|    Jan 25 Wed, 2017 6:46 am
FLASH NEWS

ഋഷിരാജ് സിങ്, ഞങ്ങളോടു കളിക്കണ്ട

Published : 11th July 2016 | Posted By: SMR

slug-vettum-thiruthumദിനപത്രങ്ങളില്‍ വാര്‍ത്ത ‘മിസ്’ ആവുന്നത് കൊട്ടിഘോഷിക്കേണ്ട സംഭവത്തില്‍ പെടുന്നില്ല. വാര്‍ത്ത കിട്ടാത്തതാവാം, ചില വാര്‍ത്തകള്‍ പ്രതിനിധികള്‍ പത്ര മാനേജ്‌മെന്റിന്റെ മൗനാനുവാദത്തോടെ മുക്കുന്നതാവാം, എഡിറ്ററുടെ കണ്ണുവെട്ടിച്ച് ബ്യൂറോ ചീഫ് വാര്‍ത്ത കണ്ടില്ലെന്നു നടിക്കുന്നതാവാം, എഴുതാന്‍ അറിയാഞ്ഞിട്ടാവാം, ലേഖകന്‍ ഫിറ്റായി കിടന്നതിനാലാവാം. പല ഘടകങ്ങളുണ്ട്.
ജൂലൈ 9 ശനിയാഴ്ച ഒരു പത്രത്തിന്റെ (മനോരമയല്ല) തിരുവനന്തപുരം ബ്യൂറോ അച്ചടിച്ച വാര്‍ത്തയില്‍ സംസ്ഥാന എക്‌സൈസ് കമ്മീഷണര്‍ മാന്യമഹാശ്രീ ഋഷിരാജ് സിങിന്റെ പടം സഹിതം ഒരു രോമാഞ്ചജനക കഥ. ‘തിരുവനന്തപുരം പ്രസ് ക്ലബിലെ മദ്യശാല ഋഷിരാജ് സിങ് പൂട്ടിച്ചു.’
അദ്ഭുതമൊന്നും തോന്നിയില്ല. സിങ് അതും ചെയ്യും അതിനപ്പുറവും ചെയ്യും. മുമ്പൊരു മന്ത്രിയുടെ മുഖത്തുനോക്കി ‘പോയി പണി വേറെ നോക്കെടോ’ എന്നു പറഞ്ഞതായി കേട്ടിട്ടുണ്ട്. എന്നോട് ആ സംഭവം പറഞ്ഞത് വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരിയാണ്. ഞാനത് വിശ്വസിച്ചു. സിങിന്റെ നീതിബോധം, സ്വന്തം തൊഴിലിനോടുള്ള കൂറ്, അഴിമതി തൊട്ടുതീണ്ടാത്ത വ്യക്തിത്വം, ഇതൊക്കെ മനസ്സിലാക്കിയാണ് മാന്യമഹാശ്രീ എന്ന് അദ്ദേഹത്തെ വാഴ്ത്തിയത്.
കാല്‍നൂറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന അനധികൃത മദ്യശാലയാണ് സിങ് പൂട്ടിച്ചത്. ‘സങ്കേതം’ പൂട്ടിക്കാന്‍ നട്ടെല്ലുള്ളവന്‍ കേരളത്തിലുണ്ടെങ്കില്‍ വാടാ എന്നൊരു വെല്ലുവിളി മാന്യനായൊരു കള്ളുകുടിക്കാത്ത പത്രപ്രവര്‍ത്തകന്‍ മുഴക്കിയിട്ടുണ്ട്. പണ്ട് ‘സങ്കേതം’ പൂട്ടിക്കാന്‍ ചിലര്‍ ശ്രമിച്ചപ്പോള്‍, അന്നും തിരുവനന്തപുരത്തെ പത്രക്കാരായ മാന്യദേഹങ്ങള്‍ക്കെതിരേ വാര്‍ത്ത കൊടുത്തത് ഇപ്പോള്‍ ‘സങ്കേതം’ പൂട്ടിച്ച രോമാഞ്ച വാര്‍ത്ത നല്‍കിയ ആവേശക്കമ്മിറ്റിക്കാരായ പത്രസ്ഥാപനം (മാതൃഭൂമിയല്ല) തന്നെയാണ്. ആവേശമുണ്ടെങ്കില്‍ ആയതു പ്രകടിപ്പിക്കേണ്ടതു തന്നെയാണ്. സെക്രേട്ടറിയറ്റിന്റെ നാസാദ്വാരത്തിനു തൊട്ടരികെ ഭൂഗര്‍ഭ അറയുണ്ടാക്കി സ്റ്റാര്‍ ഹോട്ടല്‍ സമാന മദ്യശാല നടത്തിവന്ന പത്രപ്രതിനിധികളോട് കോഴിക്കോട് ജില്ലക്കാരനായ ടി പി രാമകൃഷ്ണന്‍ എന്ന എക്‌സൈസ് മന്ത്രി ‘ക്ഷമ’ ചോദിച്ചതായി ഇതെഴുതുന്ന ജൂലൈ 10- 2.14ന് തിരുവനന്തപുരത്തു നിന്ന് എഴുത്തുകാരന്‍ സുഹൃത്ത് എന്നെ വിളിച്ചു പറഞ്ഞു. അവന്‍ കളവു പറയില്ല. ‘ഷെയിം ഓണ്‍ യു സിങ്കം, നിങ്ങള്‍ വിചാരിച്ചാലും പത്രക്കാരുടെ അനധികൃത മദ്യവില്‍പന നിര്‍ത്താന്‍ കഴിയില്ല’ എന്ന വിനു വി ജോണിന്റെ (ഏഷ്യാനെറ്റ്) ട്വിറ്റര്‍ കുറിപ്പ് ഋഷിരാജ് സിങിനെ വിറളിപിടിപ്പിച്ചു. ‘സങ്കേതം’ പൂട്ടിക്കാന്‍ എക്‌സൈസ് മന്ത്രിയുടെ മൗനാനുവാദവും വാങ്ങി. പൂട്ടിച്ചു. സത്യം. ‘സങ്കേത’ത്തിന് ബാര്‍ ലൈസന്‍സ് ഇല്ല എന്നു മാത്രമല്ല, മന്ത്രി കെ ബാബു നിയമസഭാ ഇലക്ഷനു മുമ്പ് തലസ്ഥാനത്തെ മദ്യപിക്കാത്ത പത്രക്കാരോട് പറഞ്ഞത്, എന്റെ കഴുത്തിനു മേലെ തല ഉള്ളിടത്തോളം ‘സങ്കേതം’ ആരും പൂട്ടിക്കില്ല എന്നായിരുന്നു. കവി പ്രഭാവര്‍മയോട് തിരുവനന്തപുരം പത്രക്കാര്‍ ബ്രിട്ടാസ് അവര്‍കള്‍ മുഖേന ‘സങ്കേതം’ ലൈസന്‍സില്ലായ്ക സൂചിപ്പിച്ചതുമാണ്. കഷ്ടകാലം! ‘സങ്കേതം’ പൂട്ടി. മൂന്ന് കോളത്തില്‍ പൂട്ടിച്ച വാര്‍ത്ത നല്‍കി നൈതികബോധത്തിന്റെയും മദ്യവര്‍ജനത്തിന്റെയും ആശാന്‍മാരായ പത്രം (ദേശാഭിമാനിയല്ല) സന്തോഷിച്ചു.
ശനിയാഴ്ച രാത്രി അതാ വരുന്നു പത്രത്തിന്റെ തലസ്ഥാന ബ്യൂറോയില്‍നിന്ന് ‘ഇടറാതെ തളരാതെ’ രോമാഞ്ചജനകമായ വാര്‍ത്ത. ‘പ്രസ് ക്ലബിലെ മദ്യശാല: വാര്‍ത്ത അടിസ്ഥാനരഹിതമെന്ന്.’
എന്താണീ രണ്ടു രോമാഞ്ചത്തിന്റെയും ഉള്ളുകള്ളി? പാവങ്ങള്‍! പ്രസ്‌ക്ലബില്‍ റിക്രിയേഷന്‍ ഹാളില്‍ ഉച്ചയ്ക്കും വൈകീട്ടും ടേബിള്‍ ടെന്നിസ് കളിക്കാറുണ്ട്. കാരംസ് അറിയുന്നവര്‍ അതും ബുദ്ധിയുള്ളവര്‍ ചെസും കളിക്കാറുണ്ട്. സെക്രേട്ടറിയറ്റിലെ തിരക്കേറിയ മാധ്യമപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ക്ഷീണിക്കുമ്പോള്‍ ഇരിക്കാനുള്ള ഇടംപോലുമില്ല ആ വളപ്പിലെവിടെയും, കഷ്ടം!
(സെക്രട്ടേറിയറ്റിനകത്ത് പത്രക്കാര്‍ക്ക് കിടക്കാന്‍ മാത്രം പണ്ടൊരു മുറി ഉണ്ടായിരുന്നു. ചുമ്മാറും മറ്റും കിടക്കാറുണ്ടായിരുന്ന ആ മുറി മാറ്റിയോ?)
തിരു: പ്രസ് ക്ലബിനെ അപമാനിക്കാന്‍ അംഗത്വം ലഭിക്കാത്ത ചിലരും അച്ചടക്ക നടപടിക്ക് വിധേയരായവരും പ്രവര്‍ത്തിക്കുന്നതിനാലാണ് ‘സങ്കേതം’ സംബന്ധിച്ച് രോമാഞ്ചജനക വാര്‍ത്തകള്‍.
പ്രസ് ക്ലബിന് ഭൂഗര്‍ഭ അറയില്ലെന്നുള്ള ‘ഞെട്ടിക്കുന്ന’ വിവരവും ഇപ്പോള്‍ ‘പത്രം’ നല്‍കിയ നിഷേധക്കുറിപ്പില്‍ പറയുന്നു. സത്യത്തില്‍ ഞാനൊന്നു ചോദിച്ച് വെട്ടിക്കോട്ടെ, അല്ലെങ്കില്‍ തിരുത്തിക്കോട്ടെ.’
ആര്‍ക്കാണ് സത്യത്തില്‍ ‘സങ്കേത’ത്തിലെ മദ്യം തലയ്ക്കു പിടിച്ചത്?

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 605 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക