|    Dec 15 Sat, 2018 4:39 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

എംഎസ്എഫ് മാര്‍ച്ചില്‍ സംഘര്‍ഷം

Published : 16th November 2018 | Posted By: kasim kzm

കോഴിക്കോട്: ചട്ടം ലംഘിച്ച് ബന്ധു നിയമനം നടത്തിയ മന്ത്രി കെ ടി ജലീല്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എംഎസ് എഫ് കലക്ടറേറ്റ് മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതക പ്രയോഗവും. കലക്ടറേറ്റ് മാര്‍ച്ചില്‍ അറസ്റ്റിലായ പ്രവര്‍ത്തകര്‍ക്ക് ചികില്‍സ ലഭിക്കണമെന്നാവശ്യപ്പെട്ട് നടക്കാവ് സ്റ്റേഷന് മുന്നില്‍ യൂത്ത്‌ലീഗ് നടത്തിയ ഉപരോധത്തിലും ലാത്തിച്ചാര്‍ജുണ്ടായി. കലക്ടറേറ്റ് മാ ര്‍ച്ചില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ അടക്കം ആറ് പ്രവര്‍ത്തകര്‍ക്കും ചേവായൂര്‍ ഇന്‍സ്‌പെക്ടര്‍ കെ കെ ബിജു ഉള്‍പ്പെടെ അഞ്ച് പോലിസുകാര്‍ക്കും പരിക്കേറ്റു. സംഭവത്തില്‍ 20 പേര്‍ക്കെതിരേ നടക്കാവ് പോലിസ് കേസെടുത്തു.
പരിക്കേറ്റവര്‍ക്ക് ചികില്‍സ ലഭ്യമാക്കണമെന്നും നിരപരാധികളെ വിട്ടയക്കണമെന്നും ആശ്യപ്പെട്ടാണ് നടക്കാവ് പോലിസ് സ്‌റ്റേഷന് മുന്നില്‍ എംഎസ്എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഇതിനിടയിലുണ്ടായ സംഘര്‍ഷത്തിലും പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ യൂത്ത്‌ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ജാഫര്‍ സാദിഖ്, നൂറുദ്ദീ ന്‍ ചെറുവറ്റ, ഷമീര്‍ പാഴൂര്‍, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സെനറ്റ് അംഗം ഷുഹൈബ് മുഖദാര്‍, കെ പി ഷിഹാബ് തുടങ്ങിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 11.50ഓടെ എരഞ്ഞിപ്പാലത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് കലക്ടറേറ്റിന് മുന്നിലെത്തിയതോടെയാണ് സംഘര്‍ഷങ്ങളുടെ തുടക്കം. പോലിസ് കലക്ടറേറ്റ് കവാടത്തില്‍ തടഞ്ഞതോടെ മാര്‍ച്ചിന് മുന്‍ നിരയിലുള്ള ഏഴുപേര്‍ താല്‍ ക്കാലിക ബാരിക്കേഡ് ചാടിക്കയറി. ഇതോടെ പോലിസ് കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിക്കുകയായിരുന്നു. നേരത്തേ എത്തിച്ചിരുന്ന ജലപീരങ്കി പോലും പ്രവര്‍ത്തിപ്പിക്കാതെ പോലിസ് രണ്ട് കണ്ണീര്‍വാതക ഷെല്ലുകള്‍ എറിഞ്ഞതില്‍ ഒരെണ്ണം പ്രതിഷേധക്കാര്‍ക്കിടയില്‍ വീണ് പൊട്ടിയതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. തുടര്‍ന്ന് പോലിസ് പ്രക്ഷോഭകരെ ലാത്തിവീശി ഓടിച്ചു. അല്‍പസമയം കഴിഞ്ഞു പ്രവര്‍ത്തകര്‍ തിരിച്ചെത്തിയാണ് മാര്‍ച്ച് ഉദ്ഘാടനം നടന്നത്. എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം പി നവാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ സി ഷിഹാബ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ലത്തീഫ് തുറയൂര്‍, ജനറല്‍ സെക്രട്ടറി അഫ്—നാസ് ചേറോട്, യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍, കെ ടി ജാസിം സംസാരിച്ചു. തുടര്‍ന്ന് കുത്തിയിരിപ്പ് സമരം നടത്തിയവരെ പോലിസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. അരമണിക്കൂറിലേറെ കലക്ടറേറ്റിന് മുന്നില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയശേഷമാണ് ജലപീരങ്കി എത്തിച്ചത്.
പോലിസ് അറസ്റ്റ് ചെയ്ത് നടക്കാവ് സ്റ്റേഷനിലെത്തിച്ചവരില്‍ പരിക്കേറ്റവര്‍ക്ക് ചികില്‍സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സ്റ്റേഷന്‍ ഉപരോധം. ഉച്ചയ്ക്ക് ഒന്നോടെ ആരംഭിച്ച പ്രതിഷേധത്തിനു നേരെയും പോലിസ് ലാത്തിവീശി. യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, വൈസ് പ്രസിഡന്റ് ഫൈസല്‍ ബാഫഖി തങ്ങള്‍, സെക്രട്ടറി വി വി മുഹമ്മദലി എന്നിവരുടെ നേതൃത്വത്തിലാണ് ഉപരോധം നടന്നത്.
എംഎസ്എഫ് നടത്തിയ കോഴിക്കോട് കലക്ടറേറ്റ് മാര്‍ച്ചിനു നേരെ പോലിസ് അക്രമം നടത്തിയതിലും സംസ്ഥാന ജനറല്‍ കണ്‍വീനര്‍ മിസ്ഹബ് കീഴരിയൂര്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ കേസെടുത്ത് റിമാന്‍ഡ് ചെയ്തതിലും പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനവ്യാപകമായി പ്രതിഷേധദിനം ആചരിക്കുമെന്ന് ചെയര്‍മാനും കെഎസ്‌യു പ്രസിഡന്റുമായ അഭിജിത്ത് അറിയിച്ചു. കോഴിക്കോട് ജില്ലയിലെ കലാലയങ്ങളില്‍ ഇന്ന് പഠിപ്പു മുടക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss