|    Oct 23 Tue, 2018 12:42 pm
FLASH NEWS

ഊരുമൂപ്പന്‍മാര്‍ക്കൊപ്പം കലക്ടറുടെ ഓണസദ്യ

Published : 9th September 2017 | Posted By: fsq

 

കല്‍പ്പറ്റ: പത്തോളം ആദിവാസി സമുദായങ്ങളിലെ ഊരുമൂപ്പന്മാര്‍ക്കൊപ്പം ജില്ലാ കലക്ടറുടെ ഓണസദ്യ. പ്രാക്തന ഗോത്രവിഭാഗമായ കാട്ടുനായ്ക്ക ഊരുകളിലടക്കമുള്ള ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പത്ത് ഊരുമൂപ്പന്‍മാര്‍ക്കാണ് ജില്ലാ കലക്ടര്‍ എസ് സുഹാസ് ഓണസദ്യ നല്‍കിയത്. ഇതാദ്യമായാണ് ഇത്തരത്തില്‍ ആദിവാസി മൂപ്പന്‍മാര്‍ ഒരു വേദിയില്‍ ഓണാക്കാലത്ത്് ഒത്തുചേരുന്നത്. പണിയ, കാട്ടുനായ്ക്ക, ഊരാളി, കുറുമ, കുറിച്യ വിഭാഗങ്ങളിലെ ഊരുമൂപ്പന്‍മാരാണ് ചടങ്ങില്‍ പങ്കെടുത്തത്. ശ്രേഷ്ഠമായ പാരമ്പര്യത്തനിമയുള്ള ഗോത്രവിഭാഗങ്ങളെ ആദരിക്കാനും നേരിട്ട് അഭിനന്ദിക്കാനുമുള്ള ചടങ്ങായി ഈ സംഗമം വേറിട്ടുനിന്നു. വിവിധ ഊരുകളിലെ ആദിവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും ഇവയുടെ പരിഹാര നിര്‍ദേശങ്ങള്‍ സ്വരൂപിക്കാനും ഏകോപിപ്പിക്കാനുമുള്ള എ വേദി കൂടിയായി ഇത് മാറുകയായിരുന്നു. മീനങ്ങാടി ഗോഖലെ നഗര്‍ കോളനിയിലെ നൂഞ്ചന്‍, കണിയാമ്പറ്റ ചീക്കല്ലൂര്‍ കോളനിയിലെ ടി വാസുദേവന്‍, കണിയാമ്പറ്റ കാവടം കോളനിയിലെ കാവലന്‍, മേപ്പാടി അണമല കോളനിയിലെ രാഘവന്‍, മാനന്തവാടി മുയല്‍ക്കുനി കോളനിയിലെ രവീന്ദ്രന്‍, പൂതാടി പാടിക്കുന്ന് കോളനിയിലെ മാധവന്‍, വേങ്ങൂര്‍ ചോളക്കൊല്ലി കോളനിയിലെ സി കണാരന്‍, അമ്പലവയല്‍ നെല്ലാറ കോളനിയിലെ ബാലന്‍, തവിഞ്ഞാല്‍ പാലക്കൊല്ലി കോളനിയിലെ നിട്ടാണി കേളു, കമ്മന ചെറുവയല്‍ രാമന്‍ എന്നിവരാണ് വിവിധ ഗോത്രങ്ങളെ പ്രതിനിധീകരിച്ച് ജില്ലാ കലക്ടറുടെ പ്രത്യേക ക്ഷണിതാക്കളായി ഓണസദ്യയില്‍ പങ്കുചേര്‍ന്നത്. അവിയലും കൂട്ടുകറിയും കാളനും പാലട പ്രഥമനും ഒക്കെ ചേര്‍ന്ന കേരളീയ സദ്യയാണ് ഇവര്‍ക്കായി ഒരുക്കിയത്. ഓരോരുത്തരെയും നേരിട്ട് പരിചയപ്പെട്ട ജില്ലാ കലക്ടര്‍ ഇവരുടെ കോളനികളും സമുദായങ്ങളും നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ ആരാഞ്ഞു. വീടുനിര്‍മാണത്തിലെ അപാകങ്ങളും കുടിവെള്ളമില്ലാത്തതും വഴിയില്ലാത്തതിന്റെ ദുരിതങ്ങളുമെല്ലാം കലക്ടറോട് ഇവര്‍ നേരിട്ട് പറഞ്ഞു. അതാതു മേഖലകളില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആത്മാര്‍ഥമായ പരിശ്രമങ്ങള്‍ നടത്തുമെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ് ഇവരോടായി പറഞ്ഞു. ആദിവാസി ഊരുകളുടെ വികാസത്തിനും ലഹരി ഉപഭോഗത്തിനുമെതിരേ ശരിയായ ബോധവല്‍ക്കരണവും അനിവാര്യമാണെന്നും ഊരുമൂപ്പന്‍മാര്‍ പറഞ്ഞു. മാറിയ കാലത്തിനൊപ്പം വിസ്മരിക്കപ്പെടുന്ന ആദിവാസികളുടെ അനുഷ്ഠാനങ്ങളും ആചാരങ്ങളും വൈവിധ്യങ്ങളും സംരക്ഷിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ ഇടപെടല്‍ അത്യാവശ്യമാണെന്ന് കൂട്ടായ്മയില്‍ പങ്കെടുത്ത അറിയപ്പെടുന്ന കര്‍ഷകനും പാരമ്പര്യ നെല്‍വിത്ത് സംരക്ഷകനായ ചെറുവയല്‍ രാമന്‍ പറഞ്ഞു. ഇക്കാര്യം ഗൗരവമായി ചര്‍ച്ച ചെയ്യുമെന്നും ഇതിനായി ജില്ലയില്‍ നിന്നു തന്നെയുള്ള ഒരു സമിതി രൂപീകരിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. സര്‍ക്കാര്‍ നടപ്പാക്കുന്ന ക്ഷേമപദ്ധതികളും പാര്‍പ്പിട പദ്ധതിയുമെല്ലാം ലക്ഷ്യത്തിലെത്തിക്കാന്‍ ജില്ലയിലെ മുഴുവന്‍ ഊരുകളുടെയും സഹകരണം ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. രണ്ടുമാസമായി ജില്ലയിലെ ആദിവാസി കോളനികള്‍ അവധി ദിനത്തില്‍ സന്ദര്‍ശനം നടത്തി ആദിവാസി വിഭാഗങ്ങള്‍ നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ സമയം കണ്ടെത്തുന്നുണ്ട്. ഇവര്‍ നേരിടുന്ന പ്രധാനപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമയബന്ധിതമായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ത്രിതല പഞ്ചായത്തുകളുടെ പൂര്‍ണ സഹകരണത്തോടെ പാര്‍പ്പിട, കുടിവെള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം എത്തിക്കാന്‍ കഴിയുമെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ് പറഞ്ഞു. ഓണസദ്യയ്ക്ക് ശേഷം വിവിധ ആദിവാസി സമുദായത്തിലെ ഊരുമൂപ്പന്‍മാര്‍ ഒരുമിച്ച് ജില്ലാ കലക്ടര്‍ക്കൊപ്പം ഫോട്ടോയുമെടുത്താണ് മടങ്ങിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss