|    Jun 23 Sat, 2018 12:12 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

എംബിബിഎസ്, ബിഡിഎസ് പ്രവേശനം: സ്‌പോട്ട് അഡ്മിഷനിടെ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധം

Published : 8th October 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തെ എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനുള്ള അവസാനഘട്ട സ്‌പോട്ട് അഡ്മിഷനിടെ സ്വാശ്രയ മാനേജ്‌മെന്റുകളുടെ നിലപാടുകള്‍ക്കെതിരേ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധം. മാനേജ്‌മെന്റുകള്‍ ഉയര്‍ന്ന ഫീസീടാക്കുന്നുവെന്നാണ് അഡ്മിഷനെത്തിയവര്‍ പരാതിപ്പെട്ടത്.
കണ്ണൂര്‍ അഞ്ചരക്കണ്ടി, കോഴിക്കോട് കെഎംസിടി മെഡിക്കല്‍ കോളജുകളിലെ മെറിറ്റ് ഉള്‍പ്പെടെ 85 ശതമാനം സീറ്റുകളിലേക്കും ഏകീകൃതഫീസാണ് നിശ്ചയിച്ചിരുന്നത്. കണ്ണൂര്‍ അഞ്ചരക്കണ്ടി, കോഴിക്കോട് കെഎംസിടി കോളജുകള്‍ക്ക് 10 ലക്ഷം ട്യൂഷന്‍ ഫീസിന് പുറമേ 10 ലക്ഷം രൂപ പലിശരഹിത നിക്ഷേപവും പാലക്കാട് കരുണ മെഡിക്കല്‍ കോളജിന് 7.45 ലക്ഷം ട്യൂഷന്‍ ഫീസും വാങ്ങാനായിരുന്നു അനുമതി നല്‍കിയിരുന്നത്. എന്നാല്‍, ബാങ്ക് ഗ്യാരന്റി ഉള്‍പ്പെടെ 64 ലക്ഷം രൂപ അടയ്ക്കണമെന്നാണു സ്വാശ്രയ മാനേജ്‌മെന്റുകള്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടത്.
സ്‌പോട്ട് അഡ്മിഷന്‍ വഴി പ്രവേശനം നേടുന്നവര്‍ ഈമാസം 17ന് മുമ്പ് മുഴുവന്‍ ഫീസും ഒടുക്കണമെന്ന മാനേജ്‌മെന്റുകളുടെ നിര്‍ദേശത്തിനെതിരെയാണു പ്രതിഷേധമുയര്‍ന്നത്. 17ന് ഫീസ് അടയ്ക്കാനായില്ലെങ്കില്‍ ടോക്കണ്‍ ഫീസ് നഷ്ടപ്പെടുമെന്നു മാത്രമല്ല, മാനേജ്‌മെന്റുകള്‍ നിശ്ചയിക്കുന്ന പിഴയും അടയ്‌ക്കേണ്ടിവരും. ഒപ്പം സീറ്റും നഷ്ടപ്പെടും. തുടര്‍ച്ചയായ ബാങ്ക് അവധിയായതിനാല്‍ ബാക്കി ഫീസ് അടയ്ക്കാനുള്ള സമയപരിധി നീട്ടിനല്‍കണമെന്ന രക്ഷിതാക്കളുടെ ആവശ്യം മാനേജ്‌മെന്റുകള്‍ നിരാകരിച്ചു.
സര്‍ക്കാരുമായി കരാറൊപ്പിട്ട കോളജുകളില്‍ മെറിറ്റ് സീറ്റില്‍ 2.5 ലക്ഷം രൂപ മാത്രമുള്ളപ്പോഴാണ് കരാറൊപ്പിടാത്ത ഈ മൂന്ന് കോളജുകളിലും എല്ലാ സീറ്റിലും ഉയര്‍ന്ന തുക കൊടുക്കേണ്ടിവരുന്നത്. എംബിബിഎസിന് പ്രവേശനം നേടുന്നവര്‍ക്ക് ടോക്കണ്‍ ഫീസായി 2.5 ലക്ഷം രൂപയാണ് അടയ്‌ക്കേണ്ടിയിരുന്നത്. ബാക്കി 62.5 ലക്ഷം രൂപ 17ന് അടയ്ക്കണമെന്ന് ഉറപ്പുനല്‍കണമെന്നാണ് മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടത്.
543 സീറ്റുകളിലേക്കാണ് ഇന്നലെ സ്‌പോട്ട് അഡ്മിഷന്‍ നടന്നത്. ഇതില്‍ 400 സീറ്റുകള്‍ പാലക്കാട് കരുണ, കണ്ണൂര്‍ അഞ്ചരക്കണ്ടി, മുക്കം കെഎംസിടി എന്നീ മെഡിക്കല്‍ കോളജുകളിലാണ്. 5,365 അപേക്ഷകരായിരുന്നു സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കേണ്ടത്. പരിയാരം സഹകരണ ഡെന്റല്‍ കോളജിലെ മൂന്നും എട്ട് സ്വാശ്രയ ഡെന്റല്‍ കോളജിലെ 126 സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷനും ഇന്നലെ നടന്നു. രാത്രി വൈകിയും അഡ്മിഷന്‍ നടപടികള്‍ തുടരുകയാണ്.
അതേസമയം, കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകള്‍ക്ക് ഉയര്‍ന്ന ഫീസ് ഈടാക്കാന്‍ ഹൈക്കോടതി നല്‍കിയ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രിംകോടതി തള്ളിയതു സംസ്ഥാനസര്‍ക്കാരിനു കനത്ത തിരിച്ചടിയായി. അഡ്മിഷന്‍ അവസാനിക്കുമെന്നതിനാല്‍ വൈകിയ വേളയില്‍ ഒന്നും ചെയ്യാനാവില്ലെന്നും ഫീസ് തര്‍ക്കത്തില്‍ ഹൈക്കോടതി തീരുമാനമെടുക്കട്ടെയെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹരജി തള്ളിയത്. ഹൈക്കോടതിയില്‍ വന്നപ്പോള്‍ മാനേജ്‌മെന്റുകള്‍ക്കുവേണ്ടി സര്‍ക്കാര്‍ തോറ്റുകൊടുക്കുകയാണു ചെയ്തതെന്ന ആരോപണം ശക്തമായിരിക്കെയാണ് സുപ്രിംകോടതിയില്‍നിന്നും സര്‍ക്കാരിന് തിരിച്ചടി നേരിടേണ്ടിവന്നത്. ഉയര്‍ന്ന ഫീസ് ഈടാക്കുന്ന മൂന്ന് സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്കെതിരേ സര്‍ക്കാര്‍ നല്‍കിയ ഹരജിയും സുപ്രിംകോടതി തള്ളിയതോടെ കുറഞ്ഞ ഫീസില്‍ പഠിക്കാനുള്ള വിദ്യാര്‍ഥികളുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss