|    May 25 Thu, 2017 8:12 pm
FLASH NEWS

എം കെ ദാമോദരനും ബ്രിട്ടാസിനും പ്രിന്‍സിപ്പല്‍ സെക്രട്ടറി റാങ്ക്

Published : 16th July 2016 | Posted By: SMR

brittas

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസിനും നിയമോപദേഷ്ടാവ് എം കെ ദാമോദരനും ഗവ. പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് തുല്യമായ റാങ്കും സ്റ്റാറ്റസും ഉണ്ടായിരിക്കുമെന്ന് പൊതുഭരണവകുപ്പിന്റെ ഉത്തരവ്. എന്നാല്‍, ഇരുവരും സേവനമനുഷ്ഠിക്കുന്നത് പ്രതിഫലം കൂടാതെയാവുമെന്നും ജൂണ്‍ 10നു പുറത്തിറങ്ങിയ ഉത്തരവില്‍ പറയുന്നു.
സോഷ്യല്‍ മീഡിയകളിലൂടെ ഇരുവരുടെയും നിയമനോത്തരവും വിവാദവും പ്രചരിക്കുകയാണ്. റാങ്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടേതായതിനാല്‍ സെക്രട്ടേറിയറ്റില്‍ ഓഫിസും സര്‍ക്കാര്‍ കാറും അതില്‍ നീല ബീക്കണ്‍ ലൈറ്റും ഉപയോഗിക്കാനാവും. ഈ സൗകര്യങ്ങള്‍ വേണോയെന്ന കാര്യത്തില്‍ ഇരുവരുടെയും തീരുമാനം അനുസരിച്ചാവും സര്‍ക്കാര്‍ നിലപാട്. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായ എം കെ ദാമോദരന്‍ വിവാദ കേസുകളില്‍ പ്രതിഭാഗത്തിനു വേണ്ടി ഹാജരാവുന്നത് രാഷ്ട്രീയ ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കെയാണ് അദ്ദേഹത്തിന്റെയും ബ്രിട്ടാസിന്റെയും നിയമനം സംബന്ധിച്ച പൊതുഭരണവകുപ്പിന്റെ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.
സാന്റിയാഗോ മാര്‍ട്ടിനു വേണ്ടിയും കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതിക്കേസില്‍ ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരനു വേണ്ടിയും ഹാജരായ എം കെ ദാമോദരന്‍ ക്വാറി ഉടമകള്‍ക്കു വേണ്ടിയും സര്‍ക്കാരിനെതിരേ ഹാജരായിരുന്നു.
എന്നാല്‍, സര്‍ക്കാര്‍ നിലപാടിനെതിരായ കേസുകളില്‍ ദാമോദരന്‍ കോടതിയില്‍ ഹാജരാവുന്നതിനെ ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ സ്വീകരിച്ചത്.
പ്രതിഫലം വാങ്ങാതെ പ്രവര്‍ത്തിക്കുന്ന ഉപദേഷ്ടാവായതിനാല്‍ കോടതിയില്‍ ഏത് കേസില്‍ ഹാജരാവണമെന്ന് തീരുമാനിക്കേണ്ടത് എം കെ ദാമോദരന്‍ തന്നെയാണെന്നാണ് മുഖ്യമന്ത്രിയുടെ വാദം. എന്നാല്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് തുല്യമായ റാങ്കുള്ള ഒരാള്‍ക്ക് സര്‍ക്കാരിന്റെ കേസ് ഫയലുകള്‍ വിളിച്ചുവരുത്തി പരിശോധിക്കാന്‍ അധികാരമില്ലേ എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. അങ്ങനെയുള്ള വ്യക്തി സര്‍ക്കാരിനെതിരേ കോടതിയില്‍ ഹാജരാവുന്നതില്‍ ധാര്‍മികമായ പ്രശ്‌നമില്ലേ എന്നാണ് സോഷ്യല്‍ മീഡിയകളിലെ ചര്‍ച്ച.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day