|    Oct 24 Wed, 2018 2:44 am
FLASH NEWS
Home   >  Todays Paper  >  page 12  >  

എംഎസ്ഡിപി പദ്ധതി പാളുന്നു

Published : 14th December 2017 | Posted By: kasim kzm

നിഷാദ്  എം  ബഷീര്‍

കോട്ടയം: പശുവളര്‍ത്തലിലേക്ക് കര്‍ഷകരെ ആകര്‍ഷിക്കാന്‍ ക്ഷീരവികസന വകുപ്പ് ആവിഷ്‌കരിച്ച മില്‍ക്ക് ഷെഡ് ഡവലപ്‌മെന്റ് പ്രോഗ്രാ(എംഎസ്ഡിപി)മിന്റെ ഗുണം യഥാര്‍ഥ ക്ഷീരകര്‍ഷകര്‍ക്കു ലഭിക്കുന്നില്ലെന്ന് ആക്ഷേപം. ഇതരസംസ്ഥാനത്തുനിന്ന് പശുക്കളെ വാങ്ങണമെന്ന പദ്ധതിയിലെ വ്യവസ്ഥയാണു കര്‍ഷകര്‍ക്കു വിനയായിരിക്കുന്നത്. ഇത് മുതലെടുത്ത് കര്‍ഷകരെ വഞ്ചിച്ച് പണം തട്ടിയെടുക്കാന്‍ ഇതരസംസ്ഥാന ലോബികളുടെ പ്രവര്‍ത്തനവും ശക്തമാണ്. സി ദിവാകരന്‍ ക്ഷീരവികസന മന്ത്രിയായിരുന്ന കാലത്താണ് എംഎസ്ഡിപി പദ്ധതി ആരംഭിക്കുന്നത്. 2, 5, 10, 20 പശുക്കള്‍ ഉള്‍പ്പെടുന്ന യൂനിറ്റ് അടിസ്ഥാനമാക്കിയാണ് അന്യസംസ്ഥാനത്തുനിന്ന് പശുക്കളെ വാങ്ങേണ്ടത്. 48,400 രൂപ വരെ വിലവരുന്ന രണ്ട് പശുക്കളുടെ യൂനിറ്റിന് 15,000 രൂപ സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കും. 1,42,750 രൂപ വരെ വിലയുള്ള അഞ്ച് പശുക്കളുടെ യൂനിറ്റിന് 50,000 രൂപയും 10 പശുക്കളുടെ 2,79,500 രൂപ വിലയുള്ള യൂനിറ്റിന് 80,000 രൂപയും 5.7 ലക്ഷം രൂപ വിലയുള്ള 20 പശുക്കളുടെ യൂനിറ്റിന് 1.5 ലക്ഷവും സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കുന്നതാണ് പദ്ധതി. സര്‍ക്കാര്‍ സബ്‌സിഡി ലഭിക്കണമെങ്കില്‍ ഇതര സംസ്ഥാനത്തുനിന്ന് പശുവിനെ വാങ്ങിയ വൗച്ചര്‍, ചെക്‌പോസ്റ്റിലെ രേഖകള്‍, ഇന്‍ഷുറന്‍സ് രേഖ, കൂട് നിര്‍മിച്ചതിന്റെ ചെലവ് എന്നിവ സമര്‍പ്പിക്കണം. ഇത്തരത്തില്‍ മുഴുവന്‍ രേഖകളും സമര്‍പ്പിച്ച് പശുക്കളെ വാങ്ങി വളര്‍ത്തിയ കര്‍ഷകരാണ് ഇപ്പോള്‍ കടക്കെണിയിലായിരിക്കുന്നത്. ഇതരസംസ്ഥാനത്തുനിന്ന് വാങ്ങിയ പശുക്കളില്‍ ഭൂരിഭാഗത്തിനും ഗുണനിലവാരമില്ലാത്തതുമൂലം പാലിന്റെ ലഭ്യത കുറഞ്ഞതാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയത്. കര്‍ഷകരെ സഹായിക്കാനെന്ന് തെറ്റിദ്ധരിപ്പിച്ച് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട ലോബികളാണ് ഇതരസംസ്ഥാനത്തുനിന്ന് പശുക്കളെ കൂട്ടത്തോടെ ഇറക്കുമതി ചെയ്ത് ക്ഷീരകര്‍ഷകര്‍ക്ക് കൈമാറുന്നത്. വിലകുറഞ്ഞതും നിലവാരമില്ലാത്തതുമായ പശുക്കളെ ഇതര സംസ്ഥാനത്തുനിന്ന് വാങ്ങിയശേഷം വന്‍തുകയ്ക്ക് കര്‍ഷകര്‍ക്ക് നല്‍കുകയാണ് ചെയ്യാറുള്ളത്. തമിഴ്‌നാട്ടിലുള്ള കച്ചവടക്കാരുമായി ധാരണയുണ്ടാക്കി ഇവര്‍ നടത്തുന്ന പശുവില്‍പ്പനയ്ക്ക് കൃത്രിമ ബില്ലുമുണ്ടാക്കും. പശുക്കളെ കൊണ്ടുവരാനുള്ള വാഹനത്തിന്റെ യാത്രാക്കൂലിയടക്കം കര്‍ഷകരില്‍ നിന്നാണ് ഈടാക്കുന്നത്. അന്യസംസ്ഥാനത്തുപോയി പശുക്കളെ വിലപേശി വാങ്ങുന്നതിലെ പരിചയക്കുറവും പ്രായോഗികപ്രശ്‌നങ്ങളും കണക്കിലെടുത്ത് പല കര്‍ഷകരും ഇത്തരം ലോബികളുടെ കെണിയില്‍ വീണുപോവുകയാണ്. കൂടാതെ ഗോസംരക്ഷകരുടെ ഭീഷണിയുള്ളതിനാല്‍ ഇതരസംസ്ഥാനത്തുനിന്ന് പശുക്കളെ കൊണ്ടുവരാനും പലരും മടിക്കുകയാണ്. പശുവിനെ വാങ്ങി കുറച്ചുകാലം കഴിയുമ്പോഴാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി കര്‍ഷകര്‍ മനസ്സിലാക്കുന്നത്. ഇങ്ങനെ പശുവളര്‍ത്തല്‍ ആരംഭിച്ച നിരവധി ക്ഷീരകര്‍ഷകര്‍ പദ്ധതി ഉപേക്ഷിക്കുകയാണ്. അതേസമയം, വന്‍കിട പശു ഫാമുകള്‍ക്ക് പദ്ധതി ഗുണകരമാണ്. ഇതരസംസ്ഥാനത്തുനിന്ന് നേരിട്ടുപോയി വിവിധ യൂനിറ്റുകളായി പശുക്കളെ വാങ്ങി ഇവര്‍ സബ്‌സിഡിയും കൈപ്പറ്റുന്നുണ്ടെന്നാണ് വിവരം. സംസ്ഥാനത്തിനകത്തുനിന്ന് പശുക്കളെ വാങ്ങുന്നതിന് അനുമതി നല്‍കിയാല്‍ പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരമാവുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. കേരളത്തിനകത്തുനിന്ന് കര്‍ഷകര്‍ക്ക് പശുവിനെ വാങ്ങുന്നതിന് എംഎസ്ഡിപി പദ്ധതിയിലൂടെ അനുവദിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് നിവേദനം നല്‍കുമെന്ന് കര്‍ഷക കോണ്‍ഗ്രസ് ക്ഷീരസെല്‍ ജില്ലാ ചെയര്‍മാന്‍ എബി ഐപ്പ് അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss