|    Dec 11 Tue, 2018 12:48 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

എം ഐ ഷാനവാസ് എംപിക്ക് അന്ത്യാഞ്ജലി

Published : 22nd November 2018 | Posted By: kasim kzm

കൊച്ചി: ഇന്നലെ അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി വര്‍ക്കിങ് പ്രസിഡന്റും വയനാട് ലോക്‌സഭാ മണ്ഡലം എംപിയുമായ എം ഐ ഷാനവാസിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഖബറടക്കം ഇന്നു രാവിലെ 11ന് കലൂര്‍ തോട്ടത്തുംപടി പള്ളി ഖബര്‍സ്ഥാനില്‍ നടക്കും.
ചെന്നൈ ക്രോംപേട്ടിലെ ഡോ. റെയ്‌ല ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സെന്ററില്‍ ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. പാന്‍ക്രിയാസ് ശസ്ത്രക്രിയയെ തുടര്‍ന്ന് ദീര്‍ഘനാളായി ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്ന അദ്ദേഹത്തിന് ഈയിടെ കരള്‍മാറ്റ ശസ്ത്രക്രിയയും നടത്തിയിരുന്നു. വിമാനമാര്‍ഗം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഏറ്റുവാങ്ങി. തുടര്‍ന്ന് നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്‍ റോഡിലെ വസതിയായ നൂര്‍ജഹാന്‍ മന്‍സിലില്‍ എത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എ കെ ആന്റണി, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ തുടങ്ങിയവര്‍ വസതിയിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.
കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ചത്. 1987ലും 1991ലും വടക്കേക്കരയിലും 1996ല്‍ പട്ടാമ്പി നിയമസഭാ തിരഞ്ഞെടുപ്പിലും 1999ലും 2004ലും ചിറയന്‍കീഴ് ലോക്‌സഭാ മണ്ഡലത്തിലും മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായി ആദ്യമായി വിജയിച്ചത്. 2014ലെ തിരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിച്ചു.
പ്രമുഖ അഭിഭാഷകനായിരുന്ന ഇബ്രാഹിംകുട്ടിയുടെയും നൂര്‍ജഹാന്‍ ബീഗത്തിന്റെയും മകനായി 1951 സപ്തംബര്‍ 22ന് കോട്ടയത്താണ് ജനനം. ഭാര്യ: ജുബൈരിയത്ത്. മക്കള്‍: ഹസീബ്, അമീന. മരുമക്കള്‍: എ പി എം മുഹമ്മദ് ഹനീഷ് (മാനേജിങ് ഡയറക്ടര്‍, കെഎംആര്‍എല്‍), തെസ്‌ന.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss