|    Aug 24 Thu, 2017 4:52 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഊരുസഭകളുടെ തീരുമാനം നിര്‍ണായകമാവുമെന്ന് ഗീത വാഴച്ചാല്‍

Published : 11th August 2017 | Posted By: fsq

 

തൃശൂര്‍: ആതിരപ്പിള്ളി പദ്ധതിക്കെതിരായ ആദിവാസി ഊരുസഭയുടെ തീരുമാനം നിര്‍ണായകമാവുമെന്ന് ഗീത വാഴച്ചാ ല്‍. 2006ലെ വനാവകാശ നിയമപ്രകാരം കാടര്‍ വിഭാഗത്തില്‍പെട്ട ആദിവാസികള്‍ക്കാണ് പദ്ധതിപ്രദേശത്തിന്റെ പൂര്‍ണാധികാരം. സംസ്ഥാന സര്‍ക്കാരില്‍ നിന്നു സാമൂഹിക വനാവകാശം ഇവര്‍ക്ക് ലഭ്യമായിട്ടുണ്ട്. ഇതുപ്രകാരം ആതിരപ്പിള്ളി-വാഴച്ചാല്‍ മേഖലയിലെ 400 ചതുരശ്ര കിലോമീറ്റര്‍ വനം കാടര്‍ സമുദായത്തിന്റെ അധികാരപരിധിയില്‍ വരും. വനാവകാശ നിയമപ്രകാരം വനവും വന്യജീവികളും ജൈവസമ്പത്തും സംരക്ഷിക്കാന്‍ കാടര്‍ സമുദായത്തിന് അധികാരമുണ്ട്. വനത്തെയും വന്യജീവികളെയും പ്രതികൂലമായി ബാധിക്കുന്ന പ്രവൃത്തികള്‍ തടയുന്നതും ഇവരുടെ അധികാരപരിധിയില്‍ വരും. ആതിരപ്പിള്ളി പദ്ധതി വരുന്ന വാഴച്ചാല്‍ ഫോറസ്റ്റ് ഡിവിഷനില്‍ ഒമ്പത് കാടര്‍ ആദിവാസി ഊരുകളിലായി 337 കുടുംബങ്ങളാണുള്ളത്. പദ്ധതിപ്രദേശത്തിന്റെ 400 മീറ്റര്‍ മാത്രം ദൂരെയുള്ള വാഴച്ചാല്‍ ഊരില്‍ മാത്രം 68 കാടര്‍ ആദിവാസി കുടുംബങ്ങള്‍ ഉണ്ട്. പൊകലപ്പാറ-28, പൊരിങ്ങല്‍ക്കുത്ത്-36, മുക്കംപുഴ-17, വാച്ച്മരം-45, തവളക്കുഴിപ്പാറ-45, ആനക്കയം-23, ഷോളയാര്‍-20, പെരുമ്പാറ-55 എന്നിങ്ങനെയാണ് മറ്റു ഊരുകളിലെ കുടുംബങ്ങളുടെ എണ്ണം. തുടക്കം മുതലേ ആദിവാസിസമൂഹം ആതിരപ്പിള്ളി പദ്ധതിയെ എതിര്‍ക്കുന്നുണ്ട്. 2002, 2006 വര്‍ഷങ്ങളിലെ പൊതുതെളിവെടുപ്പിലും 2007ല്‍ റിവര്‍വാലി എക്‌സ്‌പേര്‍ട്ട് കമ്മിറ്റിക്കു മുമ്പാകെയും കാടര്‍ വിഭാഗം ശക്തമായ എതിര്‍പ്പു പ്രകടിപ്പിച്ചു. വാഴച്ചാല്‍ ഊരുമൂപ്പത്തി ഗീതയുടെ പരാതിപ്രകാരം സംസ്ഥാന ട്രൈബല്‍ റീഹാബിലിറ്റേഷന്‍ കമ്മീഷണര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. അങ്കണവാടി അധ്യാപികയായ ഗീത പരിസ്ഥിതിപ്രവര്‍ത്തകരുടെ സഹായത്തോടെ പദ്ധതിക്കെതിരേ 2005, 2007 വര്‍ഷങ്ങളില്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. 2015 ആഗസ്തില്‍ വാഴച്ചാല്‍ കാടര്‍ ഊരുകൂട്ടം ആതിരപ്പിള്ളി പദ്ധതിക്കെതിരേ പ്രമേയം പാസാക്കി. ഡിസംബറില്‍ വനാവകാശ നിയമങ്ങളുടെ പിന്‍ബലത്തി ല്‍ ഊരുകൂട്ടത്തിന്റെ നേതൃത്വത്തില്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. സമരവും നിയമനടപടികളുമായി പദ്ധതിയെ എതിര്‍ക്കും. തങ്ങളെ വഞ്ചിച്ചും പുറന്തള്ളിയും മുന്നോട്ടുപോവാനാണ് അധികാരികള്‍ ശ്രമിക്കുന്നത്. അത് അനുവദിക്കാനാവില്ല. എന്തു വാഗ്ദാനങ്ങള്‍ നല്‍കിയാലും വനവും പുഴയും നശിക്കുന്ന പദ്ധതിയെ പിന്തുണയ്ക്കില്ലെന്ന് ഗീത ഉറപ്പിച്ചുപറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക