|    Apr 25 Wed, 2018 10:46 am
FLASH NEWS

എംജി റോഡ് വികസനം; സൗജന്യ ഭൂമി ലഭ്യമാക്കാന്‍ സാധ്യത തെളിഞ്ഞു

Published : 24th September 2016 | Posted By: SMR

തൃശൂര്‍: സൗജന്യമായി ഭൂമി ലഭ്യമാക്കി എംജി റോഡ് വികസനം നടപ്പാകാന്‍ സാധ്യത തെളിഞ്ഞു; ഒത്തുപിടിച്ചാല്‍ ആറ് മാസത്തിനകം റോഡ് വികസനം സാധ്യമാവും.
റോഡ് വികസനത്തിനായി മന്ത്രി സുനില്‍കുമാറിന്റെ ഇടപെടലില്‍ സര്‍ക്കാര്‍ നാല് കോടി രൂപ അനുവദിച്ചതായും റെയില്‍വേ മേല്‍പാലം വീതി കൂട്ടാനുള്ള തുക നല്‍കാന്‍ പത്മശ്രീ സി കെ മേനോന്‍ സന്നദ്ധത പ്രകടിപ്പിച്ചതായും ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി അറിയിച്ചു.
സൗജന്യമായി ഭൂമി നല്‍കാന്‍ തയാറാവുന്ന ഉടമകള്‍ക്ക് കെട്ടിടനിര്‍മാണത്തിന് നല്‍കേണ്ട ഇളവുകളുടെ പാക്കേജിന്റെ കരട് നഗരാസൂത്രണവിഭാഗം തയാറാക്കിയിരുന്നു. മേയര്‍ അജിത ജയരാജന്റെ അധ്യക്ഷയില്‍ ചേര്‍ന്ന റോഡ് വികസന സബ്കമ്മിറ്റി യോഗം പാക്കേജ് ചര്‍ച്ച ചെയ്തു. ഡിടിപി സ്‌കീമുകള്‍ക്ക് വധേയമായി നടുവിലാല്‍ മുതല്‍ പാറയില്‍ ജങ്ഷന്‍ വരെ 21 മീറ്ററിലും തുടര്‍ന്ന് പടിഞ്ഞാറെ കോട്ടവരെ 25 മീറ്ററിലുമാണ് റോഡ് വികസിപ്പിക്കുക.
നിലവിലുള്ള നിയമത്തില്‍ അനുവദനീയമായ പാക്കേജിന് പുറമെ ബില്‍ഡിങ് ലെയിന്‍ സര്‍ക്കാര്‍ അനുമതിയോടെ രണ്ട് മീറ്ററായി കുറക്കാമെന്നതായിരുന്നു പാക്കേജ് നിര്‍ദ്ദേശം. എന്നാല്‍ നിലവിലുള്ള പാക്കേജ് ഒട്ടും ആകര്‍ഷകമല്ലെന്നും കൂടുതല്‍ എന്തെല്ലാം ആനുകൂല്യങ്ങള്‍ നല്‍കാമെന്നാണ് പരിഗണിക്കേണ്ടതെന്നും ഭൂഉടമകളുടെ പ്രതിനിധികള്‍ പറഞ്ഞു. ഭൂഉടമകളുമായി ഒറ്റക്കൊറ്റക്ക് ചര്‍ച്ച നടത്തിയശേഷം ഓരോരുത്തരുടേയും ആവശ്യങ്ങള്‍ കൂടി പരിഗണിച്ചുള്ള പാക്കേജിന് രൂപം നല്‍കാനും സര്‍ക്കാര്‍ അംഗീകാരം തേടാനും യോഗം തീരുമാനിച്ചു.
നേരത്തെ ടൗണ്‍ പ്ലാനിങ്ങ് വിഭാഗം അവതരിപ്പിച്ച കണക്കനുസരിച്ച് 179 സെന്റ് സ്ഥലമായിരുന്നു റോഡ് വികസനത്തിനാവശ്യമായി പറഞ്ഞിരുന്നത്. അതില്‍ 29 സെന്റ് സ്ഥലം ഉടമകള്‍ സൗജന്യമായി സറണ്ടര്‍ ചെയ്തതാണ്. ബാക്കി 150 സെന്റ് സ്ഥലം കൂടി ലഭ്യമാക്കണമെന്നായിരുന്നു പറഞ്ഞിരുന്നത്.
ഇന്നലെ യോഗത്തില്‍ അവതരിപ്പിച്ച കണക്കനുസരിച്ച് 133.8 സെന്റ് സ്ഥലമാത്രമാണിനി ആവശ്യമുള്ളത്. ഉടമകളും വാടകക്കാരുമായി 198 പേരാണ് വികസനവുമായി ബന്ധപ്പെട്ടുള്ളത്. പുനരധിവാസം ആവശ്യമായ ഒമ്പതോ പന്ത്രണ്ടോ പേരെ ഉള്ളൂവെന്നും ഡെപ്യൂട്ടി മേയര്‍ വ്യക്തമാക്കി. ആരേയും വഴിയാധാരമാക്കില്ല. എല്ലാവര്‍ക്കും പുനരധിവാസം നല്‍കും. ഉടമകളുടെ ആവശ്യങ്ങളും പരമാവധി പരിഗണിക്കും. വര്‍ഗീസ് കണ്ടംകുളത്തി വ്യക്തമാക്കി. കൊച്ചിയിലും തിരുവനന്തപുരത്തും റോഡ് വികസനത്തില്‍ നല്‍കിയ പാക്കേജും പരിശോധിക്കും.
ഒക്‌ടോബര്‍ ഒന്നിന് റോഡ് വികസനം പ്രവൃത്തികള്‍ തുടങ്ങിവെക്കാന്‍ യോഗത്തില്‍ തീരുമാനമായി. ഓരോ ഉടമയും വിട്ടുനല്‍കേണ്ട സ്ഥലം സര്‍വ്വേ നടത്തി അടയാളപെടുത്തുന്നതോടെയാകും നിര്‍മാണത്തിന് തുടക്കമാകുക. സര്‍ക്കാര്‍ നാല് കോടി രൂപ അനുവദിച്ചതിനാല്‍ പണം പ്രശ്‌നമാകില്ല. മേല്‍പാലം വീതികൂട്ടി പണിയേണ്ടത് റെയില്‍വേയാണ്. സി.കെ.മേനോന്‍ പാലം പണിക്കുള്ള ചിലവ് ഏറ്റെടുക്കാന്‍ തയ്യാറായതിനാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ രണ്ട് മാസം കൊണ്ട് പാലംപണി പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നത്.
ജനങ്ങളുടേയും ഭൂഉടമകളുടേയും വ്യാപാരികളുടേയും പിന്തുണയിലും സര്‍ക്കാരിന്റെയും സി കെ മേനോന്റെയും സാമ്പത്തികസഹായത്തിലും സമയബന്ധിതമായി റോഡ് വികസനം ഏറ്റെടുത്ത് നടത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് കോര്‍പ്പറേഷന്‍ നേതൃത്വം.
എംജി റോഡ് വികസനത്തിന് സൗജന്യമായി സ്ഥലം ലഭ്യമാക്കാന്‍ കഴിഞ്ഞാല്‍ അതേ പാക്കേജില്‍ ഡിടിപി സ്‌കീം നിലവിലുള്ള നഗരത്തിലെ മുഴുവന്‍ പ്രധാന റോഡുകളുടേയും വികസനം അഞ്ചുവര്‍ഷംകൊണ്ട് നടപ്പാക്കാനാകുമെന്നാണ് വിശ്വാസമെന്ന് ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss