|    Dec 17 Mon, 2018 7:03 am
FLASH NEWS
Home   >  Todays Paper  >  page 12  >  

എംജിയില്‍ പരീക്ഷാമൂല്യനിര്‍ണയവും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക്

Published : 1st December 2018 | Posted By: kasim kzm

കോട്ടയം: ബിരുദ പരീക്ഷകള്‍ക്ക് ഓണ്‍ലൈന്‍ ചോദ്യക്കടലാസ് വിജയകരമായി നടപ്പാക്കിയതിന്റെ ചുവടുപിടിച്ച് എംജി സര്‍വകലാശാല പരീക്ഷാമൂല്യനിര്‍ണയത്തിനും ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നു. ആദ്യഘട്ടമായി ഫിസിക്‌സ്, കെമിസ്ട്രി അടക്കമുള്ള സയന്‍സ് വിഷയങ്ങളുടെ മൂല്യനിര്‍ണയത്തിനാവും ഓണ്‍ലൈന്‍ സംവിധാനം പരീക്ഷിക്കുക. ഇതിനുള്ള നടപടികള്‍ ആരംഭിച്ചതായി എംജി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മൂല്യനിര്‍ണയം ഓണ്‍ലൈനിലേക്കു മാറുന്നതോടെ ഫലപ്രഖ്യാപനം വേഗത്തിലാവും. മുമ്പ് 60 ദിവസം വേണ്ടിവന്നിരുന്ന പുനര്‍മൂല്യനിര്‍ണയം മൂന്നുദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാവും. അതിവേഗം വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ലഭ്യമാവും. നവംബര്‍ 27 മുതല്‍ 196 കോളജുകളില്‍ മൂന്നാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ (സിബിസിഎസ് യുജി) നടന്നത് ഓണ്‍ലൈന്‍ ചോദ്യപേപ്പ ര്‍ സമ്പ്രദായത്തിലൂടെയാണ്. അധ്യാപകര്‍ നല്‍കുന്ന ചോദ്യങ്ങ ള്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസും സര്‍വകലാശാലയ്ക്കു പുറത്തുള്ള വിദഗ്ധസമിതിയും ഗുണനിലവാരപരിശോധന നടത്തിയാണ് ചോദ്യബാങ്കില്‍ ഉള്‍പ്പെടുത്തുന്നത്.
രണ്ടാംഘട്ടമായി വിദ്യാര്‍ഥികളില്‍ നിന്നുള്ള മികച്ച ചോദ്യങ്ങളും നല്‍കാന്‍ അവസരമുണ്ടാവും. ചോദ്യബാങ്കില്‍ ഒരുവിഷയത്തില്‍ മാത്രം ശരാശരി 600 ചോദ്യങ്ങളുണ്ടാവും. കനത്ത സുരക്ഷാസംവിധാനമുള്ളതിനാല്‍ ഓണ്‍ലൈന്‍ ചോദ്യപേപ്പര്‍ ചോര്‍ത്താനാവില്ല. ബിരുദ പരീക്ഷയുടെ ഓണ്‍ലൈന്‍ മാതൃകാ ചോദ്യക്കടലാസ് ചോ ര്‍ത്തിയെന്ന അവകാശവുമായി വിദ്യാര്‍ഥി രംഗത്തെത്തിയ സാഹചര്യത്തില്‍ സൈബര്‍ സെല്ലിന് പരാതി നല്‍കിയിരിക്കുകയാണ്. ചോദ്യബാങ്കാണ് സെര്‍വറിലുള്ളത്. ചോദ്യക്കടലാസായി സെര്‍വറില്‍ സൂക്ഷിക്കാറില്ല. പ്രത്യേക കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ മുഖേന ആവശ്യാനുസരണം സെക്കന്റുകള്‍ക്കുള്ളില്‍ റാ ന്‍ഡം സെലക്ഷനിലൂടെ ചോദ്യങ്ങള്‍ തിരഞ്ഞെടുത്താണ് ചോദ്യക്കടലാസ് തയ്യാറാക്കുന്നത്. അതിനാല്‍, ചോദ്യങ്ങള്‍ ചോരില്ലെന്നും വിസി വ്യക്തമാക്കി.
അതീവസുരക്ഷ ഒരുക്കിയാണ് ചോദ്യക്കടലാസ് കൈകാര്യം ചെയ്യുന്നത്. ചോദ്യപേപ്പര്‍ ആര്‍ക്കും കാണാനും മനസ്സിലാക്കാനുമാവാത്തവിധം രഹസ്യ കോഡിലാണ് എഴുതുന്നത്. ചോദ്യം കൈമാറുന്നതിന് രണ്ടുമിനിറ്റ് മുമ്പു മാത്രമേ സെര്‍വറിലെത്തൂ. ചോദ്യക്കടലാസുകള്‍ പ്രിന്റെടുക്കുന്ന കോളജുകളിലെ മുറി നിരന്തരം സിസിടിവി നിരീക്ഷണത്തിലായിരിക്കും. ചോദ്യക്കടലാസ് പ്രിന്റെടുക്കാനുള്ള സമയം ട്രയലിലൂടെ കണക്കാക്കിയാണ് ചോദ്യക്കടലാസ് ഡൗണ്‍ലോഡിങിന് ലഭ്യമാക്കുക. പരീക്ഷാനടത്തിപ്പ്, സിലബസ് മാറ്റം, സപ്ലിമെന്ററി പരീക്ഷക ള്‍ എന്നിവ അനായാസമാക്കാന്‍ പുതിയ സംവിധാനം ഉപകരിക്കുമെന്നും വിസി കൂട്ടിച്ചേര്‍ത്തു. സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. ആര്‍ പ്രഗാഷ്, പ്രഫ. ടോമിച്ചന്‍ ജോസഫ്, ഡോ. എ ജോസ്, ഡോ. പി കെ പത്മകുമാര്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. തോമസ് ജോണ്‍ മാമ്പറ എന്നിവരും പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss