|    Jun 24 Sun, 2018 5:22 am
FLASH NEWS

എം എയ്റ്റി മൂസ പ്ലീസ് സ്റ്റോപ്പ്

Published : 20th July 2016 | Posted By: sdq

വി   മുഹമ്മദ് കോയ

moosakkaതാണ്ടൊരു നൂറ്റാണ്ടു മുമ്പാണ് കുമാരനാശാന്‍ ‘ദുരവസ്ഥ’ എഴുതിയത്. കൃത്യമായി പറഞ്ഞാല്‍ 94 വര്‍ഷം മുമ്പ് (1922 സപ്തംബര്‍ 16). ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു ഈ ഖണ്ഡകാവ്യം. മുസ്‌ലിംകളില്‍ നിന്ന് വമ്പിച്ച എതിര്‍പ്പാണ് ആശാനു നേരിടേണ്ടി വന്നത്. എന്നാല്‍, സത്യത്തില്‍ അദ്ദേഹം നിരപരാധിയായിരുന്നുതാനും. ബ്രിട്ടിഷ് ഇന്ത്യയില്‍ സര്‍ക്കാര്‍ ഇറക്കിയ അറിയിപ്പിന്മേല്‍ പരിമിതമായിരുന്നു മലബാര്‍ കലാപത്തെക്കുറിച്ച് ആശാനുണ്ടായിരുന്ന അറിവ്. ഇതിന്റെ പശ്ചാത്തലത്തില്‍ ‘ദുരവസ്ഥ’ എഴുതിയപ്പോള്‍ മുസ്‌ലിംകളെക്കുറിച്ച് ‘ക്രൂരമുഹമ്മദര്‍’ എന്ന പ്രയോഗം കടന്നുവന്നു. ‘അല്ലാ മതത്തില്‍ പിടിച്ചുചേര്‍ക്കുന്നവരാക്കി’ മുസ്‌ലിംകളെ.  സത്യാവസ്ഥ അറിഞ്ഞപ്പോള്‍ ആശാന്‍, വക്കം അബ്ദുല്‍ഖാദര്‍ മൗലവിയുടെ മുമ്പില്‍ ഖേദപ്രകടനവും നടത്തി. പ്രവാചകനെ പ്രകീര്‍ത്തിച്ചു താന്‍ കവിതയെഴുതുമെന്നും പറഞ്ഞു. എന്നാല്‍, തോന്നയ്ക്കലിലെ ബോട്ടപകടം നമുക്കാ കവിത വായിക്കാനുള്ള ഭാഗ്യം നല്‍കിയില്ല. വിഷയം അതല്ല. ആ കാലഘട്ടത്തിലെ മുസ്‌ലിംകളുടെ നടപ്പുഭാഷയെ അദ്ദേഹം കളിയാക്കുന്നുണ്ട്, ‘ശുദ്ധിയില്ലാത്ത മലയാളഭാഷയില്‍/ ക്രൂദ്ധിച്ചസഭ്യങ്ങള്‍ ചൊല്ലിച്ചൊല്ലി.’ അതു ശരിയായിരുന്നു. കേരളത്തിലെ സകലമാന ജനങ്ങളുടെയും ഭാഷ ശുദ്ധിയില്ലാത്തതു തന്നെയായിരുന്നുവെങ്കിലും മുസ്‌ലിംകളുടേത് കുറച്ചു കൂടെ പുറകോട്ടായിരുന്നുവെന്നുള്ളത് സമ്മതിക്കുന്നു. ഹിന്ദുസമൂഹത്തെക്കുറിച്ച് ഇതേ ‘ദുരവസ്ഥ’യില്‍ തന്നെ ആശാന്‍ എഴുതിയത് ഇങ്ങനെ: അക്ഷരമെന്നതറിവീല/ചാത്തനും യക്ഷിയും പേയുമിവര്‍ക്കു ദൈവം.ആ കാലഘട്ടത്തിലെ രചനകളിലും നാടകങ്ങളിലും സിനിമകളിലുമെല്ലാം മുസ്‌ലിം കഥാപാത്രങ്ങള്‍ ശുദ്ധിയില്ലാത്ത ഭാഷതന്നെ സംസാരിച്ചു. അപരിഷ്‌കൃതരായി മുസ്‌ലിംകളെ മുദ്രകുത്തി. സത്യസന്ധനായ മുസല്‍മാന്‍ എന്ന പേര്‍ പല സിനിമകളിലും നോവലുകളിലുമൊക്കെയുണ്ടെങ്കിലും പൊതുവെ ദുഷ്ടകഥാപാത്രങ്ങള്‍ തന്നെയായിരുന്നു മുസ്‌ലിംകള്‍. m80mooമഹാഭാരതത്തിന്റെ കുട്ടികള്‍ക്കുള്ള ആഖ്യാനം വര്‍ഷങ്ങള്‍ക്കു മുമ്പ് ചേര്‍ക്കില്‍ വി പാറുക്കുട്ടിയമ്മ ചെയ്തിട്ടുണ്ട്. ബകന്‍ എന്ന രാക്ഷസനും ഭീമനും തമ്മില്‍ വനവാസകാലത്ത് ഒരു പോരാട്ടം നടക്കുന്നുണ്ട്. അതില്‍ ബകന്റെ സംസാരശൈലി മലബാറിലെ മുസ്‌ലിംകളുടേതാണ്. ദുഷ്ടകഥാപാത്രം മാപ്പിള മലയാളിയുടെ ഭാഷ സംസാരിച്ചെങ്കിലേ തൃപ്തിയാവുകയുള്ളൂവെന്നു സാരം. എംടിയും ഉറൂബുമൊക്കെ മുസ്‌ലിംകളെ ചിത്രീകരിച്ചത് നിഷ്‌കളങ്കരും സത്യസന്ധരുമായിട്ടാണ്. എന്നാല്‍, മലയാളത്തിലെ ലക്ഷണമൊത്ത ആദ്യനോവലായ ‘ഇന്ദുലേഖ’യില്‍ മാധവനു റെയില്‍വേ സ്‌റ്റേഷനില്‍ ഉണ്ടായ തട്ടിപ്പുനാടകത്തിലെ വില്ലന്‍ കഥാപാത്രം മുസ്‌ലിമാണ്- ഷിയര്‍ ആലിഖാന്‍. ഈ പുസ്തകത്തില്‍ ഒരു മുസ്‌ലിം കഥാപാത്രം മാത്രമേയുള്ളൂവെന്നതും അത് ദുഷ്ടകഥാപാത്രമായിരിക്കുകയെന്നതും വിചിത്രമായിരിക്കുന്നു. തോപ്പില്‍ ഭാസിയുടെ പ്രസിദ്ധ നാടകമായിരുന്നു ‘ശരശയ്യ’. ഇതേപേരില്‍ സിനിമയുമായിട്ടുണ്ട്. നാടകത്തില്‍ ഒരു ഡോക്ടറുണ്ട്. ഉസ്മാനെന്നായിരുന്നു ഡോക്ടറുടെ പേര്. സിനിമയായി വന്നപ്പോള്‍ ഉസ്മാന്റെ പേരിനു പകരം തോമസ് എന്നാക്കി മാറ്റി. മധുവാണ് സിനിമയില്‍ ഈ ഭാഗമെടുത്ത് അഭിനയിച്ചത്. എന്തേ, ഒരു മുസ്‌ലിം ഡോക്ടറായാല്‍ പറ്റുകില്ലേയെന്ന് ഒരാള്‍ ചോദിച്ചുപോയാല്‍ അധികപ്രസംഗമാവുമോ? എന്തുകൊണ്ടായിരുന്നു ഒരു മുസ്‌ലിമിന്റെ പേര് ഡോക്ടറായി വരുന്നതിലെ ഔചിത്യമില്ലായ്മ?ഇതെല്ലാം പഴയ കഥയെന്നല്ലേ നാം ചിന്തിക്കുക. ‘ശുദ്ധമലയാളം സംസാരിക്കുന്ന മുഅ്മീനിങ്ങളില്‍ ഞങ്ങളെ പെടുത്തല്ലേ’യെന്നു ദുആ ചെയ്യുകയും അതിന് ‘ആമീന്‍’ പറയുകയും ചെയ്യുന്ന പഴയ പാതിരാ ‘വയള്’ പരമ്പരകള്‍ അന്യംനിന്നുപോയെന്നു നമ്മള്‍ കരുതിയെങ്കില്‍ തെറ്റിയിരിക്കുന്നു. മുസ്‌ലിംകളുടെ ഭാഷയെയും സംസ്‌കാരത്തെയും കളിയാക്കാന്‍ നമുക്കൊരു ചാനല്‍ പരമ്പരയുണ്ട്. മീഡിയാ വണ്‍ ആഴ്ചതോറും സംപ്രേഷണം ചെയ്യുന്ന ‘എം എയ്റ്റി മൂസ’ എന്ന പരമ്പര വര്‍ഷങ്ങളായി മുസ്‌ലിം ജനസാമാന്യം ഒരിഞ്ചുപോലും മുമ്പോട്ടു കയറിയിട്ടില്ലായെന്നു പ്രേക്ഷകരോടു പറയുന്നു. അവരുടെ വീടുകളിലൊക്കെ ഉപയോഗിക്കുന്ന ഭാഷയും ഹാവഭാവങ്ങള്‍ പോലും കളിയാക്കേണ്ടതാണെന്നു നമ്മെ ബോധ്യപ്പെടുത്തുന്നു. ഇവരറിഞ്ഞിട്ടില്ലായിരിക്കും ഇന്ത്യയില്‍ (സംസ്ഥാനത്തെയല്ല) മുസ്‌ലിംപെണ്‍കുട്ടികളാണ് ഇതരമതവിഭാഗത്തിലെ പെണ്‍കുട്ടികളേക്കാള്‍ വിദ്യാഭ്യാസത്തില്‍ മുമ്പിലെന്ന്. നവോത്ഥാനത്തിന്റെ കാറ്റ് വീശുന്നതറിയണമെങ്കില്‍ ഏതെങ്കിലുമൊരു മെഡിക്കല്‍ കോളജിന്റെ പടിവാതില്‍ക്കല്‍ പോയി നില്‍ക്കൂ. ഇറങ്ങിവരുന്ന വിദ്യാര്‍ഥിനികളെ കണ്ടാല്‍ മെഡിക്കല്‍ കോളജോ അറബിക്കോളജോ എന്ന് അന്തംവിടും നമ്മള്‍. പണ്ടു പഴയ മലയാള സിനിമയില്‍ മുസ്‌ലിംകളുടെ ‘പഴക്കംപറച്ചില്‍’ അനുകരിക്കാനായി പരിയാനംപറ്റ എന്നൊരു നടനുണ്ടായിരുന്നു. m80 musaഇന്നതിന്റെ ആവശ്യമില്ല. മുസ്‌ലിം വേഷമഭിനയിക്കാന്‍ വേണ്ടി പച്ചക്കരയുള്ള വീതിബെല്‍റ്റും കൈത്തണ്ടയിലെ ചരടും അലുക്കത്തും കാച്ചിത്തുണിയുമൊക്കെ തിരഞ്ഞു പോവുന്നവരെയും കാണാന്‍ പ്രയാസം. സാധാരണ മുസ്‌ലിം വീടുകളില്‍ നടക്കുന്ന സംഗതികള്‍ ചിത്രീകരിക്കുമ്പോള്‍ അച്ചടിഭാഷ വേണമോയെന്നു മറുചോദ്യമുണ്ടാവാം. വേണ്ട, പക്ഷേ, പഴക്കംപറച്ചില്‍ വേണ്ട. ഒരു മുസ്‌ലിം കുടുംബത്തിലെ കഥകള്‍ പറയുന്നേടത്ത് നല്ല ഭാഷതന്നെ മതിയെന്ന് ഇവരെ ബോധ്യപ്പെടുത്താന്‍ സിനിമാരംഗത്തെ ബാലചന്ദ്രമേനോന്‍ ധാരാളം മതിയാവും. അദ്ദേഹത്തിന്റെ ‘സമാന്തരങ്ങള്‍’ എന്ന സിനിമ ഒരു മുസ്‌ലിം കഥയാണ്. സാധാരണ ഹിന്ദു കുടുംബത്തിന്റെ കഥ പറയുമ്പോള്‍ ഉപയോഗിക്കുന്ന ഭാഷ തന്നെയാണ് ഇതിലും ഉപയോഗിച്ചത്. എവിടെയുമില്ല ഒരു കല്ലുകടി. പുതിയ കാലത്ത് നമ്പൂതിരി കുടുംബത്തിന്റെ കഥ പറയുമ്പോള്‍ മറക്കുട വേണമെന്നാരെങ്കിലും കരുതുന്നുവെങ്കില്‍ അത്രയേയുള്ളൂ, മുസ്‌ലിം കഥയില്‍ മോശപ്പെട്ട ഭാഷയും. കാലം മാറിയിരിക്കുന്നു സുഹൃത്തുക്കളെ. മുസ്‌ലിം മനസ്സുകളെ വ്രണപ്പെടുത്തുന്ന എം എയ്റ്റി മൂസ എന്ന ഈ സീരിയല്‍, പ്ലീസ് സ്റ്റോപ്പ്. 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss