|    Jun 18 Mon, 2018 5:17 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഋഷിരാജ് സിങ് ഇഫക്ട്: എക്‌സൈസ് വകുപ്പ് സജീവമായി; കൊച്ചിയില്‍ ഒരു മാസത്തിനകം അറസ്റ്റിലായത് 276 പ്രതികള്‍

Published : 11th July 2016 | Posted By: SMR

rishiraj

കൊച്ചി: പുതിയ എക്‌സൈസ് കമ്മീഷണര്‍ ആയി ഋഷിരാജ് സിങ് ചുമതലയേറ്റെടുത്തതോടെ ലഹരി മാഫിയകള്‍ കൊടികുത്തി വാഴുന്ന കൊച്ചിയില്‍ എക്‌സൈസ് സംഘം ഉണര്‍ന്നു. ജൂണ്‍ മാസത്തില്‍ മാത്രമായി കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത് 476 കേസുകള്‍. പിടിയിലായത് 276 പ്രതികള്‍.
അബ്കാരി, മയക്കുമരുന്ന്, നിരോധിത പുകയില ഉല്‍പന്നങ്ങള്‍ എന്നിവയുടെ കേസുകള്‍ കണ്ടുപിടിക്കുന്നതില്‍ മുന്‍ മാസങ്ങളെ അപേക്ഷിച്ച് വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. മെയ് മാസത്തില്‍ അബ്കാരി, മയക്കുമരുന്ന്, നിരോധിത പുകയില ഉല്‍പന്നങ്ങള്‍ ഉല്‍പ്പെടെ 169 കേസുകള്‍ മാത്രമായിരുന്നു എറണാകുളം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍, പുതിയ കമ്മീഷണറായി ഋഷി രാജ് സിങ് ചുമതലയേറ്റെടുത്തതോടെ ജൂണില്‍ 476 കേസുകളായി വര്‍ധിച്ചു. പിടിച്ചെടുത്ത തൊണ്ടി സാധനങ്ങളുടെ അളവിലും വന്‍വര്‍ധന ഉണ്ടായിട്ടുണ്ട്.
11 ലിറ്റര്‍ ചാരായം, 575 ലിറ്റര്‍ വാഷ്, 150 ലിറ്റര്‍ അരിഷ്ടം, 356 ലിറ്റര്‍ ഐഎംഎഫ്എല്‍, 150 ലിറ്റര്‍ ബിയര്‍, 503 ലിറ്റര്‍ വ്യാജ കള്ള്, 10 കിലോ കഞ്ചാവ് എന്നിവയും 14 വാഹനങ്ങളും എക്‌സൈസ് പിടിച്ചെടുത്തു. വിവിധ കേസുകളിലായി 276 പ്രതികളെയും അറസ്റ്റു ചെയ്തു. ലൈസന്‍സ് നിബന്ധനകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച ഏഴു ബിയര്‍-വൈന്‍ പാര്‍ലറുകള്‍ക്കെതിരേ കേസെടുക്കുകയും ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയ നാല് എണ്ണം താല്‍ക്കാലികമായി അടച്ചു പൂട്ടിക്കുകയും ചെയ്തതായി എറണാകുളം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ എ എസ് രഞ്ജിത് പറഞ്ഞു. കൊച്ചിയിലെ ഏതാനും സ്റ്റാര്‍ ഹോട്ടലുകള്‍, ഫഌറ്റുകള്‍, ഹോം സ്‌റ്റേകള്‍ എന്നിവ കേന്ദ്രീകരിച്ച് രാത്രി കാലങ്ങളില്‍ നടക്കുന്ന പാര്‍ട്ടികളില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് പരിശോധന നടത്തുകയും ഇവയില്‍ ചിലതിന്റെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. വ്യാജ കള്ള് വില്‍പന തടയുന്നതിന്റെ ഭാഗമായി കള്ളുഷാപ്പുകളിലും എക്‌സൈസിന്റെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
ജില്ലയില്‍ വ്യാജ അരിഷ്ട വില്‍പന വ്യാപകമാവുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അരിഷ്ടാസവ നിര്‍മാണ യൂനിറ്റുകളിലും വില്‍പന കേന്ദ്രങ്ങളിലും എക്‌സൈസ് പരിശോധന ശക്തമാക്കി. ഒപ്പം മയക്കുമരുന്ന്, പാന്‍മസാല എന്നിവയുടെ വില്‍പന, ഉപയോഗം എന്നിവയ്‌ക്കെതിരെയും നടപടി ശക്തമാക്കിയിട്ടുണ്ട്.
പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാനും എക്‌സൈസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 9447178000 എന്ന എക്‌സൈസ് കമ്മീഷണറുടെ മൊബൈല്‍ നമ്പറില്‍ പരാതി നല്‍കാവുന്നതാണ്. ലഹരിയുടെ ഉപയോഗത്തില്‍ നിന്നു ജനങ്ങളെ പിന്തിരിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ എക്‌സൈസ് ഓഫിസുകള്‍ മുഖേന ലഹരി വിരുദ്ധ ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട്. എറണാകുളം ജില്ലയില്‍ 187 സ്‌കൂളിലും 23 കോളജുകളിലും ലഹരി വരുദ്ധ ക്ലബുകള്‍ ആരംഭിച്ചു.
100 സ്‌കൂളുകളില്‍ എക്‌സൈസ് വിവര ശേഖര പെട്ടികള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചതായും അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ എ എസ് രഞ്ജിത് പറഞ്ഞു. എക്‌സൈസ് വകുപ്പിനെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ എക്‌സൈസ് കമ്മീഷണറായി ചാര്‍ജേറ്റെടുത്ത ശേഷം ഋഷിരാജ് സിങിന്റെ നേതൃത്വത്തില്‍ എറണാകുളത്ത് എക്‌സൈസ് ഉദ്യോഗസ്ഥരുടെ മീറ്റിങ് വിളിച്ചു ചേര്‍ക്കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.
ഇതു കൂടാതെ അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷകര്‍ത്താക്ക ള്‍, മദ്യവിരുദ്ധ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുമായും ഋഷിരാജ് സിങ് സംവദിക്കുകയും നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. അതേസമയം, പോലിസ് വകുപ്പു—മായി താരതമ്യം ചെയ്യുമ്പോള്‍ നാമമാത്രമായ ജീവനക്കാര്‍ മാത്രമാണ് എക്‌സൈസ് വകുപ്പില്‍ ഉള്ളത്. ഇത് എക്‌സൈസിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss