|    Oct 20 Sat, 2018 3:11 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

എംഎല്‍എക്കെതിരായ അഴിമതി ആരോപണം പാര്‍ട്ടി സമിതിയില്‍ ഉന്നയിച്ചിട്ടില്ലെന്ന് മുസ്്‌ലിംലീഗ് ജില്ലാ നേതൃത്വം

Published : 19th September 2017 | Posted By: fsq

 

കണ്ണൂര്‍: അഴീക്കോട് എംഎല്‍എയും മുസ്‌ലിംലീഗ് നേതാവുമായ കെ എം ഷാജിക്കെതിരേ സോഷ്യല്‍ മീഡിയയിലൂടെയും വാര്‍ത്താ മാധ്യമങ്ങളിലൂടെയും നടത്തുന്ന വാസ്തവ വിരുദ്ധമായ കുപ്രചാരണങ്ങളെ തള്ളിക്കളയണമെന്നു മുസ്്‌ലിംലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദും ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍കരീം ചേലേരിയും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒന്നരവര്‍ഷം പിന്നിടുമ്പോഴും പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട ഒരു സമിതിയിലും ഉന്നയിക്കാത്ത ഒരു ആരോപണം പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട ശേഷം വാര്‍ത്താമാധ്യമങ്ങളെ ഉപയോഗപ്പെടുത്തി ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് പിന്നിലുള്ള ലക്ഷ്യവും ദുഷ്ടലാക്കും  ജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യും. നിയമസഭാ സാമാജികനായി തിരഞ്ഞെടുക്കപ്പെട്ടതുമുതല്‍ അഴീക്കോട് മണ്ഡലത്തിന്റെ വികസനത്തിനായി പ്രയത്‌നിച്ചുകൊണ്ടിരിക്കുന്ന ജനപ്രതിനിധിയെ പൊതുജനമധ്യത്തില്‍ താറടിച്ചു കാണിക്കാനുള്ള കുല്‍സിത ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതില്‍ പൊതുജനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും വഞ്ചിതരാവരുത്. എംഎല്‍എയ്‌ക്കെതിരേ ഉയര്‍ന്നുവന്ന തെറ്റായ ആരോപണങ്ങള്‍ക്ക് അദ്ദേഹം തന്നെ കൃത്യമായ മറുപടി നല്‍കിയിട്ടുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് പ്ലസ്ടു അനുവദിച്ചതുമായി ബന്ധപ്പെട്ട് കെ എം ഷാജി 25 ലക്ഷം രൂപ കൈപറ്റിയെന്നാണ് മുസ്‌ലിംലീഗ് അഴീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൗഷാദ് പൂതപ്പാറയുടെ ആരോപണം. 2017 ജൂലൈ 12നു ഇദേഹം നല്‍കിയ പരാതിയുടെ പകര്‍പ്പ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. നൗഷാദ് പൂതപ്പാറ പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്നാരോപിച്ച് മുസ്‌ലിംലീഗില്‍ നിന്നു പുറത്താക്കിയിരുന്നു. ഇതിനിടെ, പരാതിയില്‍ അഴീക്കോട് പഞ്ചായത്ത് കമ്മിറ്റി ചര്‍ച്ചചെയ് തതായും ഉചിതമായ നടപടി സ്വീകരിക്കണമെന്നും മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദിനും സംസ്ഥാന നേതൃത്വത്തിനും ശുപാര്‍ശ ചെയ്തുള്ള അന്നത്തെ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ പി മുഹമ്മദ് ഹാരിസിന്റെ കത്തും പുറത്തു വന്നു. ഇതോടെ കെ എം ഷാജി എംഎല്‍എക്കെതിരേ പാര്‍ട്ടിയില്‍ നിന്നു തന്നെ ഉയര്‍ന്ന ആരോപണങ്ങളില്‍ ജില്ലാ നേതൃത്വത്തിനു കൃത്യമായ മറുപടി നല്‍കാനാവാത്ത അവസ്ഥയിലാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss