|    Nov 22 Thu, 2018 12:14 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

എംവിആര്‍ വിട പറഞ്ഞിട്ട് നാലു വര്‍ഷം

Published : 10th November 2018 | Posted By: kasim kzm

കെ സനൂപ്

തൃശൂര്‍: കണ്ണൂരിന്റെ കരുത്തുറ്റ കമ്മ്യൂണിസ്റ്റുകാരനായി വിശേഷിപ്പിക്കപ്പെട്ട എം വി രാഘവന്‍ എന്ന എംവിആര്‍ വിടവാങ്ങിയിട്ട് 2018 നവംബര്‍ 9ന് നാലു വര്‍ഷമാവുന്നു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിക്കെതിരേ അഴീക്കോട് മണ്ഡലത്തില്‍ മല്‍സരിച്ച് വിജയിച്ച മുസ്‌ലിംലീഗിലെ കെ എം ഷാജിയെ അയോഗ്യനാക്കിയ വിധി സമ്പാദിച്ചാണ് എം വി നികേഷ്‌കുമാര്‍ അച്ഛന്റെ സ്മരണ പുതുക്കിയത്.
വര്‍ഗീയ പ്രചാരണം നടത്തി വോട്ട് നേടിയെന്ന നികേഷ്‌കുമാറിന്റെ പരാതിയിലാണ് എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന കെ എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്. ഷാജിക്ക് ആറുവര്‍ഷത്തേക്ക് ഇനി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാവില്ല. അഴീക്കോട് മണ്ഡലത്തില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്താനും കോടതി ഉത്തരവിട്ടു. കണ്ണൂരിലെ കരുത്തനായ സഖാവ് എം വി രാഘവന്റെ അനുസ്മരണം വിവിധ ജില്ലകളില്‍ നടന്നുവരുമ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാവുക ഈ വിധിയായിരിക്കും അതേസമയം എം വി രാഘവന്റെ വിവാദ കൊടുങ്കാറ്റുയര്‍ത്തിയ ബദല്‍രേഖ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ കൂടുതല്‍ പ്രസക്തമാവുകയാണ്. വര്‍ഗീയ നവസാമ്പത്തിക നയങ്ങള്‍ പിന്തുടരുന്നവരെ ഭരണത്തില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ മതനിരപേക്ഷ കക്ഷികളുമായി ഐക്യപ്പെടണമെന്ന സന്ദേശവുമായാണ് 1985ല്‍ എം വി രാഘവന്‍ ബദല്‍രേഖ അവതരിപ്പിക്കുന്നത്.
ഇ കെ നായനാര്‍ ഉള്‍പ്പെടെയുള്ളവര്‍ ബദല്‍രേഖയ്‌ക്കൊപ്പമുണ്ടായിരുന്നു. പിന്നീട് ബദല്‍രേഖയുമായി എം വി രാഘവന്‍ മാത്രമായെന്നു ചരിത്രം. ബദല്‍രേഖ സിപിഎം സംസ്ഥാന നേതൃത്വം തള്ളി. 1986ല്‍ എം വി രാഘവനെ സിപിഎം പുറത്താക്കുകയും ചെയ്തു.
കോണ്‍ഗ്രസ്സിനോട് പിണങ്ങിപ്പോന്ന ആന്റണിയും കൂട്ടരും നല്‍കിയ പിന്തുണ പിന്‍വലിച്ചതോടെ നായനാര്‍ സര്‍ക്കാര്‍ നിലംപൊത്തി. പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവായ എംവിആര്‍ മുസ്‌ലിംലീഗിനെയും കേരളാ കോണ്‍ഗ്രസ്സിനെയും കൂടെ കൂട്ടി ഭരണം നിലനിര്‍ത്തണമെന്ന ആവശ്യവുമായാണ് ബദല്‍രേഖ അവതരിപ്പിക്കുന്നത്. നവ സാമ്പത്തിക നയങ്ങള്‍ പിന്തുടരുന്ന കോണ്‍ഗ്രസ്സിനെയും വര്‍ഗീയ നയങ്ങള്‍ പിന്തുടരുന്ന ബിജെപിയെയും അകറ്റിനിര്‍ത്തി മുസ്‌ലിം, ക്രിസ്ത്യന്‍ പിന്തുണയോടെ കേരളത്തില്‍ പുതിയൊരു മുന്നണിക്ക് രൂപം നല്‍കാനാ—ണ് എം വി രാഘവന്‍ ശ്രമിച്ചത്. വര്‍ഗീയ നിലപാടുകളുമായി ബിജെപി പിടിമുറുക്കുകയും പുത്തന്‍ സാമ്പത്തിക നയങ്ങളുടെ പിറകേ കോണ്‍ഗ്രസ് ഓടിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ എംവിആര്‍ ഉയര്‍ത്തിയ ബദലിന് രാജ്യത്ത് കൂടുതല്‍ പ്രസക്തിയേറുകയാണ്. നാലു തവണ സിപിഎം ടിക്കറ്റിലും മൂന്നു തവണ സിഎംപി ടിക്കറ്റിലും എംഎല്‍എയായും നിയമസഭാംഗമായ എം വി രാഘവന്‍ രണ്ടു തവണ കേരളത്തിന്റെ മന്ത്രിയുമായി. ഏറ്റവും അധികം മണ്ഡലങ്ങളില്‍ നിന്നു മല്‍സരിച്ച് ജയിച്ച വ്യക്തിയെന്ന റെക്കോഡ് ഇന്നും എംവിആറിന്റെ പേരിലാണ്. വിജയങ്ങളുടെ തേരില്‍ മുന്നേറിയിരുന്ന രാഘവന്‍ പക്ഷേ, അവസാനം മല്‍സരിച്ച രണ്ടു തിരഞ്ഞെടുപ്പുകളിലും തോറ്റു. അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ പ്രസക്തിപോലും ഇതോടെ ചോദ്യചിഹ്നമായി. പാര്‍ക്കിസണ്‍സ് ബാധിച്ച് ഓര്‍മകള്‍ പോലും മരവിക്കുന്ന അവസ്ഥയിലേക്ക് പോവുമ്പോഴും സിപിഎമ്മിലേക്ക് തിരിച്ചുവരാന്‍ എം വി രാഘവന്‍ ആഗ്രഹിച്ചിരുന്നു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss