|    Apr 25 Wed, 2018 10:54 am
FLASH NEWS

എംഎല്‍എയാണേലും മന്ത്രിയാണേലും നാറണേനും വേണം ഒരു ഭാഗ്യം… ല്ലേ ഇഷ്ടാ…

Published : 21st January 2016 | Posted By: SMR

നാരായണ…നാരായണ…എംഎല്‍എയാണേലും മന്ത്രിയാണേലും നാറണേനും വേണം ഒരു ഭാഗ്യം… ല്ലേ ഇഷ്ടാ… എന്താ ചെയ്യാ… പൊതുപരിപാടികളിലും സമ്മേളനങ്ങളിലോക്കെ കൂവലും കരിങ്കൊടി വീശലും ഒക്കെ ഒരുപാട് കണ്ടു വളര്‍ന്നവരാണ് നുമ്മടെ പല മന്ത്രിപുംഗവന്മാരും ജനപ്രതിനിധികളെന്നു പറഞ്ഞ് സ്വയം സമാധാനിക്കുന്നോരും… എന്തിന് പറയ്ണു… നസ്രിയ നസീമിനെ ന്യൂസിയ നസ്രിം ആക്കീം മലയാളത്തിന്റെ കണ്ണിലുണ്ണിയെ കണ്ണുണ്ണിയാക്കീം ശ്രേഷ്ഠഭാഷയ്ക്കുള്ള (മലയാളല്ല ട്ടോ… മണിപ്രവാളം) ഓസ്‌കര്‍ വാങ്ങിയ സില്‍മാ മന്ത്രിയാണ് അതില്‍ ലേറ്റസ്റ്റ്…
നാരായണ… നാരായണ…. ഹോ മറന്നു… നോം എന്തിനാ ഇതൊക്കെ പറഞ്ഞത്….? ആ… കിട്ടി…കിട്ടി… മോഹിനിമാരുടെ ആട്ടവേദിയില്‍ ഉച്ചയ്ക്കുണ്ടായ സീന്‍ കോണ്‍ട്രയില്‍ ശശിയായ ശിവന്‍കുട്ടി എംഎല്‍എയുടെ അവസ്ഥയാണ് ഇന്ന് ചിരിപ്പിച്ചുകൊന്നത്… ചേലേം ചുറ്റി കളറും പൂശി ആടാന്‍ നിന്ന പാവം കുട്ട്യോള്‍ടെ ‘തലവിധി’ നിശ്ചയിക്കാന്‍ സീറ്റില്‍ കൊണ്ടിരുത്തിയ ‘ജഡ്ജി’മാരായിരുന്നു പ്രശ്‌നക്കാര്‍. കാശുവാങ്ങി ഗമേല്‍ വന്നിരിക്കുന്ന ഇവര്‍ക്ക് അഞ്ചുപൈസേടെ യോഗ്യതയില്ലെന്നും ഒരു കുട്ട്യോളെ പോലും പരിശീലിപ്പിച്ച അനുഭവമില്ലെന്നും പറഞ്ഞ് നൃത്താധ്യാപകപ്പടയും രക്ഷിതാക്കളും ഗോദയിലിറങ്ങ്യായിരുന്നൂ ഹേ…. എന്താ ചെയ്യാ… വിധികര്‍ത്താക്കളെ പടിയടച്ചു പിണ്ഡംവയ്ക്കാതെ നുമ്മ പോവില്ലെന്നു പറഞ്ഞായിരുന്നു മാരക സമരം…. നാരായണ നാരായണ….
ലാത്തിയുമായി കാക്കിപ്പടയെത്തിയിട്ടും നുമ്മടെ ടീച്ചര്‍മാര്‍ക്ക് നോ മാറ്റം… അവസാനം ഗതികെട്ട പോലിസേമാന്മാരാണ് അവിടെവിടോ വിശാലമായ മുറിയില്‍ എസിയിലിരുന്നു ഉറങ്ങി ജോലി ചെയ്യുകയായിരുന്ന നുമ്മടെ സഖാവിനെ വിളിച്ചുവരുത്തിയത്…. അതിയാന്‍ വന്നിട്ടും പഴേപോലെ ഓരോരോ വരട്ടു വാദങ്ങള്‍ നിരത്തിയാ പിന്നെങ്ങനെ ശരിയാവും…നാരായണ… നാരായണ…
‘സാറേ… നിങ്ങ നിയമസഭേല്‍ ഡസ്‌കിന്റെ മേലൂടെ മുണ്ടില്ലാതെ കെടന്നോട്ണതും സ്പീക്കര്‍ടെ കംപൂട്ടര്‍ എട്‌ത്തെറിഞ്ഞതും അവസാനം തലകറങ്ങി വീഴുന്നതുമൊക്കെ ഞങ്ങ കണ്ടീന്… അങ്ങനെ കോലംകെട്ടിയ നിങ്ങളൊക്കെ ഞങ്ങ പ്രതിഷേധിക്കുമ്പോ തടയാന്‍ വന്നാ എങ്ങനെ ശരിയാവൂം’ന്നായിരുന്നു കാസര്‍കോട്ടെ ഒരു കുട്ടീടമ്മേടെ ചോദ്യം…
പ്ലിങ്… പിന്നെന്ത് പറയാന്‍… വല്യ കാര്യത്തില്‍ ആളാവാന്‍ വന്ന പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ അതോടെ എന്തോ പോയ അണ്ണാനെ പോലായീന്ന് പറയാ…. നാരായണ… നാരായണ…. പക്ഷേ സഖാവിന്റെ കിളി പോയെന്നും പറഞ്ഞ് കളി നടത്താണ്ടിരിക്ക്യാന്‍ പറ്റ്വോ… സമരവും ഉന്തുംതള്ളും കാര്യപരിപാടിയില്‍ നിശ്ചയിക്കാത്തതായോണ്ട് അതൊന്ന് അവസാനിപ്പിക്കാനെന്ത് ചെയ്യണോന്നായി കാക്കികളുടെ ചിന്ത… അങ്ങനെ ആവനാഴിയിലെ ലാസ്റ്റ് അമ്പും അവരെട്ത്ത്…. നാരായണ നാരായണ…
എന്താ ചെയ്യാ… അറസ്റ്റ് ചെയ്ത് നീക്കുംപോലും… അങ്ങനെ എല്ലാരേം പിടിച്ച് പുറത്താക്കി വാതിലടച്ച് മോഹിനിമാരോട് ആടാന്‍ പറഞ്ഞ് പാളയത്തില്‍പ്പട മുറ്റത്തായി… നാരായണ നാരായണ… എന്ത് പറയാന്‍…. അങ്ങനെ 5.30ഓടെ ഡിപിഐ മേഡം എത്തീട്ടും പ്രതിഷേധക്കയര്‍ അയഞ്ഞില്ല… അങ്ങനെ ആവശ്യം അംഗീകരിക്കില്ലെന്ന് കണ്ട അധ്യാപകര്‍ അവസാനം മാരക പ്രാക്ക് പ്രാകിയാണ് മേലാളരെ പറഞ്ഞയച്ചത്…നാരായണ…നാരായണ….

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss