|    Nov 19 Sun, 2017 11:30 pm
FLASH NEWS

എംഇഎസ് കോളജിലെ ആക്രമണം ; സ്പീക്കറുടെ ഓഫിസ് അമിതമായി ഇടപെട്ടതായി ആരോപണം

Published : 6th August 2017 | Posted By: fsq

 

പൊന്നാനി: പൊന്നാനി എംഇഎസ് കോളജില്‍ എസ്എഫ്‌ഐ നടത്തിയ ആക്രമണത്തിനു പിന്നാലെ വിഷയത്തില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ ഓഫിസ് അവിഹിതമായി ഇടപെട്ടതായി ആരോപണം. കോളജ് തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ ആദ്യം മുതല്‍ നടത്തണമെന്നാണ് സ്പീക്കറുടെ ഓഫിസില്‍ നിന്നു എംഇഎസ് മാനേജ്‌മെന്റിന് നല്‍കിയ നിര്‍ദേശം. ഇക്കാര്യം ആവശ്യപ്പെട്ട് എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂറിനുമേലും സ്പീക്കറുടെ ഓഫിസില്‍ നിന്ന് ശക്തമായ സമ്മര്‍ദ്ധം ചൊലുത്തുന്നുണ്ട്. ആദ്യം മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് തിരഞ്ഞെടുപ്പ് നടത്താനാണ് സ്പീക്കറുടെ ഓഫിസ് നല്‍കുന്ന പ്രശ്‌നപരിഹാര മാര്‍ഗം. എന്നാല്‍, മാനേജ്‌മെന്റ് ഇത് പൂര്‍ണമായി സ്വീകരിച്ചിട്ടില്ലന്നാണ് അറിയാന്‍ കഴിഞ്ഞത്. എസ്എഫ്‌ഐ സമര്‍പ്പിച്ച രണ്ട് നാമനിര്‍ദേശ പത്രിക സൂക്ഷമപരിശോധനയില്‍ തള്ളിയതോടെയാണ് കോളജ് എസ്എഫ്‌ഐ വിദ്യാര്‍ഥികള്‍ അടിച്ചുതകര്‍ത്തത്. എംഇഎസ് കോളജിലെ പഠനാന്തരീക്ഷം തകര്‍ക്കാന്‍ ആസൂത്രിത ശ്രമമാണ് നടത്തുന്നതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. പൊന്നാനി എംഇഎസ് കോളജില്‍ പഠനാന്തരിക്ഷം തകര്‍ക്കാനും കോളജിലെ ഭൗതിക സൗകര്യങ്ങള്‍ തകര്‍ക്കാനും ആസൂത്രിതമായ ശ്രമമാണ് നടക്കുന്നത്. പ്രതികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച സ്ഥലം എംഎല്‍എ ശ്രീരാമകൃഷ്ണനും സിപിഎം നേതൃത്വവുമാണ് ഈ കോളജ് തകര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. അക്രമികളെ സംരക്ഷിക്കുന്ന സമീപനമാണ് കോളജിലെ ചില അധ്യാപകരും നടത്തുന്നത്. കോളജിന് വലിയ നഷ്ട്ടം വരുത്തിയ സിസിടിവി കാമറാ മോഷണം ഉള്‍പ്പെടെ ഒതുക്കി തീര്‍ത്തത് ഈ അധ്യാപകരുടെ നേതൃത്വത്തിലാണ്. എംഇഎസ് കോളജില്‍ പഠനാന്തരീക്ഷം ഒരുക്കണമെന്നും ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ ശിക്ഷിക്കണമെന്നവശ്യപ്പെട്ടും കോണ്‍ഗ്രസ് നേതൃത്വത്തില്‍ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കാന്‍ പൊന്നാനി നിയോജക മണ്ഡലം കോണ്‍ഗ്രസ് നേതൃയോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ആഗസ്ത് 8 ചൊവ്വഴ്ച രാവിലെ 10ന് കോളജ് പരിസരത്ത് കോളജ് സംരക്ഷണ ബഹുജന മാര്‍ച്ച് സംഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക