|    Oct 24 Wed, 2018 2:22 am
FLASH NEWS

എംസി റോഡില്‍ ഏനാത്ത് പാലത്തിന്റെ കോണ്‍ക്രീറ്റുകള്‍ ഇടിഞ്ഞുമാറി

Published : 11th January 2017 | Posted By: fsq

 

കൊട്ടാരക്കര: എം സി റോഡില്‍ കല്ലടയാറിനു കുറുകെയുള്ള ഏനാത്തു പാലത്തിന്റെ തൂണുകളിലൊന്നിലെ കോണ്‍ക്രീറ്റുകള്‍ ഇടിഞ്ഞു മാറി. നടപ്പാതയും കൈവരികളും പുറത്തേക്ക് തള്ളി. പാലത്തിന്റെ ഇരുവശത്തെ സ്ലാബുകള്‍ തമ്മില്‍ അരയടി അകല്‍ച്ച ഉണ്ടായാതായാണ് സൂചന. പാലത്തിന്റെ മധ്യഭാഗത്തു കിഴക്കു വശത്തുള്ള തൂണാണ് അപകടാവസ്ഥയിലായത്.സംഭവത്തെ തുടര്‍ന്ന് എംസിറോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതുമൂലം ഒരുവശത്തേക്ക് മാത്രമേ വാഹനങ്ങള്‍ കടത്തിവിടുന്നുള്ളു. വാഹനങ്ങളൂടെ നീണ്ടനിര കിലോമീറ്ററുകള്‍ പിന്നിട്ടു.പാലത്തിന്റെ മധ്യഭാഗത്തു കിഴക്കു വശത്തുള്ള തൂണാണ് അപകടാവസ്ഥയിലായത്. ഇന്നലെ വൈകീട്ട് ആറോടെ വന്‍ശബ്ദത്തിലാണ് തൂണിലെ കോണ്‍ക്രീറ്റുകള്‍ ഇടിഞ്ഞു മാറിയത്്. ശബ്ദം കേട്ടതോടെ ഓടിയെത്തിയ നാട്ടുകാരും യാത്രക്കാരും റോഡിലൂടെയുള്ള ഗതാഗതം നിര്‍ത്തിവെച്ചു. അടൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ അതുവഴി കടന്നു പോവുകയായിരുന്ന കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ അവിടെ ഇറങ്ങുകയും സ്ഥിതിഗതികള്‍ പരിശോധിക്കുകയും ചെയ്തു. കലക്ടറേയും പോലിസിനേയും മന്ത്രി നേരിട്ട് വിവരമറിക്കുകയായിരുന്നു. എംഎല്‍എമാരായ ചിറ്റയം ഗോപകുമാര്‍,അയിഷപോറ്റി,കുളക്കട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജി സരസ്വതി,വൈസ്പ്രസിഡന്റ് ആര്‍ രാജേഷ്,ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ് രഞ്ജിത്കുമാറും സംഭവം അറിഞ്ഞപ്പോള്‍ തന്നെ  സ്ഥലത്തെത്തി. അമിത ‘ഭാരവുമായി എത്തിയ ലോറി കടന്നു പോയതോടെയാണ് ശബ്ദം കേട്ടതെന്നു നാട്ടുകാര്‍ പറയുന്നു. അര മണിക്കൂറോളം തടസ്സപ്പെട്ട ഗതാഗതം വിദഗ്ദ്ധര്‍ എത്തി പ്രാഥമിക പരിശോധന നടത്തിയതിനു ശേഷം ചെറിയ വാഹനങ്ങള്‍ കടത്തി വിട്ടു. എന്നാലും മണിക്കൂറുകളോളം എം സി റോഡിലെ ഗതാഗതം തടസപ്പെട്ടു. രാത്രി ആയതിനാല്‍ തൂണിനുണ്ടായ ബലക്ഷയം വിലയിരുത്താന്‍ കഴിഞ്ഞിട്ടില്ല. നിത്യവും ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന സംസ്ഥാനത്തെ പ്രധാന പാതയിലാണ് ഈ പാലം. പഴയ ചെറിയ പാലത്തിനു ബലക്ഷയമുണ്ടായതിനെ തുടര്‍ന്നാണ് 19 വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ പാലം നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിനായി തുറന്നു കൊടുത്തത്.  പൊതുമരാമത്ത് വിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വിശദമായ പരിശോധനകള്‍ നടത്തയതിന് ശേഷം മാത്രമേ പാലം ഗതാഗത യോഗ്യമാണോ എന്ന് പറയാന്‍ കഴിയുകയുള്ളു എന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. പൊതുമരാമത്ത് ചീഫ് എന്‍ജിനീയര്‍ സതീശന്‍ ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss