|    Mar 21 Wed, 2018 10:35 am

എംസി റോഡ് വികസനം; ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നു

Published : 13th July 2016 | Posted By: SMR

ചങ്ങനാശ്ശേരി: കെഎസ്ടിപിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ചെങ്ങന്നൂര്‍-ഏറ്റുമാനൂര്‍ എംസി റോഡ് രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. എന്നാല്‍ മഴ ശക്തമായതിനെ തുടര്‍ന്ന് മിക്കയിടങ്ങളിലും ഗാതാതക്കുരുക്കും രൂക്ഷമായി.
2014 സപ്തംബര്‍ 14ന് ചെങ്ങന്നൂരിലായിരുന്നു ഇതിന്റെ നിര്‍മാണോദ്ഘാടനം. 293.58 കോടി രൂപ ചെലവില്‍ 47 കിലോ മീറ്റര്‍ ദൈര്‍ഘ്യം വരുന്ന റോഡിന്റെ നിര്‍മാണം 18 മാസം കൊണ്ട് തീര്‍ക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ നിരന്തരമുണ്ടായ മഴയും മണ്ണ് കിട്ടാന്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടതും കാരണം പണികള്‍ നീണ്ടുപോയി.
എന്നാല്‍ ഏഴു കിലോമീറ്റര്‍ ദൂരം വരുന്ന ചങ്ങനാശ്ശേരി തിരുവല്ലാ റോഡിന്റെ പണികള്‍ ദ്രുതഗതിയില്‍ നടന്നുവരികയാണിപ്പോള്‍. അതിന്റെ ഭാഗമായി ളായിക്കാടു മുതല്‍ പെരുന്ന വരെയുള്ള ഭാഗത്തെ റോഡിന്റെ പണികള്‍ ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. പെരുന്നയിലെ കലുങ്കിന്റെ പണികള്‍ക്കു തുടക്കവുമായി. ഏറെ വിമര്‍ശനത്തിനു വിധേയമായ പന്നിക്കുഴി പാലത്തിന്റെ പണികളും പൂര്‍ത്തിയാക്കി ഇപ്പോള്‍ ഗതാഗതത്തിനു തുറന്നുകൊടുക്കുകയും ചെയ്തു. പന്നിക്കുഴി പാലം മുതല്‍ പെരുന്തുരുത്തി വരെയുള്ള ഭാഗങ്ങളിലെ നിര്‍മാണമാണ് ഇപ്പോള്‍ നടന്നുവരുന്നത്.
കൂടാതെ റെഡിമെയ്ഡ് ഓടകളും സ്ഥാപിക്കുന്നുണ്ട് . പന്നിക്കുഴി പാലത്തിനു സമീപം പുതിയ റോഡില്‍ ഇട്ടിരുന്ന മണ്ണ് നീക്കംചെയ്തശേഷം ഇപ്പോള്‍ വലിയ ഘനത്തില്‍ മെറ്റലുകള്‍ പാകിക്കൊണ്ടിരിക്കുകയാണ്. താഴെ വെള്ളക്കെട്ടുള്ളതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. ഇരു വശങ്ങളിലും സംരക്ഷണ ഭിത്തികള്‍ കെട്ടി വരുന്നതോടെ റോഡിനിരുവശങ്ങളിലെ കെട്ടിടങ്ങളില്‍ മിക്ക കെട്ടിടങ്ങളും പുതിയ റോഡിനേക്കാള്‍ വളരെ താഴെയായിട്ടുണ്ട്.
ളായിക്കാട് ഭാഗത്ത് റോഡിനോട് ചേര്‍ന്നുള്ള കെട്ടിടങ്ങളുടെ പകുതിയോളം ഉയരത്തിലാണ് പുതിയ റോഡ് ഉയര്‍ത്തിയിട്ടുള്ളത്. തിരുവല്ലാ മുതല്‍ ചങ്ങനാശ്ശേരി പെരുന്ന വരെയുള്ള പണികള്‍ പൂര്‍ത്തിയാകുന്നതോടെയാകും നഗരത്തിലെ പണികള്‍ ആരംഭിക്കുക.അതോടെ നഗരം ഏറെ ഗതാഗതക്കുരുക്കിലാവുമെന്നാണ് കരുതുന്നത്. എന്നാല്‍ പണികള്‍ ആരംഭിക്കുന്നതിനു മുമ്പായി തന്നെ ഗതാഗതക്കരുക്കിനു പരിഹാരം കാണാനുള്ള ശ്രമവും നഗരസഭ ആരംഭിച്ചിട്ടുണ്ട്.
ബൈപാസും നഗരത്തിലെ ചെറിയ വഴികളും പരമാവധി ഉപയോഗിക്കാനാണ് നീക്കം.എന്നാല്‍ ഏതാനും ദിവസമായി മഴ കനത്തതോടെ എംസി റോഡില്‍ വീണ്ടും ഗതാഗതക്കുരുക്കും ശക്തമായി. പന്നിക്കുഴി പാലത്തിനും പെരുന്തുരുത്തിക്കും ഇടയിലാണ് ഏറെ തിരക്ക് അനുഭവപ്പടുന്നത്. ചിലസമയങ്ങളില്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്.
റോഡ് വികസനത്തിന്റെ ഭാഗമായുള്ള പണികള്‍ നടക്കുന്നതാണ് അതിനു കാരണം. ഇരട്ടവരി ഗതാഗതത്തിന് അനുയോജ്യമായ നിലയില്‍ ഏഴുമീറ്റര്‍ കാര്യേജ് വേയും ഇരുവശങ്ങളിലും 1.5 മീറ്റര്‍ സീല്‍ഡ് ഷോള്‍ഡറും ഉള്‍പ്പെടെ 10 മീറ്റര്‍ വീതിയിലാണ് നിര്‍മാണം നടന്നുവരുന്നത്.
ഇരുവശങ്ങളിലും സംരക്ഷണ ഭിത്തി, കോണ്‍ക്രീറ്റ് ഓടകള്‍ എന്നിവയും സ്ഥാപിച്ചുവരുന്നു. ചെങ്ങന്നൂര്‍-ഏറ്റുമാനൂര്‍ റൂട്ടിലെ എട്ടുപാലങ്ങളില്‍ പലതും പുനര്‍നിര്‍മിച്ചു കഴിഞ്ഞു. മൂന്നു ചെറിയ പാലങ്ങളുടെ വീതികൂട്ടുന്ന ജോലികളും പൂര്‍ത്തിയായി.
കല്ലിശ്ശേരി (ഇറപ്പുഴ), തൊണ്ടറ, ഇല്ലിമല, ആറാട്ടുകടവ്, പന്നിക്കുഴി, മണിപ്പുഴ, നീലിമംഗലം എന്നിവിടങ്ങളിലെ പുതിയ പാലങ്ങളുടെ നിര്‍മാണവും പുരോഗമിക്കുന്നു. റോഡില്‍ ആകെയുള്ള 94 കലുങ്കുകളില്‍ ഒമ്പതെണ്ണം പുതുതായി നിര്‍മിക്കുകയും 59 എണ്ണം പുതുക്കിപ്പണിയുകയും ചെയ്യുന്നു. എട്ടെണ്ണത്തിന്റെ വീതികൂട്ടും. റോഡ് സുരക്ഷയ്ക്ക് ആവശ്യമായ സൂചനാ ബോര്‍ഡുകളും സ്ഥാപിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss