എംബിബിഎസ് പ്രവേശനം: കണ്ണൂരും കരുണയും വഴങ്ങി; അപേക്ഷ സ്വീകരിച്ചുതുടങ്ങി
Published : 17th September 2016 | Posted By: SMR
തിരുവനന്തപുരം: സര്‍ക്കാരിനെയും ജെയിംസ് കമ്മിറ്റിയെയും വെല്ലുവിളിച്ച് സ്വന്തംനിലയില്‍ പ്രവേശന നടപടികളുമായി മുന്നോട്ടുപോയ കണ്ണൂര്‍ അഞ്ചരക്കണ്ടി, പാലക്കാട് കരുണ മെഡിക്കല്‍ കോളജുകള്‍ ഒടുവില്‍ മുട്ടുമടക്കി. എംബിബിഎസ് മാനേജ്മെന്റ്, എന്‍ആര്‍ഐ സീറ്റുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്നതായി അറിയിച്ച് കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളുടെ വെബ്സൈറ്റ് ഇന്നലെ സജ്ജമായി. ഈമാസം 19 വരെയാണ് അപേക്ഷ സ്വീകരിക്കുന്നത്.
ട്രാവന്‍കൂര്‍, ശ്രീഗോകുലം ഒഴികെയുള്ള സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ അപേക്ഷിച്ചവരുടെയും നിരസിച്ചവരുടെയും അടക്കമുള്ള പട്ടിക ജെയിംസ് കമ്മിറ്റിക്ക് മുമ്പാകെ സമര്‍പ്പിച്ചു. ജെയിംസ് കമ്മിറ്റി പ്രവേശനം റദ്ദാക്കിയ മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളജ് പുതിയ പട്ടിക നല്കി. നീറ്റ് റാങ്ക് അടിസ്ഥാനമാക്കിയുള്ള വിവരങ്ങള്‍ അടങ്ങിയ 30 വിദ്യാര്‍ഥികളുടെ പട്ടികയാണ് സമര്‍പ്പിച്ചത്. ഏഴ് നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് പട്ടിക സമര്‍പ്പിക്കാനാണ് ജെയിംസ് കമ്മിറ്റി കോളജുകളോട് ആവശ്യപ്പെട്ടിരുന്നത്. ഇത് കോളജുകള്‍ ലംഘിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനായി ഇന്ന് രേഖകളുടെ വിശദമായ പരിശോധന നടക്കും. ഏതെങ്കിലും കോളജുകള്‍ പിഴവുകള്‍ വരുത്തിയിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാവുമെന്ന് ജസ്റ്റിസ് ജെയിംസ് അറിയിച്ചു. ശ്രീഗോകുലം, ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജുകള്‍ക്കെതിരായ നടപടിയെക്കുറിച്ച് ഇന്ന് തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എംബിബിഎസിലെ മാനേജ്മെന്റ്, എന്‍ആര്‍ഐ സീറ്റുകളിലേക്ക് നീറ്റ് മെറിറ്റ് അടിസ്ഥാനമാക്കി കോളജിന്റെ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കണമെന്ന ജസ്റ്റിസ് ജെയിംസ് കമ്മിറ്റിയുടെ ഉത്തരവിന് പുല്ലുവില കല്‍പ്പിച്ചാണ് കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകള്‍ മുന്നോട്ടുപോയിരുന്നത്. പലതവണ നോട്ടീസ് നല്‍കിയിട്ടും പ്രവേശന സമയം നീട്ടിനല്‍കിയിട്ടും ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കാന്‍ മാനേജ്മെന്റ് തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് ഓണ്‍ലൈനായല്ലാതെ സ്വന്തം നിലയില്‍ രഹസ്യമായി ഇരുകോളജുകളും നടത്തിയ പ്രവേശനം റദ്ദാക്കിക്കൊണ്ട് ജെയിംസ് കമ്മിറ്റി ഉത്തരവിറക്കിയത്.
കോളജുകള്‍ക്കുള്ള ആരോഗ്യ സര്‍വകലാശാലയുടെ രജിസ്ട്രേഷന് റദ്ദാക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം കോളജ് പ്രിന്‍സിപ്പല്‍മാരെയും കമ്മിറ്റി അറിയിച്ചു. ഇതിന് പിന്നാലെയാണ് ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിച്ചുകൊണ്ട് കോളജുകളുടെ വെബ്സൈറ്റ് സജ്ജമായത്. വെബ്സൈറ്റ് ജെയിംസ് കമ്മിറ്റി സസൂക്ഷ്മം നിരീക്ഷിച്ചുവരുകയാണ്. എന്തെങ്കിലും കൃത്രിമം കാണിക്കുകയാണെങ്കില്‍ കോളജുകള്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാവുമെന്നാണ് ജെയിംസ് കമ്മിറ്റിയുടെ മുന്നറിയിപ്പ്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.