|    Jan 18 Wed, 2017 11:43 pm
FLASH NEWS

എംബിഎ: സീറ്റുണ്ടായിട്ടും പ്രവേശനം നേടാനാവാതെ വിദ്യാര്‍ഥികള്‍

Published : 24th July 2016 | Posted By: SMR

കോഴിക്കോട്: കേരളത്തില്‍ മാനേജ്‌മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എംബിഎ പഠനത്തിന് സീറ്റുകള്‍ ഒഴിവുണ്ടായിട്ടും നിരവധി വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിച്ചില്ല. ബിരുദ കോഴ്‌സുകളുടെ ഫലം വരുന്നതിനു മുമ്പ് മാനേജ്‌മെന്റ് പ്രവേശനപ്പരീക്ഷകള്‍ (മാറ്റ്) നടത്തിയതാണ് ഇതിനു കാരണം. മാറ്റ് ഇല്ലാതെ പ്രവേശനത്തിന് ചെന്നൈയിലും ബംഗളുരുവിലുമുള്ള സ്വാശ്രയസ്ഥാപനങ്ങള്‍ കാന്‍വാസിങ് നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഈ ദുരിതം നേരിടേണ്ടിവരുന്നത്.
കേരളത്തിലെ എംബിഎ പ്രവേശനത്തിന് എഐസിടിഇ നടത്തുന്ന സിമാറ്റ്, എഐഎംഎ നടത്തുന്ന മാറ്റ് അല്ലെങ്കില്‍ കേരളത്തിലെ അഡ്മിഷന്‍ റെഗുലേറ്ററി കമ്മിറ്റി നടത്തുന്ന കെമാറ്റ് ഇവയില്‍ ഏതെങ്കിലും എഴുതി യോഗ്യത നേടണമെന്നാണ് നിയമം. എന്നാല്‍, വിദൂര വിദ്യാഭ്യാസത്തിലൂടെ പഠിക്കുന്ന ഏതാണ്ട് രണ്ടുലക്ഷത്തോളം വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും അവരുടെ ഉന്നത പഠനത്തെക്കുറിച്ച തീരുമാനമെടുക്കുന്നത് ബിരുദഫലം വന്നതിനു ശേഷമാണ്.
കേരളത്തിലെ മിക്ക സര്‍വകലാശാലകളിലും വിദൂര വിദ്യാഭ്യാസ ബിരുദ പരീക്ഷാഫലം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. കോഴിക്കോട് സര്‍വകലാശാല ഏതാനും ദിവസം മുമ്പാണ് ഫലം പ്രസിദ്ധീകരിച്ചത്. മിക്ക കോളജുകളിലും പിജി പ്രവേശനം അവസാനഘട്ടത്തിലാണ്. ബികോം, ബിബിഎ പോലുള്ള കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി എംബിഎ പഠനത്തിന് ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ഈ നടപടി കൂടുതല്‍ തിരിച്ചടിയായത്.
കേരളത്തില്‍ എംബിഎ പ്രവേശനം നേടാന്‍ വേണ്ട ഈ വര്‍ഷത്തെ പ്രവേശനപ്പരീക്ഷകളെല്ലാം ഇതിനകം നടന്നുകഴിഞ്ഞു. മേല്‍പ്പറഞ്ഞ പ്രവേശനപ്പരീക്ഷകളെല്ലാം ബിരുദഫലം വരുന്നതിന് വളരെ മുമ്പുതന്നെ നടന്നതിനാല്‍ മാനേജ്‌മെന്റ് കോഴ്‌സുകളില്‍ ചേരാന്‍ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് അവസരം നഷ്ടമാവുകയോ ഒരുവര്‍ഷം നഷ്ടമാവുകയോ ചെയ്യുന്ന അവസ്ഥയാണുള്ളത്.
കേരളത്തിലെ നാല് സര്‍വകലാശാലകളുടെ കീഴിലായി നൂറോളം വരുന്ന എംബിഎ കോളജുകളില്‍ എണ്ണായിരത്തില്‍പ്പരം സീറ്റുകളാണുള്ളത്. ആവശ്യക്കാരേറെയുണ്ടെങ്കിലും പ്രവേശനപ്പരീക്ഷയെന്ന കടമ്പയുള്ളതിനാല്‍ നല്ലൊരു പങ്ക് സീറ്റുകളും ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുകയാണ്. കേരളത്തിലെ നിരവധി എംബിഎ വിദ്യാര്‍ഥികള്‍ പ്രവേശനത്തിന് മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. ബിരുദാനന്തര ബിരുദ ക്ലാസുകള്‍ ആരംഭിക്കുന്നതിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിദ്യാര്‍ഥികളോടുള്ള ഈ അവഗണനയ്ക്ക് ഉടന്‍ പരിഹാരമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും.
ഈ ആവശ്യം ഉന്നയിച്ച് മലബാര്‍ മേഖലയിലെ 17 എംബിഎ സ്ഥാപനങ്ങളുടെ ഏകോപനവേദിയായ അസോസിയേഷന്‍ ഓഫ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഇന്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വിദ്യാഭ്യാസമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
ഏപ്രിലില്‍ നടന്ന കേരള മാറ്റ് പരീക്ഷ വെറും 2,500 കുട്ടികള്‍ മാത്രമാണ് എഴുതിയതെന്നും 50 ശതമാനത്തോളം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്നും നിവേദനത്തില്‍ പറയുന്നു.
അഡ്മിഷന്‍ റെഗുലേറ്ററി കമ്മിറ്റി ബിരുദഫലങ്ങള്‍ എല്ലാം പുറത്തുവന്നതിനുശേഷം ഒരു കേരള മാറ്റ് കൂടി നടത്തി പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം. അതല്ലെങ്കില്‍ എഐഎംഎ സപ്തംബറില്‍ നടത്തുന്ന മാറ്റ് പരീക്ഷയില്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുകയെങ്കിലും ചെയ്യണം. ഈ അനുമതി കഴിഞ്ഞ വര്‍ഷം നല്‍കിയിരുന്നു. എന്നാല്‍, വിദ്യാര്‍ഥികളും കോളജുകളും നിരവധി തവണ റെഗുലേറ്ററി ബോഡിയെ സമീപിച്ചുവെങ്കിലും അനുകൂലമായ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക