|    Apr 24 Tue, 2018 12:59 am
FLASH NEWS

എംഎല്‍എ തുണയായി; അഖിലിനും അജലിനും ഇനി സ്വന്തം വീട്

Published : 2nd October 2016 | Posted By: SMR

മൂവാറ്റുപുഴ: അഖിലിനും അജലിനും സ്വന്തമായി വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാവുന്നു. മലമുകളിലെ പാറപ്പുറത്തെ നിലം പൊത്താറായ ഇവരുടെ വീട്ടില്‍ ഇന്നലെ എല്‍ദോ എബ്രഹാം എംഎല്‍എ സന്ദര്‍ശനം നടത്തിയതോടെയാണ് വാസയോഗ്യമായ വീടിന് കളമൊരുങ്ങുന്നത്.
കല്ലൂര്‍ക്കാട് പഞ്ചായത്തിലെ പെരുമാങ്കണ്ടം വേങ്ങച്ചോട്ടില്‍ ജേക്കബിന്റെയും ഷാന്റിയുടെയും മക്കളായ അജല്‍(12), അഖില്‍(9) എന്നിവര്‍ക്കാണ് എല്‍ദോ എബ്രഹാം എംഎല്‍എ വീട് നിര്‍മിച്ച് നല്‍കുന്നത്. പേശികളുടെ ബലക്ഷയംമൂലം ചലനശേഷി നഷ്ടപ്പെടുന്ന മസ്‌കുലാര്‍ ഡിസ്‌ട്രോഫി എന്ന രോഗത്തിന് അടിമയാണ് അജലും അഖിലും.
നന്നായി പഠിക്കുന്ന ഇവര്‍ക്ക് ആദ്യമൊന്നും ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. ഇവരില്‍ രോഗ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയതോടെ ഓടുമ്പോള്‍ അജലും അഖിലും വീഴാന്‍ തുടങ്ങി. എന്നാല്‍ ഇത് വലിയ പ്രശ്‌നമായി ജേക്കബും ഷാന്റിയുമെടുത്തില്ല. പിന്നീട് നടക്കാനാവാത്ത സ്ഥിതിയിലേക്ക് രണ്ട് മക്കളും മാറിയതോടെ കുടുംബം തളര്‍ന്ന് പോയി.
ദാഹിച്ചാല്‍, ഒന്ന് വേദനിച്ചാല്‍ ഒന്നിനുമാവില്ല ഈ കുരുന്നുകള്‍ക്ക്. ഇവരെ ആശുപത്രിയില്‍ കൊണ്ട് പോവാന്‍ ഒരു കിലോമീറ്ററോളം കല്ലടിഞ്ഞ ഇടവഴിയിലൂടെ എടുത്ത് നടക്കണം. പനിയും ശ്വാസം മുട്ടലും ഇടക്കിടയ്ക്ക് വരും. അപ്പോഴൊക്കെ ഷാന്റി ഓരോരുത്തരെയായി ചുമന്ന് താഴെയെത്തിക്കും. വിറ്റു പെറുക്കി ചികില്‍സിക്കാന്‍ ഒന്നുമില്ലാത്ത നിര്‍ധന കുടുംബം കൂലിപ്പണി ചെയ്ത് കിട്ടുന്നത് കൊണ്ടാണ് കഴിഞ്ഞ് പോവുന്നത്. ജേക്കബും ഷാന്റിയും കൂലിവേലയ്ക്ക് പോയാണ് ഈ കുടുംബം കഴിഞ്ഞിരുന്നത്. ഈസമയം കുട്ടികളെ നോക്കിയിരുന്നത് മുത്തശ്ശി മറിയക്കുട്ടിയായിരുന്നു. ഇപ്പോള്‍ മറിയക്കുട്ടിയും തളര്‍ന്നതോടെ ഷാന്റിക്ക്‌ജോലിക്ക് പോകാനാവില്ല. കുട്ടികളുടെയും കുടുംബത്തിന്റെയും കഷ്ടത കണ്ട് കുമാരമംഗലം പഞ്ചായത്തില്‍ മൂന്ന് സെന്റ് സ്ഥലം ഒരാള്‍ സൗജന്യമായി നല്‍കിയിട്ടുണ്ട്. കല്ലൂര്‍ക്കാട് ബിആര്‍സിയിലെ ജീവനക്കാരാണ് ഇവരുടെ ദുരവസ്ഥ എല്‍ദോ എബ്രഹാം എംഎല്‍എയെ ധരിപ്പിച്ചത്. ഇതോടെ എംഎല്‍എ അജലിന്റെയും അഖിലിന്റെയും വീട്ടില്‍ നേരിട്ടെത്തി ഇവരുടെ അവസ്ഥ മനസ്സിലാക്കിയ ശേഷം ഇവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കാമെന്ന് ഉറപ്പ് നല്‍കുകയായിരുന്നു.
എംഎല്‍എയോടൊപ്പം കല്ലൂര്‍ക്കാട് പഞ്ചായത്ത് പ്രസിഡന്റ് ആനീസ് ക്ലീറ്റസ്, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ലിസ്സി ജോളി, പഞ്ചായത്ത് മെംബര്‍മാരായ സുഷമ പോള്‍, റെജി വിന്‍സന്റ്, ടോണി വിന്‍സന്റ്, ജിജി തോമസ്, ഷൈനി സണ്ണി, ജനാധിപത്യ കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജോളി ജോര്‍ജ്, സിപിഎം ലോക്കല്‍ സെക്രട്ടറി ടോമി ജോസഫ്, കെ കെ ജയേഷ്, കല്ലൂര്‍ക്കാട് ബിആര്‍സി ജീവനക്കാര്‍ എന്നിവരുമുണ്ടായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss