|    Aug 21 Mon, 2017 9:14 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

എം എം മണി ആറാട്ടുമുണ്ടനെന്ന് സിപിഐ മുഖപത്രം

Published : 9th November 2016 | Posted By: SMR

തിരുവനന്തപുരം: നിയമസഭാംഗവും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എം എം മണിയെ പരിഹസിച്ചും വിമര്‍ശിച്ചും സിപിഐ മുഖപത്രം. ‘ഇടതുമുന്നണിക്ക് വേണമോ ഈ ആറാട്ടുമുണ്ടന്മാരെ എന്ന പേരില്‍ ജനയുഗം എഡിറ്റ് പേജിലെ പംക്തിയിലാണ് സിപിഐ മന്ത്രിമാരെ കരിതേച്ചുകാണിക്കാന്‍ ശ്രമിച്ച മണി രാജാവിന് ദൃഷ്ടിദോഷം കിട്ടാതിരിക്കാന്‍ കൂടെക്കൂട്ടിയിരുന്ന ആറാട്ടുമുണ്ടന് സമാനമാണെന്ന് പരിഹസിക്കുന്നത്.
സിപിഐ മന്ത്രിമാരായ ഇ ചന്ദ്രശേഖരനെയും വി എസ് സുനില്‍കുമാറിനെയും കരിതേച്ചുകാട്ടാനുള്ള മണിയുടെ ശ്രമം പിണറായി സര്‍ക്കാരിനെ നെഞ്ചിലേറ്റുന്ന ജനങ്ങളെ ഞെട്ടിച്ചുവെന്ന് ലേഖനത്തില്‍ പറയുന്നു. മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്റെ നടപടികളില്‍ മണി അരിശം കൊള്ളുകയും ഭൂമാഫിയയുടെ തലതൊട്ടപ്പനായ ഉമ്മന്‍ചാണ്ടിയെ വാനോളം പുകഴ്ത്തുകയും ചെയ്തു. കാര്‍ഷികമേഖലയുടെ പുനരുജ്ജീവനത്തിനായി രംഗത്തിറങ്ങിയ മന്ത്രി സുനില്‍കുമാറിനെ ഭൂമാഫിയയുടെ വായ്ത്താരിയോടെയാണ് മണി നേരിട്ടത്.
പണ്ട് കൊല നടത്തിയെന്ന് പരസ്യമായി വീമ്പിളക്കി വറചട്ടിയില്‍ കിടന്ന് പൊരിഞ്ഞിട്ടും മണി പാഠം പഠിച്ചില്ലെന്നും ജനയുഗം ലേഖനത്തില്‍ വിമര്‍ശിക്കുന്നു. ഇടുക്കിയിലെ കര്‍ഷക സംഘത്തിന്റെ സമ്മേളനത്തിലാണ് എം എം മണി സിപിഐ മന്ത്രിമാരെ മണ്ടന്‍മാരെന്ന് വിളിച്ച് ആക്ഷേപിച്ചത്. ഇതിന് സിപിഐ ജില്ലാ സെക്രട്ടറി മറുപടിയും നല്‍കിയിരുന്നു. പിന്നീട് മണിയുടെ പ്രസ്താവനയ്‌ക്കെതിരേ കാനം രാജേന്ദ്രന്‍ തന്നെ രംഗത്തെത്തി.
തുടര്‍ന്ന് മണി, താന്‍ സിപിഐ മന്ത്രിമാരെ ആക്ഷേപിച്ചിട്ടില്ലെന്നും പ്രസ്താവന എങ്ങിനെ വന്നെന്ന് അറിയില്ലെന്നും പറഞ്ഞ് വിവാദത്തില്‍ നിന്ന് തടിയൂരിയിരുന്നു. ഇതിനു പിന്നാലെയാണ് സിപിഐ മുഖപത്രം മണിയെ പരിഹസിച്ച് ലേഖനമെഴുതിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക