|    Jul 17 Tue, 2018 11:35 am
FLASH NEWS

എംജി പിവിസിക്ക് ഫ്രഞ്ച് സര്‍വകലാശാലയുടെ ഓണററി ബിരുദം

Published : 28th September 2017 | Posted By: fsq

 

കോട്ടയം: എംജി സര്‍വകലാശാല, പ്രോ വൈസ് ചാന്‍സലറും ലോക പ്രശസ്ത പോളിമര്‍ ശാസ്ത്രജ്ഞനുമായ പ്രഫ. സാബു തോമസിനെ ഫ്രാന്‍സിലെ ലൊറേയ്ന്‍ യൂനിവേഴ്‌സിറ്റി ഓണററി ഡോക്ടര്‍ ഓഫ് സയന്‍സ് ബിരുദം നല്‍കി ആദരിച്ചു. ഫ്രാന്‍സിലെ നാന്‍സിയില്‍ നടന്ന ചടങ്ങില്‍ ലൊറെയ്ന്‍ സര്‍വകലാശാലാ പ്രസിഡന്റ് പ്രഫ. പിയറി മുടന്‍ഹാര്‍ട്ടാണ് ബിരുദദാനം നടത്തിയത്. നാനോ ടെക്‌നോളജി, പോളിമര്‍ സയന്‍സ്, മുതലായ ശാസ്ത്ര ഗവേഷണരംഗത്ത് നല്‍കിയ സംഭാവനകളെ അധികരിച്ചാണ് പ്രഫ. സാബു തോമസ് ഈ അംഗീകാരത്തിന് അര്‍ഹനായത്. കേരളത്തിലെ ഒരു പ്രൊഫസര്‍ക്ക് വിദേശ സര്‍വകലാശാലയുടെ ഓണററി ബിരുദം ലഭിക്കുന്നത് ഇതാദ്യമായാണ്.അക്കാദമിക, ഗവേഷണ പ്രബന്ധ വിനയോഗ സൂചികയില്‍ അഞ്ചാം സ്ഥാനത്തിന് അര്‍ഹനായ പ്രഫ. സാബു തോമസ് 60ഓളം ഗ്രന്ഥങ്ങളുടെ രചയിതാവും, 81 പിഎച്ച്ഡി ബിരുദങ്ങള്‍ക്ക് ഗവേഷണ മാര്‍ഗദര്‍ശിയുമാണ്. 720 ഗവേഷണ പ്രബന്ധങ്ങളുടെയും 31,000 സൈറ്റേഷനുകളടെയും ഉടമയായ പ്രഫ. സാബു തോമസ്, ഗവേഷണ നിലവാരത്തിന്റെ സൂചികയായ എച്ച് ഇന്‍ഡക്‌സ് 81 നേടിയിട്ടുണ്ട്. അമേരിക്കയില്‍ നെഹ്‌റു ഫുള്‍ബ്രൈറ്റ് അഡ്മിനിസ്‌ട്രേറ്റീവ് സെമിനാറില്‍ പ്രത്യേക ക്ഷണിതാവായി പങ്കെടുക്കാന്‍ ഒക്‌ടോബര്‍ ആദ്യം ഡോ. സാബു തോമസ് യുഎസിലേക്ക് തിരിക്കും. ഇന്നലെ സര്‍വകലാശാലയില്‍ നടന്ന ഫാക്കല്‍റ്റി യോഗത്തില്‍, ഓണററി ബിരുദ ബഹുമതി നേടിയ ഡോ. സാബു തോമസിനെ വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss