|    May 24 Thu, 2018 12:01 pm
Home   >  Editpage  >  Lead Article  >  

എംവിആര്‍: ജീവിതവും സമരങ്ങളും

Published : 9th November 2016 | Posted By: SMR

അഡ്വ.  ജി  സുഗുണന്‍

എം വി രാഘവന്‍ വിട്ടുപിരിഞ്ഞിട്ട് നവംബര്‍ 9ന് രണ്ടുവര്‍ഷം തികയുകയാണ്. എംവിആര്‍ ഒരു പ്രതീകമായിരുന്നു. ഈ കാലഘട്ടത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അവസ്ഥാന്തരങ്ങളുടെ പ്രതീകം. ബാല്യത്തില്‍ തന്നെ മാതാപിതാക്കള്‍ നഷ്ടപ്പെട്ട് തൊഴിലെടുക്കാനിറങ്ങേണ്ടിവന്ന ഒരു സാധാരണക്കാരന്‍. രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്കിറങ്ങിയ അദ്ദേഹം പാര്‍ട്ടിയുടെ ഉന്നതങ്ങളിലെത്തി. എംവിആര്‍ തന്റെ ആത്മകഥയില്‍ ബാല്യകാലത്തെ സംബന്ധിച്ച് പറയുന്നത് ഇപ്രകാരമാണ്: ഇല്ലായ്മയും ദുഃഖവും പങ്കുവച്ച് ആള്‍ക്കൂട്ടത്തില്‍ ഏകനായി ഞാന്‍ കഴിഞ്ഞു.”
കമ്മ്യൂണിസ്റ്റ് നേതാവ് എ കെ ഗോപാലന്റെ രാഷ്ട്രീയ ശിഷ്യന്മാരില്‍ പ്രധാനപ്പെട്ട ആളായിരുന്നു എംവിആര്‍. പാവപ്പെട്ടവരോടുള്ള സ്‌നേഹവും കാരുണ്യവും അദ്ദേഹത്തിന് എകെജിയില്‍നിന്ന് കിട്ടിയ ഗുണമാണ്. എപ്പോഴും ഗൗരവഭാവമുള്ള ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. എന്നാല്‍, തന്നെ സമീപിക്കുന്ന സാധാരണ ജനങ്ങളോട് ഗൗരവഭാവമെല്ലാം വെടിഞ്ഞ് തുറന്ന് സംസാരിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ തന്നാലാവുംവിധം പരിഹരിക്കുകയും ചെയ്യുന്ന പാവപ്പെട്ടവരുടെ അത്താണിയായിരുന്നു അദ്ദേഹം. ഒരുപക്ഷേ, കേരളത്തില്‍ ഒരു കമ്മ്യൂണിസ്റ്റ് നേതാവും ഇത്രയധികം പേരെ വ്യക്തിപരമായി നേരിട്ട് സഹായിച്ചു കാണുകയില്ല. പാര്‍ട്ടിപ്രവര്‍ത്തകരോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹവും അവരെ സഹായിക്കാനുള്ള മനോഭാവവും മറ്റൊരു നേതാവിന്റെ ഭാഗത്തുനിന്നും ഉണ്ടായിക്കാണുകയുമില്ല. മന്ത്രിയും സിഎംപി നേതാവുമായിരുന്ന എം വി രാഘവന്‍ നൂറുകണക്കിന് സിപിഎം നേതാക്കളെയും പ്രവര്‍ത്തകരെയും വ്യക്തിപരമായി സഹായിച്ചിട്ടുണ്ടെന്നുള്ള കാര്യം ഈ ലേഖകന് നേരിട്ടറിയാവുന്നതാണ്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ മാനവികതയ്ക്ക് പ്രാധാന്യം കൊടുക്കണമെന്ന് ശക്തമായി അദ്ദേഹം വാദിച്ചിരുന്നു. ഇടുങ്ങിയ കമ്മ്യൂണിസ്റ്റ്-സെക്‌ടേറിയന്‍ സമീപനങ്ങള്‍ക്ക് അദ്ദേഹം എന്നും എതിരുമായിരുന്നു. ബദല്‍ രേഖയുടെ അവതരണത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍നിന്നു പുറത്താക്കപ്പെട്ട എംവിആറിന് ചായ നല്‍കുകയും ഭക്ഷണം നല്‍കുകയും വിശ്രമത്തിന് സ്ഥലം നല്‍കുകയും ചെയ്ത ചില സിപിഎം പ്രവര്‍ത്തകരെ പാര്‍ട്ടി അച്ചടക്കനടപടിക്ക് വിധേയമാക്കിയിരുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം മനുഷ്യത്വത്തെ വിസ്മരിക്കുന്നത് വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞത് ഓര്‍ക്കുന്നു. മനുഷ്യനുവേണ്ടിയാണ് മാര്‍ക്‌സിസവും അതിന്റെ അടിസ്ഥാനത്തിലുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും. ആ യാഥാര്‍ഥ്യത്തെ വിസ്മരിക്കുന്നവര്‍ എങ്ങനെ കമ്മ്യൂണിസ്റ്റ് ആവുമെന്ന് എംവിആര്‍ ചോദിക്കുകയും ചെയ്തു.
രാഷ്ട്രീയരംഗത്ത് വിവാദം സൃഷ്ടിച്ച ബദല്‍ രേഖയാണ് സിഎംപി രൂപവല്‍ക്കരണത്തിന്റെ അടിസ്ഥാനശില. കേരളത്തില്‍ പാര്‍ട്ടി സ്വീകരിക്കേണ്ട ഐക്യമുന്നണി അടവുകളെപ്പറ്റി അഭിപ്രായവ്യത്യാസങ്ങള്‍ 1985-86 കാലത്ത് സിപിഎമ്മില്‍ ഉണ്ടായി. ഇടതുമുന്നണിക്കെതിരായി നിലകൊള്ളുന്ന യുഡിഎഫ് അന്ന് കൂടുതല്‍ ശക്തിപ്പെടുകയും ചെയ്തിരുന്നു. അതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് എങ്ങനെ മുന്നണി ശക്തിപ്പെടുത്താമെന്ന ചര്‍ച്ച പാര്‍ട്ടിയില്‍ ഉണ്ടായത്.
പാര്‍ട്ടിയില്‍ വിവിധ ഘടകങ്ങളിലും സംഘടനകളിലും സ്വതന്ത്രവും കാര്യമാത്രപ്രസക്തവുമായ ചര്‍ച്ചകള്‍ നടത്തുന്നത് പാര്‍ട്ടിയെ ഏകീകരിക്കുന്നതിന് പ്രയോജനപ്രദവും ആവശ്യവുമാണെന്നാണ് സിപിഎം ഭരണഘടനയില്‍ പറയുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് ന്യൂനപക്ഷങ്ങളുടെ പാര്‍ട്ടിയായ മുസ്‌ലിം ലീഗ്, കേരളാ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുമായുള്ള സഖ്യം പാര്‍ട്ടിയെ ഒറ്റപ്പെടുത്താനേ സഹായിക്കുകയുള്ളൂ എന്ന കേന്ദ്രകമ്മിറ്റി കത്തിനെതിരായി എം വി രാഘവന്‍, പുത്തലത്ത് നാരായണന്‍, പി വി കുഞ്ഞിക്കണ്ണന്‍, ഇകെ ഇമ്പിച്ചിബാവ, ടി ശിവദാസ മേനോന്‍, വി വി ദക്ഷിണാമൂര്‍ത്തി, പാട്യം രാജന്‍, പി വി മൂസാന്‍കുട്ടി, സി കെ ചക്രപാണി എന്നീ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ചേര്‍ന്ന് കേരളത്തില്‍ ലീഗ്, കേരളാ കോണ്‍ഗ്രസ് പാര്‍ട്ടികളുമായുള്ള മുന്നണി പാര്‍ട്ടിക്ക് പ്രയോജനപ്പെടുമെന്നും കേന്ദ്രകമ്മിറ്റിയുടെ വാദം അടിസ്ഥാനരഹിതമാണെന്നും സമര്‍ഥിച്ചുകൊണ്ട് ഭിന്നാഭിപ്രായ കുറിപ്പ് സംസ്ഥാന കമ്മിറ്റിക്ക് മുമ്പാകെയും പാര്‍ട്ടി സമ്മേളനത്തിനു മുമ്പാകെയും അവതരിപ്പിക്കുന്നത്.
ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്ക് ഉറപ്പുനല്‍കിയിട്ടുള്ള മൗലികമായ അവകാശങ്ങള്‍പോലും രാജ്യത്തെ എല്ലാ ഭാഗങ്ങളിലും അവര്‍ക്ക് ലഭിക്കുന്നില്ലെന്നും ഈ വിഭാഗത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തയ്യാറാവണമെന്നും സിപിഎം പാര്‍ട്ടി പരിപാടിയില്‍ അടിവരയിട്ടു പറഞ്ഞിട്ടുള്ള കാര്യം ബദല്‍ രേഖയില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. വസ്തുത ഇതായിരിക്കെ ന്യൂനപക്ഷങ്ങളുടെ പൊതുവായ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാല്‍ അത് ന്യൂനപക്ഷ പ്രീണനമാവുമെന്നുള്ള വാദത്തിന് യാതൊരു അടിസ്ഥാനവുമില്ല. ബദല്‍ രേഖയില്‍ ഒപ്പിട്ട നേതാക്കളെ കൂടാതെ ഇ കെ നായനാര്‍ അടക്കമുള്ള പല നേതാക്കളും ഈ കുറിപ്പിനോട് അന്ന് യോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
കേരളാ കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് കക്ഷികളുമായി ബന്ധപ്പെടുകയില്ലെന്നു പ്രഖ്യാപിക്കുന്ന കേന്ദ്രകമ്മിറ്റിയുടെ അഭിപ്രായം പാര്‍ട്ടിയെയും ബഹുജനപ്രസ്ഥാനത്തെയും മുസ്‌ലിം-ക്രിസ്ത്യന്‍ ജനസമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്താന്‍ മാത്രമേ സഹായിക്കുകയുള്ളൂ എന്ന് ബദല്‍ രേഖ ചൂണ്ടിക്കാട്ടി. വിവിധ രംഗങ്ങളിലെ തൊഴിലാളികളെയും സാധാരണക്കാരായ ജനങ്ങളെയും പാര്‍ട്ടിയുമായി ബന്ധപ്പെടുത്താന്‍ അനുയോജ്യമായ നയമേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിക്കാവൂ എന്ന അംഗീകൃത നയത്തിന്റെ അടിസ്ഥാനത്തിലാണ് എം വി രാഘവനും കൂട്ടരും ഈ അഭിപ്രായം രേഖപ്പെടുത്തിയത്.
തനിക്കെതിരായി കൈക്കൊണ്ട അച്ചടക്കനടപടിക്കെതിരായി സംസ്ഥാന കമ്മിറ്റിക്ക് എം വി രാഘവന്‍ നല്‍കിയ കത്തില്‍ പറയുന്നു: ശരീഅത്ത് പോലുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുമ്പോള്‍ പാര്‍ട്ടിയെ വര്‍ഗീയവാദികള്‍ മതവിരോധികള്‍ എന്ന് മുദ്രകുത്തി മുസ്‌ലിം ജനവിഭാഗങ്ങളില്‍നിന്ന് അകറ്റാന്‍ ശ്രമിക്കുമെന്നും അത് കണക്കിലെടുത്താലേ പാര്‍ട്ടിക്ക് മുന്നോട്ടുപോവാന്‍ കഴിയൂ എന്നും ഞാന്‍ വ്യക്തമാക്കിയിരുന്നു. അതു കണക്കിലെടുക്കാത്തതിന്റെ ഫലം മുസ്‌ലിം വര്‍ഗീയവാദികള്‍ ഒന്നിക്കുന്നിടത്തേക്കാണ് ചെന്നെത്തിയത്. മതവിരോധ പ്രസ്ഥാനമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ലോകത്തൊരിടത്തും വളര്‍ന്നിട്ടില്ല. നമ്മുടേത് ഒരു മതവിരുദ്ധ പ്രസ്ഥാനവുമല്ല. മുസ്‌ലിമായാലും ക്രിസ്ത്യാനിയായാലും ഹിന്ദുവായാലും സിഖുകാരനായാലും ഏത് മതത്തിലും ജാതിയിലും പെട്ടവരായാലും അവരെ വര്‍ഗപരമായി അണിനിരത്തുകയാണു വേണ്ടത്.”
മൂന്നു പതിറ്റാണ്ട് മുമ്പ് എം വി രാഘവന്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും അവരുടെ മതപരമായ വികാരങ്ങളും അംഗീകരിക്കുകയും അതിനുവേണ്ടി നിലകൊള്ളുകയും ചെയ്ത വ്യക്തിത്വത്തിന്റെ ഉടമയാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി ശബ്ദിച്ചുകൊണ്ടും അതിന്റെ അടിസ്ഥാനത്തിലുള്ള ബദല്‍ രേഖ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുമാണ് അദ്ദേഹം സിഎംപി രൂപവല്‍ക്കരിച്ചത്.
രാജ്യത്തെ വര്‍ഗീയശക്തികളുടെ ഭരണകുത്തക അവസാനിപ്പിക്കാനും അവരുടെ ജനവിരുദ്ധ നയങ്ങള്‍ തുറന്നുകാട്ടാനും മറ്റാരെക്കാളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും മതേതരപ്രസ്ഥാനങ്ങള്‍ക്കും വലിയ പങ്കാണുള്ളതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. 1987ല്‍ തന്നെ ബിജെപിയെ അധികാരത്തില്‍നിന്നു മാറ്റിനിര്‍ത്താന്‍ ഇടതുപക്ഷ പാര്‍ട്ടികളും ജനാധിപത്യ-മതേതര പാര്‍ട്ടികളും യോജിച്ചുനില്‍ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഈ നിലയിലുള്ള അഭിപ്രായം ആദ്യമായി പറഞ്ഞ ഇന്ത്യയിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു എംവിആര്‍. അന്ന് ഈ അഭിപ്രായത്തെ മാനിക്കാന്‍ സിപിഎം അടക്കമുള്ള ഇടതു പാര്‍ട്ടികളും കോണ്‍ഗ്രസ് അടക്കമുള്ള മതേതര പാര്‍ട്ടികളും തയ്യാറായില്ല. എന്നാല്‍, പിന്നീട് ഈ പാര്‍ട്ടികള്‍ക്കെല്ലാം ബിജെപിക്കെതിരായ ഇടതുപക്ഷ-മതേതര ഐക്യത്തിന്റെ പ്രാധാന്യം ബോധ്യമായി. ആ നിലയില്‍ ഇടതുപാര്‍ട്ടികളും മതേതര പാര്‍ട്ടികളും ഒരു നിലപാട് കൈക്കൊണ്ടതുകൊണ്ടാണ് മന്‍മോഹന്‍സിങിന്റെ നേതൃത്വത്തിലുള്ള ഒന്നാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്.
സഹകരണ-തുറമുഖ മന്ത്രി എന്ന നിലയില്‍ സംസ്ഥാനത്തെ സഹകരണപ്രസ്ഥാനത്തിന്റെയും വിഴിഞ്ഞം തുറമുഖം അടക്കമുള്ള തുറമുഖങ്ങളുടെയും വികസനത്തിനായി എംവിആര്‍ വഹിച്ച പങ്ക് പ്രധാനമാണ്. വിഴിഞ്ഞം ഹാര്‍ബറിന്റെ പ്രധാന ശില്‍പി എം വി രാഘവനാണ്. സഹകരണമേഖലയിലുള്ള പരിയാരം മെഡിക്കല്‍ കോളജ് അടക്കമുള്ള ഡസന്‍ കണക്കിന് സ്ഥാപനങ്ങള്‍ അദ്ദേഹത്തിന്റെ സ്മാരകങ്ങള്‍ തന്നെയാണ്. എം വി രാഘവനെ പോലെയുള്ള മനുഷ്യസ്‌നേഹികളായ കമ്മ്യൂണിസ്റ്റുകളാണ് കാലഘട്ടത്തിന്റെ ആവശ്യം. എംവിആറില്‍ നിന്നു രാഷ്ട്രീയ കേരളത്തിന് വളരെയധികം കാര്യങ്ങള്‍ പഠിക്കാനുണ്ട്. കമ്മ്യൂണിസ്റ്റുകള്‍ക്കും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും എംവിആര്‍ എന്നും ഒരു മാതൃകയായിരിക്കുമെന്നുള്ളതില്‍ യാതൊരു സംശയവുമില്ല.

(സിഎംപി പോളിറ്റ്ബ്യൂറോ അംഗമാണ്‌ലേഖകന്‍)

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss