|    Jul 22 Sun, 2018 6:28 pm
FLASH NEWS

ഊരുകൂട്ടങ്ങള്‍ രൂപീകരിക്കേണ്ട ചുമതല വകുപ്പുകള്‍ തമ്മില്‍ തര്‍ക്കം

Published : 19th September 2017 | Posted By: fsq

 

നെടുമങ്ങാട്: പട്ടികവര്‍ഗ കോളനികളില്‍ ഊരുകൂട്ടങ്ങള്‍ രൂപീകരിക്കുന്നതിനും ഊരുമൂപ്പന്‍മാരെ തിരഞ്ഞെടുക്കുന്നതിനുമുള്ള ചുമതല ആര്‍ക്കെന്നുള്ളതിനെച്ചൊല്ലി വകുപ്പുകള്‍ തമ്മില്‍ തര്‍ക്കം. നിലവില്‍ അധികാരം പഞ്ചായത്തുകളില്‍ നിക്ഷിപ്തമാണെന്നാണ് വിവരം. എന്നാല്‍ അധികാരം ഐടിഡിപിക്കെന്നാണ് പഞ്ചായത്ത് അധികൃതരുടെ ഭാഷ്യം. പതിനൊന്നാം പഞ്ചവല്‍സര പദ്ധതിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് പട്ടികവര്‍ഗ്ഗ മേഖലകളില്‍ പദ്ധതി നടപ്പാക്കാനുള്ള അധികാര കേന്ദ്രമായി ഊരുകൂട്ടങ്ങളെയാണ് സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ളത്. ഇതുപ്രകാരം വിപുലമായട്ടുള്ള അധികാരങ്ങളും ഊരുകൂട്ടങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. പഞ്ചായത്തുകളിലെ പട്ടികവര്‍ഗ്ഗ വാര്‍ഡുകളില്‍ ഊരു കൂട്ടങ്ങള്‍ രൂപീകരിക്കേണ്ട ചുമതല പഞ്ചായത്ത് അധികാരികളുടെ സാന്നിധ്യത്തില്‍ ബന്ധപ്പെട്ട ടിഇഒ മാര്‍ക്കാണ്. സ്ഥലത്തെ എംഎല്‍എ, എംപി തുടങ്ങിയ ജനപ്രതിനിധികള്‍ക്കും ഊരുകൂട്ടത്തില്‍ പങ്കെടുക്കാന്‍ അനുമതി ഉണ്ട്. ഇത്തരത്തില്‍ ചേരുന്ന ഊരുകൂട്ടങ്ങളില്‍ ജനാധിപത്യ രീതിയിലാണ് ഊരുമൂപ്പന്‍മാരെ തിരഞ്ഞെടുത്തു വരുന്നത്. ഇത്രയും പ്രാധാന്യമുള്ള ഊരുകൂട്ടങ്ങളെ സംബന്ധിച്ച് പഞ്ചായത്തുകള്‍ക്കോ ഐടിഡിപിയ്‌ക്കോ യാതൊരു വിവരവുമില്ലെന്ന് ആദിവാസി മഹാസഭ ഭാരവാഹികള്‍ ആരോപിച്ചു. 2014 മുതല്‍ 17 വരെ നടന്ന ഊരുകൂട്ടങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം തൊളിക്കോട് പഞ്ചായത്തില്‍ ആരാഞ്ഞപ്പോള്‍ ഇതു പ്രകാരമുള്ള വിവരങ്ങള്‍ ഇവിടെ ലഭ്യമല്ലെന്നും ഈ വിഷയത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നെടുമങ്ങാട് ഐടിഡിപി ഓഫിസില്‍ ലഭിക്കുമെന്നുമാണ് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചത്. ഇതു പ്രകാരം ഐടിഡിപി ഓഫിസില്‍ അന്വേഷിച്ചപ്പോള്‍ ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമല്ലെന്ന മറുപടിയാണ് അവിടെ നിന്നു ലഭിച്ചത്. ഊരുകൂട്ടങ്ങളെ സര്‍ക്കാര്‍ ഉത്തരവില്‍ പറയും പ്രകാരം സംഘടിപ്പിക്കുന്നതിനും വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആധുനികവല്‍ക്കരിക്കുന്നതിനും നടപടികള്‍ സ്വീകരിക്കണമെന്ന് ആദിവാസി മഹാസഭ സംസ്ഥാന കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss