|    Jun 20 Wed, 2018 8:53 pm
FLASH NEWS

എം എന്‍ വിജയന്‍ അനുസ്മരണം ഫാഷിസത്തിനെതിരായ പൊതുവേദിയായി

Published : 5th October 2017 | Posted By: fsq

 

കോഴിക്കോട്: സംഘപരിവാര അജണ്ടകള്‍ക്കെതിരേ ദാര്‍ശനിക- പ്രായോഗിക പ്രതിരോധത്തിന്റെ അനിവാര്യതകള്‍ ചര്‍ച്ച ചെയ്്ത്്് എം എന്‍ വിജയന്‍ അനുസ്മരണ സമ്മേളനം. വിജയന്‍ മാഷിന്റെ പത്താം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണ സമതി സംഘടിപ്പിച്ച പരിപാടികളാണ് സംഘപരിവാര്‍ ഫാഷിസത്തിനെതിരായ പൊതുവേദിയായി മാറിയത്. മാനാഞ്ചിറ പരിസരത്ത് ഉച്ചയ്ക്ക് ആരംഭിച്ച പരിപാടിയില്‍ ഫാഷിസ്റ്റ് വിരുദ്ധ തെരുവരങ്ങ്്്, വരയുടെ പ്രതിരോധം, പ്രതിരോധത്തിന്റെ പാട്ടുകള്‍, ഏകപാത്ര നാടകം, പ്രഭാഷണങ്ങള്‍ എന്നിവ നടന്നു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്ന സെമിനാറില്‍ ദേശീയതയുടെ ഹിംസാത്മക ആവിഷ്‌കാരങ്ങള്‍ എന്ന വിഷയത്തില്‍ പ്രഫ. എം വി നാരായണന്‍ സംസാരിച്ചു. ഏകശിലാത്മകമായ സവര്‍ണ സാംസ്‌കാരിക ദേശീയത അടിച്ചേല്‍പ്പിക്കാനുള്ള സംഘപരിവാര്‍ ശ്രമം ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് ഇടയാക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാഷ്ട്രീയ ഗൂഢോദ്ദേശത്തോടെ പൗരന്‍മാര്‍ക്കിടയില്‍ അപരരേയും ദേശവിരുദ്ധരേയും സൃഷ്ടിച്ചെടുക്കുന്നത് ജനാധിപത്യത്തിന്റെ അപായസൂചനയാണ്. പലസംസ്‌കാരങ്ങളും ഭാഷയും നിലനിന്നിരുന്ന ഒരു രാജ്യത്ത് ഏകശിലാത്മകമായ ദേശീയത അടിച്ചേല്‍പ്പിക്കാനാവില്ല. ജനാധിപത്യ വ്യവസ്ഥയില്‍ പാരമ്പര്യത്തിന്റെ ഭരണത്തുടര്‍ച്ച സാധ്യമല്ല. ഇവിടെ ഭരണഘടനാപരമായ ചുമതലകളാണ് പുലരേണ്ടത്്. എന്നാല്‍, ഹൈന്ദവ പാരമ്പര്യത്തിന്റെ ഭരണത്തുടര്‍ച്ചയാണ് സംഘപരിവാര്‍ ലക്ഷ്യം വയ് ക്കുന്നത്. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും എം വി നാരായണന്‍ പറഞ്ഞു. തുടര്‍ന്ന്്് ഫാഷിസ്റ്റ്് വിമര്‍ശത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയം എന്ന വിഷയത്തില്‍ പി എന്‍ ഗോപീകൃഷ്ണന്‍ സംസാരിച്ചു. രാജ്യത്ത  ജനാധിപത്യത്തിന്റെ എല്ലാ നിലയിലുമുള്ള സ്വഛമായ ഒഴുക്ക്് തടയപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക ശരീരത്തെ ബാധിച്ചുകൊണ്ടിരിക്കുന്ന രോഗങ്ങളെ കണ്ടെത്താനും ചികില്‍സിക്കാനും കഴിഞ്ഞ നല്ല ഭിഷഗ്വരനായിരുന്നു പ്രഫ.എം എന്‍ വിജയനെന്ന്് അനുസ്മരണ പ്രഭാഷണത്തില്‍ പ്രഫ.എന്‍ സുഗതന്‍ പറഞ്ഞു. യോഗത്തില്‍ പി എ ജി അജയന്‍ അധ്യക്ഷനായിരുന്നു. കെ സി ഉമേഷ്ബാബു, എന്‍ വി ബാലകൃഷ്ണന്‍, ഡോ.ആസാദ്, കെ എന്‍ അജോയ് കുമാര്‍, എന്‍ സ്മിത സംബന്ധിച്ചു.അനുസ്മരണത്തോടനുബന്ധിച്ച്്് മാനാഞ്ചിറ എസ് കെ പൊറ്റക്കാട് പ്രതിമയ്ക്ക് സമീപം നടന്ന ഫാസിസ്റ്റ് വിരുദ്ധ തെരുവരങ്ങ് ചിത്രകാരി കബിത മുഖോപാധ്യായ ഉദ്ഘാടനം ചെയ്തു. പി സി രാജേഷ് അധ്യക്ഷത വഹിച്ചു. ഫാഷിസത്തിനെതിരെ നാടക പ്രവര്‍ത്തകന്‍ മഹേഷ് ചെക്കോട്ടി ഏകപാത്ര നാടകം അവതരിപ്പിച്ചു. മജ്‌നി തിരുവങ്ങൂര്‍, അഭിലാഷ് തിരുവോത്ത്, നദി, പൂജ പാര്‍വതി, താജ് ബക്കര്‍, സംഗീത് ബാലചന്ദ്രന്‍, സ്മിത നെരവത്ത് എന്നിവര്‍ ‘വരയുടെ പ്രതിരോധ‘ത്തില്‍ പങ്കെടുത്തു. കബനി, അജീഷ് മുചുകുന്ന്, വീണ ശ്രീധര്‍ പള്ളിക്കര, അജുല്‍ കൃഷ്ണ, സനല്‍ വടകര, ലിജീഷ് കുമാര്‍, ശ്രീജിഷ് ചെമ്മര എന്നിവര്‍ കവിതകളും പാട്ടും അവതരപ്പിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss