നു മാറ്റേണ്ട സാഹചര്യമില്ലെന്ന നിലപാടാണ് മുഖ്യമന്ത്രിക്കുള്ളത്. കഴിഞ്ഞദിവസം നിയമസഭയില്‍ മുഖ്യമന്ത്രി ഇതു വ്യക്തമാക്കുകയും ചെയ്തു.
എം കെ ദാമോദരന്റെ നിയമനം പ്രതിഫലമില്ലാത്തതാണെന്നും അദ്ദേഹത്തിന് ഏതുകേസില്‍ വേണമെങ്കിലും ഹാജരാവാന്‍ അവകാശമുണ്ടെന്നുമായിരുന്നു വിശദീകരണം. ഈ സാഹചര്യത്തില്‍ സിപിഐയുടെ പ്രതിഷേധം എല്‍ഡിഎഫ് യോഗത്തില്‍ വിലപ്പോവുമോ എന്നകാര്യം സംശയമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക