എംജി സര്‍വകലാശാല; ക്രിമിനോളജി കോഴ്സ്: പ്രതിസന്ധിക്ക് പരിഹാരമാവുന്നു
Published : 10th July 2016 | Posted By: SMR
കോട്ടയം: എംജി സര്‍വകലാശാലയിലെ ബിഎ എല്‍എല്‍ബി ക്രിമിനോളജി കോഴ്സ് പൂര്‍ത്തിയാക്കിയവരുടെ അംഗീകാരം സംബന്ധിച്ച പ്രതിസന്ധിക്ക് പരിഹാരമാവുന്നു.
ഈ മാസം 8, 9 തിയ്യതികളില്‍ ഡല്‍ഹിയില്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്മാന്, ലീഗല്‍ എജ്യൂക്കേഷന്‍ കമ്മിറ്റി ചെയര്മാന് എന്നിവരുമായി പ്രൊ വൈസ് ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂറിന്റെ നേതൃത്വത്തിലുള്ള സര്‍വകലാശാലാ സംഘം ബാര്‍ കൗണ്‍സില്‍ ആസ്ഥാനത്ത് വച്ച് നടത്തിയ ചര്‍ച്ചകളുടെയും വിശദീകരണങ്ങളുടെയും അടിസ്ഥാനത്തില്‍ എല്‍എല്‍ബി പഠനം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന വിദ്യാര്‍ഥികളുടെ ഭാവിക്ക് ദോഷം വരാത്തവിധം അംഗീകാരപ്രശ്നത്തില് പരിഹാരമുണ്ടാവുമെന്ന് ഉറപ്പ് ലഭിച്ചു.
ബാര്‍ കൗണ്‍സില്‍ ഉന്നയിച്ച പ്രധാന പ്രശ്നങ്ങള്‍ക്ക് വിശദമായ കാരണങ്ങള്‍ സമര്‍പ്പിക്കുകയും ലീഗല്‍ എജ്യൂക്കേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി മുമ്പാകെ വിശദീകരണം നല്‍കുകയും ചെയ്തു.
ഈ മാസം 30ന് ചേരുന്ന ലീഗല്‍ എജ്യൂക്കേഷന്‍ സമ്പൂര്‍ണ കമ്മിറ്റിയില്‍ ഈ വിഷയം പ്രത്യേക അജണ്ടയായി എടുത്ത് പരിഗണിക്കുമെന്നും സര്‍വകലാശാല സംഘത്തിന് ഉറപ്പ് ലഭിച്ചു.
പ്രൊ വൈസ് ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂറിനൊപ്പം നിയമ ഫാക്കല്‍റ്റി ഡീന്‍ ഡോ. ജോര്‍ജ് ജോസഫ്, എറണാകുളം ലോ കോളജ് പ്രിന്‍സിപ്പല്‍ ബിജു, സുപ്രിംകോടതി അഭിഭാഷകന് ദീപക് എന്നിവരും ഡല്‍ഹിയില്‍ ബാര്‍കൗണ്‍സില്‍ അധികൃതരുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.