|    Dec 14 Fri, 2018 8:20 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

എംഎല്‍എയ്ക്കും പാര്‍ട്ടിക്കും തിരിച്ചടിയായി ഹൈക്കോടതി വിധി

Published : 16th November 2018 | Posted By: kasim kzm

കണ്ണൂര്‍: വിജ്ഞാപനവും റാങ്ക്പട്ടികയും മറികടന്ന് എ എന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യ പി എം സഹലയ്ക്കു കണ്ണൂര്‍ സര്‍വകലാശാലയില്‍ അസി. പ്രഫസറായി നിയമനം നല്‍കിയ നടപടി ഹൈക്കോടതി റദ്ദാക്കിയതോടെ സിപിഎം വെട്ടിലായി. ഡോ. എം പി ബിന്ദു ഫയല്‍ ചെയ്തിരുന്ന ഹരജിയിലാണ് ഇന്നലെ വിധിയുണ്ടായത്. കോടതിവിധി വന്നതോടെ സിപിഎമ്മിനും എ എന്‍ ഷംസീര്‍ എംഎല്‍എയ്ക്കും രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്സും ബിജെപിയും രംഗത്തെത്തി.
നിയമം ലംഘിച്ച് എംഎല്‍എയുടെ ഭാര്യക്ക് നല്‍കിയ നിയമനം ഹൈക്കോടതി റദ്ദാക്കിയത് അഴിമതിക്കും സ്വജനപക്ഷപാതത്തിനുമേറ്റ തിരിച്ചടിയാണെന്നു ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു.
നിയമനത്തിന് അംഗീകാരം നല്‍കിയ സര്‍വകലാശാലാ അധികൃതര്‍ക്കെതിരേ കേസെടുക്കണം. നിയമങ്ങള്‍ ലംഘിച്ചു നിയമനം നല്‍കിയത് ഭരണകക്ഷി എംഎല്‍എയുടെ ഭാര്യക്കാണ് എന്നുള്ളതും ഗുരുതരമായ കാര്യമാണ്. ഇതിനു കൂട്ടുനിന്നവര്‍ക്കെതിരേ ചാന്‍സലര്‍ അച്ചടക്ക നടപടി സ്വീകരിക്കണം. ഇക്കാര്യത്തില്‍ സിപിഎമ്മിന്റെ അഭിപ്രായം അറിയാന്‍ പൊതുസമൂഹത്തിനു താല്‍പര്യമുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു.
അല്‍പമെങ്കിലും ഉളുപ്പുണ്ടെങ്കില്‍ എ എന്‍ ഷംസീര്‍ എംഎല്‍എ സ്ഥാനവും ഡിവൈഎഫ്‌ഐ പദവികളും രാജി വച്ച് പൊതുപ്രവര്‍ത്തനം നിര്‍ത്താന്‍ തയ്യാറാവണമെന്നു ബിജെപി സംസ്ഥാന സെക്രട്ടറി വി കെ സജീവന്‍ ആവശ്യപ്പെട്ടു. നഗ്‌നമായ അഴിമതിയും സ്വജനപക്ഷപാതവും നടത്തിയെന്ന് തെളിഞ്ഞിരിക്കുകയാണ്. യുവജന പ്രസ്ഥാനത്തിന്റെ തലപ്പത്തിരിക്കുന്ന ഷംസീറിന് പൊതുപ്രവര്‍ത്തകനായി തുടരാന്‍ ധാര്‍മികാവകാശം നഷ്ടപ്പെട്ടതായും സജീവന്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss