|    Nov 18 Sun, 2018 1:10 am
FLASH NEWS

എംഎല്‍എ സത്യഗ്രഹസമരം അവസാനിപ്പിച്ചു

Published : 13th May 2018 | Posted By: kasim kzm

മാനന്തവാടി: കുറുവാദ്വീപില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളുവിന്റെ നേതൃത്വത്തില്‍ സിപിഎം നടത്തിവന്ന അനിശ്ചിതകാല സത്യഗ്രഹം അവസാനിപ്പിച്ചു. സമരത്തിന്റെ തുടര്‍ച്ചയായി കുറുവയിലേക്ക് ബഹുജന മാര്‍ച്ച് നടത്തി. മുഖ്യമന്ത്രി ഇടപെട്ട് വനംവകുപ്പ്, ടൂറിസം മന്ത്രിമാരുടെ സാന്നിധ്യത്തില്‍ വിവാദവിഷയം വിശദമായി ചര്‍ച്ച ചെയ്യുമെന്ന ഉറപ്പിന്മേലാണ് സമരം അവസാനിപ്പിക്കുന്നതെന്നു ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ പറഞ്ഞു.
കുറുവയിലേക്ക് നടന്ന മാര്‍ച്ച് സി കെ ശശീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലയുടെ പ്രധാന ടൂറിസ്റ്റ് കേന്ദ്രത്തെ തകര്‍ക്കുന്ന നിലപാടാണ് ചില വനംവകുപ്പ് ഉദ്യോഗസ്ഥരും ചില രാഷ്ട്രീയ പ്രവര്‍ത്തകരും സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ദിനംപ്രതി ആയിരക്കണക്കിനാളുകള്‍ സന്ദര്‍ശനം നടത്തിവന്ന കുറുവയില്‍ യാതൊരു ശാസ്ത്രീയ പഠനവും നടത്താതെ നിയന്ത്രണം ഏര്‍പ്പെടുത്തിയത് ഒരു കാരണവശാലും അംഗീകരിക്കില്ല. അതുകൊണ്ടാണ് സിപിഎം പ്രത്യക്ഷസമരവുമായി രംഗത്തുവന്നത്. സമരത്തെ തുടര്‍ന്ന് ദിവസം 200 പേര്‍ക്ക് പ്രവേശനമെന്നത് 1,050 എന്നതിലേക്കെത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇന്നുമുതല്‍ 1,050 പേര്‍ക്ക് കുറവ സന്ദര്‍ശിക്കാമെന്നതു സമരത്തിന്റെ വിജയമാണ്. ഒരാളെ പോലും അധികം കടത്തിവിടാന്‍ പറ്റില്ലെന്നു വാശിപിടിച്ച വനംവകുപ്പിന് ഇപ്പോള്‍ 1,050 പേരെ കടത്തിവിടാമെന്നായി. ഇനിയും അതു വര്‍ധിപ്പിക്കുമെന്നുറപ്പാണ്. അതുകൊണ്ട് സിപിഎമ്മിന്റെ സമരത്തെ കളിയാക്കുന്നവര്‍ ഇത്തരം കാര്യങ്ങള്‍ ഓര്‍ക്കുന്നതു നല്ലതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒ ആര്‍ കേളു എംഎല്‍എ അധ്യക്ഷത വഹിച്ചു. ബഹുജന മാര്‍ച്ചില്‍ പങ്കെടുത്ത ചില പ്രവര്‍ത്തകര്‍ പോലിസ് വലയം ഭേദിച്ച് ദ്വീപില്‍ പ്രവേശിച്ചതൊഴിച്ചാല്‍ അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ല. രാവിലെ 11ഓടെയാണ് മാര്‍ച്ച് ആരംഭിച്ചത്. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നു രാവിലെ മുതല്‍ പ്രവര്‍ത്തകര്‍ കുറുവയിലെത്തിയിരുന്നു. കുറുവയിലെ പ്രധാന പ്രവേശന കവാടത്തിന് മുന്‍വശത്ത് മാര്‍ച്ച് പോലിസ് തടഞ്ഞു.
ചില പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ത്ത് ഉള്ളില്‍ക്കയറാന്‍ ശ്രമിച്ചൂവെങ്കിലും നേതാക്കള്‍ ഇടപെട്ട് അനുനയിപ്പിക്കുകയായിരുന്നു. ഇതിനിടയില്‍ കവാടത്തിന്റെ പിന്‍ഭാഗത്തുകൂടിയും മറ്റും നൂറോളം പ്രവര്‍ത്തകര്‍ അകത്തു പ്രവേശിക്കുകയും ചങ്ങാടത്തില്‍ കയറി നിയമലംഘന സമരം നടത്തുകയും ചെയ്തു. കല്‍പ്പറ്റ ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാം, മാനന്തവാടി പോലിസ് ഇന്‍സ്‌പെക്ടര്‍ പി കെ മണി, മീനങ്ങാടി പോലിസ് ഇന്‍സ്‌പെക്ടര്‍ പളനി, ജില്ലയിലെ വിവിധ പോലിസ് സ്‌റ്റേഷനുകളിലെ എസ്‌ഐമാരടക്കം വന്‍ പോലിസ് സന്നാഹം സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss