|    Oct 19 Fri, 2018 12:09 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

എംഎച്ച് 370 വിമാനത്തിന്റെ തിരോധാനം തിരച്ചില്‍ അവസാനിപ്പിച്ചു

Published : 18th January 2017 | Posted By: fsq

 

ക്വാലാലംപൂര്‍: 2014ല്‍ 239 യാത്രികരുമായി ദൂരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായ മലേസ്യന്‍ വിമാനം എംഎച്ച് 370നായുള്ള തിരച്ചില്‍ അവസാനിപ്പിക്കുകയാണെന്ന് അധികൃതര്‍. സര്‍വസന്നാഹങ്ങളോടെ ആഴക്കടലില്‍ നടത്തിയ തിരച്ചിലിലും വിമാനത്തെക്കുറിച്ച് തുമ്പൊന്നും ലഭിക്കാതായതോടെയാണ് അധികൃതര്‍ അന്വേഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ആസ്‌ത്രേലിയക്ക് പടിഞ്ഞാറ് ഇന്ത്യന്‍ മഹാസമുദ്രത്തിലെ 1.2 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലാണ് മലേസ്യ, ആസ്‌ത്രേലിയ, ചൈന എന്നീ രാജ്യങ്ങള്‍ സംയുക്തമായി തിരിച്ചില്‍ നടത്തിവന്നത്. ഏറെ വിഷമത്തോടെയാണ് തിരച്ചില്‍ അവസാനിപ്പിക്കുന്നതിനുള്ള തീരുമാനം കൈക്കൊണ്ടതെന്ന് സംയുക്ത തിരച്ചില്‍ സംഘം പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം, തിരച്ചില്‍ അവസാനിപ്പിച്ച നടപടിയെ നിരുത്തരവാദപരമെന്നാണ് ഇരകളുടെ ബന്ധുക്കള്‍ വിശേഷിപ്പിച്ചത്. ക്വാലാലംപൂരില്‍നിന്നും ബെയ്ജിങിലേക്കുള്ള യാത്രാമധ്യേ 2014 മാര്‍ച്ച് എട്ടിനാണ് 239 പേരുമായി യാത്രതിരിച്ച എംഎച്ച് 370 വിമാനം അപ്രത്യക്ഷമായത്. വിമാനയാത്രികരില്‍ ഭൂരിപക്ഷവും ചൈനീസ് പൗരന്‍മാരായിരുന്നു. വിവിധ മേഖലകളില്‍നിന്നു കണ്ടെത്തിയ ഏഴോളം വിമാനാവശിഷ്ടങ്ങള്‍ എംഎച്ച് 370ന്റെ ആണെന്ന് സ്ഥിരീകരിച്ചിരുന്നു.ഇന്ധനം തീര്‍ന്നതോടെ വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് കൂപ്പുകുത്തിയെന്നാണ് അന്വേഷണസംഘത്തിന്റെ അന്തിമ നിഗമനം. അവസാന നിമിഷങ്ങളില്‍ വിമാനം ആരും നിയന്ത്രിച്ചിരുന്നില്ലെന്നും നവംബറില്‍ അന്വേഷണസംഘം പ്രസ്താവിച്ചിരുന്നു. വിമാനാപകട ചരിത്രത്തിലെ ഏറ്റവും നിഗൂഢമായ തിരോധാനങ്ങളിലൊന്നാണ് എംഎച്ച് 370ന്റേത്. തിരച്ചില്‍ ഔദ്യോഗികമായി അവസാനിപ്പിച്ചെങ്കിലും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിമാനത്തിനായുള്ള ശാസ്ത്രീയ പഠനം തുടരും. പുതിയ വിവരങ്ങള്‍ വഴി വിമാനം എവിടെയാണ് പതിച്ചതെന്ന് കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അധികൃതര്‍ പറയുന്നു. കഴിഞ്ഞ ജൂലൈയിലെ കണക്കുകള്‍ പ്രകാരം ആഴക്കടല്‍ തിരച്ചിലിനായി 13.5 കോടി യുഎസ് ഡോളറാണ് ചെലവിട്ടിരുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss