|    Sep 23 Sun, 2018 5:58 am
FLASH NEWS

എം ആര്‍എഫ് കേന്ദ്രം മാറ്റണംപൗരസമിതിയുടെ സത്യഗ്രഹ സമരം ആറാംദിവസത്തിലേക്ക്

Published : 6th February 2018 | Posted By: kasim kzm

വടകര: നഗരസഭ ജെടി റോഡില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റീസ് സെന്റര്‍(എംആര്‍എഫ്)നെതിരെ പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സമര പരിപാടികള്‍ ശക്തമാകുന്നു. ജെടി റോഡില്‍ റെയില്‍വേ ലൈനിനോട് ചേര്‍ന്നുള്ള സമര പന്തലില്‍ ആരംഭിച്ച സത്യാഗ്രഹ സമരം ആറാം ദിവസത്തിലേക്ക് കടന്നിരിക്കുയാണ്. വിവിധ രാഷ്ട്രീയസാമൂഹ്യസാംസ്‌കാരിക സംഘടനകള്‍ സമരത്തിന് പിന്തുണയുമായി മുന്നോട്ടു വന്നിട്ടുണ്ട്. നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളില്‍ നിന്നുമുള്ള അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്ന കേന്ദ്രത്തിനെതിരെയാണ് സമരം. എന്തു വിലകൊടുത്തും എംആര്‍എഫ് കേന്ദ്രം ജെടി റോഡില്‍ തന്നെ സ്ഥാപിക്കുമെന്ന് നഗരസഭ ഭരണകൂടം തീരമാനമെടുത്തതോടെയാണ് നാട്ടുകാര്‍ സത്യഗ്രഹ സമരത്തിന് തുടക്കമിട്ടത്. കേന്ദ്രത്തിന്റെ പ്രവൃത്തി ആരംഭിച്ച ദിവസം തന്നെ ഇവിടേക്ക് മാര്‍ച്ച് നടത്തിയ പൗരസമിതിയുടെ പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് അനിശ്ചിതകാല സത്യഹ്രത്തിന് പൗരസമിതി തീരുമാനിച്ചത്.വടകര നഗരസഭ മാലിന്യം തള്ളാനായി വിലകൊടുത്തു വാങ്ങിയ സ്ഥലം നിലവിലുണ്ടായിരിക്കെ എന്തിനാണ് നഗര മധ്യത്തില്‍ മാലിന്യ സംഭരണ കേന്ദ്രം ആരംഭിക്കുന്നതെന്നാണ് പ്രദേശവാസികള്‍ ചോദിക്കുന്നത്. അറവുശാലയില്‍ നിന്നുള്‍പ്പെടെയുള്ള മാലിന്യ പ്രശ്‌നത്തിന്റെ രൂക്ഷത അനുഭവിക്കുന്ന പ്രദേശമാണ് ജെടി റോഡ്. ഈ സ്ഥലത്ത് തന്നെ നഗരത്തിലെ മുഴുവന്‍ മാലിന്യവും കൊണ്ടു തള്ളുന്നതിന് എന്തിനാണ് വാശിയെന്നും പ്രദേശവാസികളും സമരക്കാരും ചോദിക്കുന്നു. അതേസമയം കഴുകി വൃത്തിയാക്കിയ പ്ലാസ്റ്റിക്കും മറ്റ് അജൈവ മാലിന്യങ്ങളുമാണ് ജെടി റോഡില്‍ സ്ഥാപിക്കുന്ന കേന്ദ്രത്തില്‍ സംഭരിക്കുക എന്നാണ് ചെയര്‍മാന്‍ ഉള്‍പ്പെടെ നഗരസഭ അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ വാഗ്ദാനം നല്‍കി വഞ്ചിക്കുകയാണ് നഗരസഭ ചെയര്‍മാന്റെ ഉദ്ദേശമെന്ന്് സമര രംഗത്തുള്ളവര്‍ പറയുന്നു. ഫെബ്രുവരി ഒന്നാം തിയ്യതി ആരംഭിച്ച സത്യഗ്രഹ സമരത്തിന് മുസ്്‌ലിംലീഗ്, കോണ്‍ഗ്രസ്, എസ്ഡിപിഐ, ഐഎന്‍എല്‍, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണ നല്‍കിയിട്ടുണ്ട്. യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ് തുടങ്ങിയ യുവജന സംഘടനകളും പിന്തുണയുമായി രംഗത്തുണ്ട്. സത്യാഗ്രഹത്തിന് ഐക്യാദാര്‍ഢ്യവുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, കുടുംബങ്ങള്‍ പ്രകടനങ്ങള്‍ നടത്തി. ജെടി റോഡില്‍ മാലിന്യ സംഭരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരേ റിലേ സത്യഗ്രഹം നടത്തുന്ന ജെടി റോഡ് പൗരസമിതി പ്രവര്‍ത്തകര്‍ക്ക് ഐഎന്‍ടിയുസി വടകര  മണ്ഡലം കമ്മിറ്റിയുടെ പിന്തുണ പ്രഖ്യാപിച്ചു. മാലിന്യ സംഭരണ കേന്ദ്രം ജെടി റോഡില്‍ നിന്നും മാറ്റണമെന്ന് ഐഎന്‍ടിയുസി ആവശ്യപ്പെട്ടു. പിഎം വേലായുധന്‍ അധ്യക്ഷത വഹിച്ചു.  ഇന്നലെ വെല്‍ഫെയര്‍ പാര്‍ട്ടി ഐക്യദാര്‍ഢ്യ പ്രകടനം നടത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss