|    Jun 24 Sat, 2017 3:45 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

എം എം മണി വൈദ്യുതി മന്ത്രിയാവും

Published : 21st November 2016 | Posted By: SMR

തിരുവനന്തപുരം: ഉടുമ്പന്‍ചോല എംഎല്‍എയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എം എം മണി മന്ത്രിസഭയിലേക്ക്. ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് ഇ പി ജയരാജന്‍ രാജിവച്ച ഒഴിവിലാണ് മണിയുടെ മന്ത്രിസഭാ പ്രവേശനം. നിലവില്‍ കടകംപള്ളി സുരേന്ദ്രന്‍ വഹിക്കുന്ന വൈദ്യുതി വകുപ്പാവും അദ്ദേഹത്തിന് ലഭിക്കുക. നാളെ വൈകീട്ട് 4.30ന് രാജ്ഭവനില്‍ സത്യപ്രതിജ്ഞ നടക്കും.
ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗമാണ് എം എം മണിയെ മന്ത്രിയാക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. മണി മന്ത്രിസഭയിലെത്തുന്നതോടെ ജയരാജന്‍ വഹിച്ചതടക്കം മറ്റു ചില വകുപ്പുകളില്‍ പുനക്രമീകരണം നടത്താനും സംസ്ഥാന സമിതി തീരുമാനിച്ചു. ഇതനുസരിച്ച് ഇ പി ജയരാജന്‍ കൈകാര്യം ചെയ്തിരുന്ന വ്യവസായം, കായികം, യുവജനകാര്യ വകുപ്പുകള്‍ എ സി മൊയ്തീന് നല്‍കും. ഇദ്ദേഹം കൈകാര്യം ചെയ്തിരുന്ന സഹകരണം, ടൂറിസം വകുപ്പുകളുടെ ചുമതല ഇനി കടകംപള്ളി സുരേന്ദ്രനായിരിക്കും. അതേസമയം, ദേവസ്വം വകുപ്പ് കടകംപള്ളി സുരേന്ദ്രന്‍ തുടര്‍ന്നും വഹിക്കും. ഇ പി ജയരാജന്‍ വഹിച്ചിരുന്ന വകുപ്പുകള്‍ മുഖ്യമന്ത്രിയായിരുന്നു നിലവില്‍ കൈകാര്യം ചെയ്തിരുന്നത്. മണിയെ മന്ത്രിസഭയിലെടുക്കാനുള്ള തീരുമാനം സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് പ്രഖ്യാപിച്ചത്.
മന്ത്രിസഭയില്‍ സിപിഎമ്മിന് ഉണ്ടാവേണ്ടത് 12 മന്ത്രിമാരാണ്. പുതിയ മന്ത്രിയുടെ വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മുഖ്യമന്ത്രിയാണ് തീരുമാനിക്കേണ്ടത്. സത്യപ്രതിജ്ഞയുടെ കാര്യവും മുഖ്യമന്ത്രി ഗവര്‍ണറുമായി ആലോചിച്ച് തീരുമാനിക്കും. ഇക്കാര്യത്തില്‍ പാര്‍ട്ടി നിര്‍ദേശം കൊടുക്കുന്നത് ഭരണഘടനാവിരുദ്ധമാണ്. മുഖ്യമന്ത്രിക്കു മാത്രമാണ് ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള പൂര്‍ണ അധികാരമെന്നും കോടിയേരി വ്യക്തമാക്കി.
2016 മെയ് 25ന് ചുമതലയേറ്റ മന്ത്രിസഭയുടെ ആദ്യ പുനസ്സംഘടനയാണിത്. ഇ പി ജയരാജന്‍ മന്ത്രിസഭയിലേക്ക് തിരിച്ചുവരാനുള്ള സാഹചര്യമില്ലെന്നു വിലയിരുത്തിയാണ് പുതിയ അംഗത്തെ മന്ത്രിസഭയിലെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി സിപിഎം സംസ്ഥാന സമിതി യോഗം നടക്കുന്നതിനിടെ ഇന്നലെ രാവിലെ അടിയന്തര സിപിഎം സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നു. യോഗത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് മണിയുടെ പേര് നിര്‍ദേശിച്ചത്. തുടര്‍ന്ന് ചേര്‍ന്ന സംസ്ഥാന സമിതി മണിയെ മന്ത്രിയാക്കാനുള്ള നിര്‍ദേശം അംഗീകരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക