|    Feb 20 Mon, 2017 3:00 pm
FLASH NEWS

ഊരാമ്പാറ കേന്ദ്രീകരിച്ച് കുടിവെള്ള വിതരണ പദ്ധതി ആരംഭിക്കണമെന്ന്

Published : 26th October 2016 | Posted By: SMR

ചിറ്റാര്‍: ചിറ്റാര്‍-സീതത്തോട് ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ ചിറ്റാര്‍-86ല്‍ കുടിവെള്ള ക്ഷാമം രൂക്ഷമാവുന്നു. ഇതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. ഇതിന്റെ ആദ്യപടിയായി 86-കോര്‍ട്ടുമുക്ക് അയല്‍സഭയുടെ നേതൃത്വത്തില്‍ 86 കുടുംബങ്ങള്‍ ഒപ്പിട്ട നിവേദനം ചിറ്റാര്‍ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്കു കൈമാറി.ചിറ്റാര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍പെട്ട 86 മുസ്‌ലിം പള്ളിക്കു സമീപമായി ചുറ്റപ്പെട്ട് കിടക്കുന്ന വാര്‍ഡില്‍ നൂറോളം കുടുംബങ്ങളാണ് ഉള്ളത്. മുമ്പ് എവിടി റബര്‍ പ്ലാന്റേഷന്റെ ഭാഗമായിരുന്നു പ്രദേശം ചില്ലറ വില്‍പ്പന നടത്തിയതോടെയാണ് പ്രദേശത്തേക്ക് ചിറ്റാര്‍-സീതത്തോട് വില്ലേജിലെ ഇതര പ്രദേശങ്ങളില്‍ നിന്നും കൂടുതല്‍ ആളുകള്‍ താമസമാക്കിയത്.  ഒന്നര പതിറ്റാണ്ട് മുമ്പ് സുലഭമായി ജലസ്രോതസ്സുകളുണ്ടായിരുന്ന പ്രദേശത്ത് ഊരാമ്പാറയിലുള്ള ക്രഷറിന്റെ പ്രവര്‍ത്തനം ആരംഭിച്ചതോടെയാണ് ജനങ്ങളുടെ കുടിവെള്ള പ്രശ്‌നങ്ങളും തുടങ്ങുന്നത്. ഇതോടെയുണ്ടായ പരിസ്ഥിതി നാശത്തെ തുടര്‍ന്ന് 86 മലയുടെ മുകള്‍ ഭാഗങ്ങളില്‍ നിന്നുമുണ്ടായിരുന്ന സ്വാഭാവിക നീരൊഴുക്ക് നഷ്ടമാവുകയും കിണറുകളിലെ ജല ലഭ്യത മഴക്കാലത്തു മാത്രമായി മാറുകയും ചെയ്തു. മുന്നു പതിറ്റാണ്ടിന് മുമ്പ് സംസ്ഥാനത്തെ പിടിച്ചുലച്ച കൊടും വരള്‍ച്ചയിലും 86 മലയുടെ മുകളിലുണ്ടായിരുന്ന നീരുറവ ജനങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായിരുന്നു. എന്നാല്‍ ഇന്ന് മഴതോര്‍ന്നാലുടന്‍ തന്നെ ഈ നീരുറവയും പറ്റും. കടുത്ത ജലക്ഷാമത്തിന്റെ പിടിയിലായ ഈ മേഖലയില്‍ തുടര്‍ച്ചയായി ഒരാഴ്ച വെയില്‍ അടിച്ചാല്‍ കിണറുകള്‍ എല്ലാം വറ്റി വരളും. പിന്നുള്ള ആശ്രയം വാഹനത്തില്‍ വെള്ളം എത്തിക്കുകമാത്രമാണ്. വര്‍ഷങ്ങളായി പണം കൊടുത്ത് വെള്ളം വാങ്ങുകയാണ് ചെയ്യുന്നതെന്ന് സ്ഥലവാസികള്‍ പറയുന്നു. ശുദ്ധജല ക്ഷാമത്തിനു പരിഹാരം ആവശ്യപ്പെട്ട് ഏറെ വര്‍ഷങ്ങളായി പഞ്ചായത്ത് ഭരണസമിതികള്‍ക്കു പരാതികള്‍ നല്‍കിയിട്ടും പഞ്ചായത്ത് അധികൃതരുടെ ഭാഗത്തു നിന്ന് അനുകൂലമായ ഒരു നീക്കങ്ങളും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു. ഫണ്ടിന്റെ അഭാവം പറഞ്ഞ് ഓരോ തവണയും തങ്ങളെ അവഗണിക്കുകയാണെന്നാണ് അയല്‍സഭാ അംഗങ്ങളുടെ ആക്ഷേപം. തിരഞ്ഞെടുപ്പ് കാലയളവില്‍ മാത്രം സമീപിക്കുന്ന ജനപ്രതിനിധികള്‍ തങ്ങളുടെ ആവശ്യങ്ങള്‍ ബോധപൂര്‍വം മറക്കുന്നത് പതിവായതോടെയാണ് സ്ഥലവാസികള്‍ സംഘടിച്ച് പ്രക്ഷോഭ നടപടികളുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുന്നത്. ഊരാന്‍പാറ കേന്ദ്രീകരിച്ച് ജലസംഭരണി നിര്‍മിച്ച് ജലക്ഷാമത്തിനു പരിഹാരം കാണണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം. നിവേദനത്തിന് അര്‍ഹമായ പരിഗണന നല്‍കിയില്ലെങ്കില്‍ പഞ്ചായത്ത് ഓഫിസ് ഉപരോധം അടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ട് പോകുന്നതിനുള്ള തയാറെടുപ്പിലാണ് കോര്‍ട്ടുമുട്ട് അയല്‍സഭാംഗങ്ങള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക