|    Mar 25 Sat, 2017 11:11 am

ഊര്‍ജമേഖലയില്‍ ഇന്ത്യ- സൗദി കരാറിന് അനുമതി

Published : 13th October 2016 | Posted By: SMR

റിയാദ്: സാമ്പത്തിക സഹകരണം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഊര്‍ജ മേഖലയില്‍ ഇന്ത്യയുമായി സഹകരിക്കാന്‍ സൗദി മന്ത്രിസഭാ തീരുമാനം. ഊര്‍ജമേഖലയില്‍ ഇരുരാഷ്ട്രങ്ങളും തമ്മില്‍ സഹകരിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഊര്‍ജമന്ത്രാലയവുമായി കരാര്‍ ഒപ്പുവയ്ക്കാന്‍ കിങ് അബ്ദുല്ലാ അറ്റോമിക് എനര്‍ജി സെന്റര്‍ തലവനെ മന്ത്രിസഭ ചുമതലപ്പെടുത്തി.
നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ കരാറിന്റെ പകര്‍പ്പ് ഉടന്‍ മന്ത്രിസഭയ്ക്കു കൈമാറാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി സന്ദര്‍ശിച്ച വേളയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഊര്‍ജമേഖലയില്‍ സഹകരിക്കാന്‍ ധാരണയിലെത്തിയിരുന്നു. ഇരുരാജ്യങ്ങളിലെയും ഊര്‍ജമന്ത്രിമാരും ബന്ധപ്പെട്ട വിഭാഗം തലവന്‍മാരും കൂടിക്കാഴ്ച നടത്തിയാണ് സഹകരണ കരാര്‍ തയ്യാറാക്കിയത്. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ റിയാദ് യമാമ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭായോഗം കരാര്‍ സംബന്ധിച്ചു ചര്‍ച്ചചെയ്തു. കരാറുമായി മുന്നോട്ടുപോവാന്‍ സൗദി പെട്രോളിയം മന്ത്രാലയത്തിനും കിങ് അബ്ദുല്ലാ അറ്റോമിക് എനര്‍ജി സെന്ററിനും മന്ത്രിസഭ അനുമതി നല്‍കി. ഖുബ്‌സും മറ്റു ഭക്ഷ്യ ഉല്‍പന്നങ്ങളും പാഴാക്കിക്കളയുന്നവര്‍ക്കെതിരേ വന്‍ പിഴ അടക്കമുള്ള ശിക്ഷാനടപടി കൈക്കൊള്ളുന്നതിനുള്ള ശുപാര്‍ശയ്ക്കു മന്ത്രിസഭ അംഗീകാരം നല്‍കി. ജിസിസി രാജ്യങ്ങളില്‍ ഏകീകൃത നിയമസംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു പഠനം നടത്താനുള്ള നിര്‍ദേശം മന്ത്രിസഭ സ്വാഗതം ചെയ്തു. ഹോര്‍മസ് കടലിടുക്കിലും ഒമാന്‍ കടലിലുമായി സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ഗള്‍ഫ് ഷീല്‍ഡ് എന്ന പേരില്‍ നടന്ന സംയുക്ത നാവികാഭ്യാസം സംബന്ധിച്ചും മന്ത്രിസഭ വിശകലനം ചെയ്തു.

(Visited 28 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക