|    Mar 23 Thu, 2017 1:59 pm
FLASH NEWS

എംജി സര്‍വകലാശാല; ബിരുദ ഫലപ്രഖ്യാപനത്തിനു മുമ്പേ പിജി പ്രവേശനം

Published : 4th July 2016 | Posted By: SMR

കോട്ടയം: ബിരുദ കോഴ്‌സുകളുടെ ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ എംജി സര്‍വകലാശാലയുടെ സ്റ്റാറ്റിയൂട്ടറി ഡിപാര്‍ട്ടുമെന്റുകളിലെ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനം പുരോഗമിക്കുന്നു.
30,000ല്‍ അധികം വിദ്യാര്‍ഥികള്‍ യൂനിവേഴ്‌സിറ്റിക്ക് കീഴിലും ഇതര യൂനിവേഴ്‌സിറ്റികള്‍ക്ക് കീഴിലുമായി ഫലം കാത്തിരിക്കുമ്പോഴാണ് സര്‍വകലാശാല പിജി കോഴ്‌സുകളിലേക്ക് ഇപ്പോള്‍ പ്രവേശനം ആരംഭിച്ചിരിക്കുന്നത്. സര്‍വകലാശാലയുടെ ഈ നടപടി ആയിരക്കണക്കിന് വിദ്യാര്‍ഥികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കൂടാതെ മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ 100 ശതമാനം വെയിറ്റേജും എന്‍ട്രന്‍സ് പരീക്ഷയ്ക്ക് നല്‍കിയാണ് പ്രവേശന നടപടി ആരംഭിച്ചിരിക്കുന്നത്.
ഇന്ത്യയിലെ ഒരു യൂനിവേഴ്‌സിറ്റിയിലും ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാതെ വിദ്യാര്‍ഥികളെ ഉയര്‍ന്ന കോഴ്‌സുകളിലേക്ക് പ്രവേശിപ്പിക്കാറില്ലെന്നിരിക്കെ സര്‍വകലാശാലയുടെ കീഴിലുള്ള ബിരുദ കോഴ്‌സുകളുടെ മൂന്ന്, നാല് സെമസ്റ്റര്‍ സപ്ലിമെന്ററി അഞ്ച്, ആറ് സെമസ്റ്റര്‍ പരീക്ഷാഫലങ്ങളും പ്രഖ്യാപിക്കാതെയും ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ യാതൊന്നും പരിശോധിക്കാതെയും പ്രവേശനം നടത്തി ബിരുദാനന്തര കോഴ്‌സുകളുടെ ക്ലാസുകള്‍ ആരംഭിച്ചിരിക്കുന്നത്.
അതേസമയം, എന്‍ട്രന്‍സ് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങി പിജി അഡ്മിഷന്‍ നേടിയ വിദ്യാര്‍ഥികള്‍ ഡിഗ്രി ഫലം വരുമ്പോള്‍ യോഗ്യത നേടിയില്ലെങ്കില്‍ തുടര്‍പഠനം നിലച്ച് വെറും പിജി അഡ്മിഷന്‍ മാത്രം ലഭിച്ച വിദ്യാര്‍ഥികളായി സര്‍വകലാശാലയുടെ പടിയിറങ്ങേണ്ടിവരുമെന്നതാണ് ഇപ്പോഴത്തെ തീരുമാനം കൊണ്ട് ഉണ്ടാവാന്‍ പോവുന്നത്.
നിലവില്‍ 10ല്‍ അധികം പേപ്പറുകളുടെയും പ്രൊജക്റ്റുകളുടെയും ഫലം വരാനിരിക്കെ ഇതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഫലപ്രഖ്യാപനത്തിനു മുമ്പ് പ്രവേശന പരീക്ഷ നടത്താറുണ്ടെങ്കിലും ബിരുദ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് എംജി സര്‍വകലാശാല കഴിഞ്ഞ വര്‍ഷംവരെ അഡ്മിഷന്‍ നടത്തിയിരുന്നത്. എന്നാല്‍ ഈ വര്‍ഷത്തെ ദിശ മാറ്റത്തിന്റെ കാരണങ്ങള്‍ അക്കാദമിക സമൂഹത്തിനുപോലും ഇനിയും വ്യക്തമായിട്ടില്ല. അഫിലിയേറ്റഡ് കോളജുകളിലെ വിദ്യാര്‍ഥികള്‍ അതത് കോളജുകളില്‍ മാത്രം ഉപരിപഠനം നടത്തിയാല്‍ മതി എന്നാണോ യൂനിവേഴ്‌സിറ്റി ഉദ്ദേശിക്കുന്നത് എന്നാണ് അധ്യാപകരുടെയും വിദ്യാര്‍ഥികളുടേയും രക്ഷിതാക്കളുടെയും സംശയം.
ഏതായാലും സര്‍വകലാശായുടെ ഈ നടപടി വിദ്യാര്‍ഥികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. അതേസമയം, ദിവസങ്ങള്‍ക്ക് മുമ്പ് കൂടിയ സിന്‍ഡിക്കേറ്റ് യോഗം പരീക്ഷാഫലം വൈകി പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ച് പരീക്ഷാ കണ്‍ട്രോളറോട് കാരണം ആരാഞ്ഞിട്ടുണ്ട്.

(Visited 34 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക