|    Jul 25 Tue, 2017 8:26 am
FLASH NEWS
Home   >  Todays Paper  >  page 7  >  

എംബ്രയര്‍ വിമാന അഴിമതി; ഇന്ത്യന്‍ പ്രതിരോധ ഗവേഷണ കേന്ദ്രം വിശദീകരണം തേടി

Published : 11th September 2016 | Posted By: SMR

ന്യൂഡല്‍ഹി: യുപിഎ ഭരണകാലത്ത് ഇന്ത്യക്ക് മൂന്ന് വിമാനങ്ങള്‍ നല്‍കിയ കരാറില്‍ അഴിമതി നടന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ബ്രസീലിയന്‍ വിമാന നിര്‍മാണ കമ്പനിയായ എംബ്രയറിനോട് ഇന്ത്യന്‍ പ്രതിരോധ ഗവേഷണ കേന്ദ്രം (ഡിആര്‍ഡിഒ) വിശദീകരണം തേടി. 2008ല്‍ 210 ദശലക്ഷം യുഎസ് ഡോളര്‍ ചെലവില്‍ എംബ്രയര്‍ കമ്പനിയില്‍നിന്ന് ജെറ്റ് വിമാനങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേട് നടന്നുവെന്നാണ് ആരോപണം.
കമ്പനിയുടെ ഭാഗത്ത് നിന്നു വിവരങ്ങള്‍ ലഭിച്ച ശേഷം കൂടുതല്‍ നടപടികള്‍ ഉണ്ടാവുമെന്നു പ്രതിരോധ മന്ത്രാലയം അറിയിച്ചു. മാധ്യമ റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഡിആര്‍ഡിഒ കമ്പനിയോട് റിപോര്‍ട്ട് തേടിയതായും കരാറിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടതായും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ആകാശ നിരീക്ഷണത്തിനായി മൂന്ന് അത്യാധുനിക റഡാറുകള്‍ സ്ഥാപിക്കുന്നതിനു മൂന്നു വിമാനങ്ങള്‍ വാങ്ങാനുള്ള കരാറാണ് ഡിആര്‍ഡിഒയും എംബ്രയര്‍ കമ്പനിയും ഒപ്പിട്ടത്. ഇതുപ്രകാരം മൂന്നു വിമാനങ്ങള്‍ ഇന്ത്യക്ക് കൈമാറി. അതിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഡിആര്‍ഡിഒയില്‍ പുരോഗമിക്കുകയുമാണ്.
ഡിസംബറോടെ വ്യോമസേനയുടെ ഭാഗമാവുമെന്നാണ് സൂചന. ആതേസമയം, 2010 മുതല്‍ എംബ്രയര്‍ കമ്പനി യുഎസ് നീതിന്യായ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. 2010ല്‍ കരീബിയന്‍ രാജ്യമായ ഡൊമനിക്കന്‍ റിപ്പബ്ലിക്കുമായി കരാര്‍ ഉണ്ടാക്കിയതോടെയാണ് എംബ്രയര്‍ കമ്പനി യുഎസിന്റെ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടത്.
കരാറുകള്‍ ഉറപ്പാക്കാന്‍ എംബ്രയര്‍ കമ്പനി കൈക്കൂലി നല്‍കിയെന്നാരോപണം ഉയര്‍ന്നിരുന്നു. കരാറിനായി കൈക്കൂലി നല്‍കിയെന്ന ആരോപണം ഉയര്‍ന്നതോടെ യുഎസ് അധികൃതരുടെ നിരീക്ഷണത്തിലായിരുന്നു കമ്പനി.  ഇന്ത്യയിലെയും സൗദി അറേബ്യയിലേയും കരാറുകള്‍ സ്വന്തമാക്കാന്‍ കമ്പനി കൈക്കൂലി നല്‍കിയെന്ന ആരോപണത്തില്‍ ഇപ്പോള്‍ യുഎസും ബ്രസീലും അന്വേഷണം ആരംഭിച്ചു. 2008ല്‍ നടന്ന അഴിമതി അമേരിക്കന്‍ അന്വേഷണ ഏജന്‍സി പുറത്തുകൊണ്ടുവന്ന വിവരം ബ്രസീലിയന്‍ മാധ്യമങ്ങളാണ് റിപോര്‍ട്ട് ചെയ്തത്.
ഡൊമിനിക്കന്‍ റിപ്പബ്ലിക്കുമായി കമ്പനി നടത്തിയ ആയുധ ക്കരാറില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയപ്പോയാണ് അഴിമതി പുറത്തായത്. ഡൊമനിക് റിപ്പബ്ലിക്കുമായുള്ള കരാറിലെ അഴിമതിയെ തുടര്‍ന്ന് അവിടത്തെ മുന്‍ പ്രതിരോധ മന്ത്രിയും മൂന്ന് ഉദ്യോഗസ്ഥരും അറസ്റ്റിലായിരുന്നു.
അന്വേഷണം ഇന്ത്യയിലേക്കും സൗദിയിലേക്കും വ്യാപിപ്പിച്ചതിനെ തുടര്‍ന്ന് ബ്രിട്ടീഷ് വംശജനായ ആയുധ ഇടനിലക്കാരന്‍ കരാറില്‍ മധ്യസ്ഥനായി പ്രവര്‍ത്തിച്ചതായി കമ്പനി അധികൃതര്‍ അന്വേഷണ ഏജന്‍സികളോട് വെളിപ്പെടുത്തിയിരുന്നു. അതേസമയം, കരാര്‍ നടന്ന സമയത്ത് ഡിആര്‍ഡിഒയുടെ തലവനായിരുന്ന എസ് ക്രിസ്റ്റഫര്‍ വാര്‍ത്തയോട് ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക