|    Mar 26 Sun, 2017 4:53 pm
FLASH NEWS

എംബിബിഎസ്, ബിഡിഎസ് പ്രവേശനം; സുപ്രിംകോടതി സമയം നീട്ടിയില്ലെങ്കില്‍ നടപടികള്‍ ഇന്ന് അവസാനിക്കും

Published : 7th October 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ കോളജുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ഇന്ന് നടക്കും. പാലക്കാട് കരുണ, കണ്ണൂര്‍ അഞ്ചരക്കണ്ടി, മുക്കം കെഎംസിടി തുടങ്ങിയ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേക്കും മറ്റ് ഒഴിവുള്ള സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ കോളജുകളിലേക്കും പ്രവേശനത്തിനായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയ വിദ്യാര്‍ഥികളുടെ സ്‌പോട്ട് അഡ്മിഷനാണ് ഇന്ന് നടക്കുക.
സുപ്രിംകോടതി കേസ് പരിഗണിക്കുമ്പോള്‍ സമയം നീട്ടിനല്‍കിയില്ലെങ്കില്‍ സംസ്ഥാനത്തെ സ്വാശ്രയ എംബിബിഎസ്, ബിഡിഎസ് പ്രവേശന നടപടികള്‍ ഇന്ന് അവസാനിക്കും. സപ്തംബര്‍ 30ന് അവസാനിക്കേണ്ടിയിരുന്ന പ്രവേശന നടപടികള്‍ സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇന്നുവരെ നീട്ടിനല്‍കുകയായിരുന്നു. പ്രവേശനം പൂര്‍ത്തിയാവാത്ത സ്വാശ്രയ കോളജുകളിലെ പ്രവേശനത്തിനും ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിനും സമയം നീട്ടിനല്‍കണമെന്ന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചായിരുന്നു സുപ്രിംകോടതിയുടെ നടപടി.
രാവിലെ ഒമ്പതിന് തിരുവനന്തപും ഗവ. മെഡിക്കല്‍ കോളജ് കാംപസിലെ ഓള്‍ഡ് ഓഡിറ്റോറിയത്തിലായിരിക്കും സ്‌പോട്ട് അഡ്മിഷന്‍ നടപടികള്‍. ഓണ്‍ലൈന്‍ അപേക്ഷയുടെ അടിസ്ഥാനത്തിലുള്ള അന്തിമ റാങ്ക് പട്ടിക ഇന്നലെ രാത്രി പ്രവേശന കമ്മീഷണറുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവരെയും അപേക്ഷ നിരസിക്കപ്പെട്ടവരെയും പ്രവേശന മേല്‍നോട്ടസമിതിക്ക് പരാതി സമര്‍പ്പിച്ചവരെയും മാത്രമേ സ്‌പോട്ട് അഡ്മിഷനില്‍ പരിഗണിക്കുകയുള്ളൂ.
അപേക്ഷ നിരസിക്കപ്പെട്ടവര്‍ അത് തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കണം. വിജ്ഞാപനം ചെയ്തിട്ടുള്ള മറ്റു സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ കോളജുകളിലെ പ്രവേശനം മെറിറ്റും സംവരണവും പാലിച്ച് നടത്തുമെന്നും കമ്മീഷണര്‍ അറിയിച്ചു. കണ്ണൂര്‍, കരുണ സ്വാശ്രയ കോളജുകളില്‍ മെഡിക്കല്‍ പ്രവേശനത്തിന് മെറിറ്റ് ഉറപ്പാക്കാന്‍ ഹൈക്കോടതി പ്രവേശനപരീക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ നിശ്ചിത ഫീസ്, പ്രവേശനയോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സല്‍ എന്നിവയുമായി രക്ഷാകര്‍ത്താവിനൊപ്പം സ്‌പോട്ട് അഡ്മിഷന് ഹാജരാവണമെന്നാണ് കമ്മീഷണറുടെ നിര്‍ദേശം. ഫീസ്‌നിരക്ക്, ഓരോ കോളജിലും വിവിധ കാറ്റഗറികള്‍ക്ക് ലഭ്യമായ സീറ്റുകള്‍, വിവിധ കാറ്റഗറിയിലുള്ളവര്‍ സമര്‍പ്പിക്കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന വിശദമായ വിജ്ഞാപനം വെബ്‌സൈറ്റിലുണ്ട്. എംബിബിഎസ് കോഴ്‌സിന് പ്രവേശനം ലഭിക്കുന്നവര്‍ 2.5 ലക്ഷം രൂപയും ബിഡിഎസ് കോഴ്‌സിന് പ്രവേശനം ലഭിക്കുന്നവര്‍ 2.1 ലക്ഷം രൂപയും ടോക്കണ്‍ ഫീസായി സ്‌പോട്ട് അഡ്മിഷന്‍ നടക്കുന്ന സ്ഥലത്തുതന്നെ അടക്കേണ്ടതാണ്. ബാക്കി ഫീസ് തുകയും അനുബന്ധ ചാര്‍ജുകളും പിന്നീട് കോളജില്‍ അടയ്ക്കണം.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക