|    Dec 14 Fri, 2018 9:16 am
FLASH NEWS

ഉസ്മാനിയാ യൂനിവേഴ്‌സിറ്റിയുടെ 100 വര്‍ഷം : ആഘോഷവും ആത്മപരിശോധനയും

Published : 7th February 2018 | Posted By: G.A.G

 കെ. ശ്രീനിവാസുലു

ഹൈദരാബാദ് പ്രവിശ്യയുടെ അവസാന ഭരണാധികാരിയായിരുന്ന നിസാമുല്‍ മുല്‍ക്ക് ഉസ്മാന്‍ അലിഖാന്‍ തലസ്ഥാനനഗരിയില്‍ 1918ല്‍ സ്ഥാപിച്ച സര്‍വകലാശാലയാണ് ഉസ്മാനിയാ യൂനിവേഴ്‌സിറ്റി. ഇപ്പോള്‍ 100 വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. യൂനിവേഴ്‌സിറ്റിയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതവാര്‍ഷികാഘോഷം 2017 ഏപ്രില്‍ 26ന് അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് ഉദ്ഘാടനം ചെയ്തത്. ഒരു യൂനിവേഴ്‌സിറ്റി 100 വര്‍ഷം പൂര്‍ത്തിയാക്കിയെന്നത് ആഘോഷിക്കാന്‍ വകയുള്ളതു തന്നെ. പക്ഷേ, ഒപ്പം തന്നെ അത് ആത്മപരിശോധനയ്ക്കും പുനര്‍ജീവനത്തിനുമുള്ള സന്ദര്‍ഭം കൂടിയാണ്.  ഇതുപോലുള്ള സന്ദര്‍ഭങ്ങള്‍, സ്മരണകള്‍ തിരിച്ചുപിടിച്ച് ഉല്‍സാഹപൂര്‍വം മുന്നേറാനും അവസരം നല്‍കുന്നു.

ആദ്യകാലങ്ങള്‍
ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന ഏഴാമത്തേതും തെന്നിന്ത്യയിലെ മൂന്നാമത്തേതുമായ സര്‍വകലാശാലയാണ് ഉസ്മാനിയാ യൂനിവേഴ്‌സിറ്റി. സര്‍വകലാശാലയുടെ ചരിത്രത്തില്‍ സ്ഥാപനത്തിന്റെ വികസനത്തിനു ബോധനപരം, വിദ്യാസമ്പന്നമായ സംഭാവന, മാറിക്കൊണ്ടിരിക്കുന്ന സാമൂഹികശാസ്ത്രപരമായ സ്വഭാവം എന്നിങ്ങനെ മൂന്നു തലങ്ങളുണ്ട്. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ ചരിത്രത്തില്‍ ഉയര്‍ന്ന സ്ഥാനമാണ് ഉസ്മാനിയാ യൂനിവേഴ്‌സിറ്റിക്കുള്ളത്. ഉര്‍ദു അധ്യാപന മാധ്യമമായി സ്വീകരിച്ച ഒന്നാമത്തെ സര്‍വകലാശാലയാണ് ഉസ്മാനിയ. വിദേശ ഭാഷകളുടെ വിലങ്ങുകളില്‍ നിന്നു സ്വാതന്ത്ര്യത്തിലേക്കുള്ള കുതിപ്പ് എന്നും വിദ്യാഭ്യാസത്തെ എല്ലാ ജനങ്ങള്‍ക്കും സ്വാഭാവികമായി സമീപിക്കാവുന്നതാക്കിത്തീര്‍ത്തു’എന്നുമാണ് ഉര്‍ദുവിനെ അധ്യാപന മാധ്യമമായി സ്വീകരിച്ചതിനെ അഭിനന്ദിച്ചുകൊണ്ട് രവീന്ദ്രനാഥ് ടാഗൂര്‍ പറഞ്ഞത്.
1948ല്‍ ഹൈദരാബാദ് ഇന്ത്യന്‍ യൂനിയനില്‍ ലയിക്കുന്നതിന്റെ പ്രാരംഭഘട്ടത്തില്‍ സാമൂഹികശാസ്ത്ര വിഷയങ്ങള്‍ക്കൊപ്പം, പ്രകൃതിശാസ്ത്രങ്ങളും എന്‍ജിനീയറിങ് കോഴ്‌സുകളും ഉര്‍ദുവില്‍ പഠിപ്പിക്കാന്‍ കഴിവും സൗകര്യവുമുള്ള ഒരു തികഞ്ഞ സര്‍വകലാശാലയായി ഉസ്മാനിയ യൂനിവേഴ്‌സിറ്റി പരിണമിച്ചു. ഈ ഗംഭീര കൃത്യനിര്‍വഹണത്തിനായി കനത്ത ഫണ്ടുകള്‍ നീക്കിവയ്ക്കപ്പെട്ടു. അനേകം പരിഭാഷാ വിദഗ്ധരെ ജോലിക്കായി നിയമിച്ചു. ബോധനപരമായ ഈ തലത്തില്‍ യൂനിവേഴ്‌സിറ്റി, കുലീനരും ഉന്നത വിഭാഗക്കാരും പ്രഭുക്കന്മാരുമായ യുവതയുടെ വിദ്യാഭ്യാസാവശ്യങ്ങള്‍ നിവര്‍ത്തിച്ചുകൊടുക്കുന്ന ഒരു വരേണ്യവര്‍ഗ സ്ഥാപനമായാണ് നിലകൊണ്ടത്. തെലുങ്ക് സംസാരിക്കുന്ന ഭൂരിപക്ഷ ജനങ്ങള്‍ക്കും താഴേക്കിടയില്‍ അവസരങ്ങള്‍ ലഭ്യമാവാതിരുന്നതും തെലുങ്കു ഭാഷയെയും വിദ്യാഭ്യാസത്തെയും ശ്രദ്ധിക്കാതെ വിട്ടതുമൊക്കെ ഉസ്മാനിയയെ ഒരു വരേണ്യവര്‍ഗ സ്ഥാപനമായിത്തീരാന്‍ കാരണമാക്കിയിട്ടുണ്ട്.
പരിമിതമായ സാമൂഹികാടിത്തറയും വരേണ്യ സ്വഭാവവുമുണ്ടെങ്കിലും കാലഘട്ടത്തിന്റെ വെല്ലുവിളികളേറ്റെടുത്ത്, പ്രദേശത്തിന്റെ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ ചരിത്രത്തില്‍ അതുല്യമായ ഒരു സ്ഥാനം കരസ്ഥമാക്കാന്‍ ഉസ്മാനിയയ്ക്ക് കഴിഞ്ഞു. സ്വാതന്ത്ര്യത്തിനും വികസനത്തിനുമുള്ള ഉത്കടമായ അഭിലാഷത്തിന്റെ ഉചിതസ്ഥാനമായി യൂനിവേഴ്‌സിറ്റി മാറി. ഹൈദരാബാദിനെ നാടുവാഴി ഭരണത്തില്‍ നിന്നു സ്വതന്ത്ര ഇന്ത്യയുടെ ഭാഗമാക്കി പരിവര്‍ത്തിപ്പിക്കുന്നതില്‍ യൂനിവേഴ്‌സിറ്റിയിലെ അധ്യാപകരും വിദ്യാര്‍ഥികളും വഹിച്ച പങ്ക് വളരെ വലുതാണ്. വന്ദേമാതര പ്രസ്ഥാനം, ഹൈദരാബാദ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണത്തില്‍ മുഖ്യ പങ്കുവഹിച്ച ഇടതുപക്ഷ കോമ്‌റേഡ്‌സ് അസോസിയേഷന്റെ രൂപീകരണം, ആന്ധ്രമഹാസഭ നയിച്ച സാഹിത്യ-സാംസ്‌കാരിക പ്രസ്ഥാനം, 1940കളിലെ ജന്മിത്വവിരുദ്ധവും നൈസാം വിരുദ്ധ കര്‍ഷകലഹള എന്നീ മുന്നേറ്റങ്ങള്‍ക്കും സംഘടനകള്‍ക്കും ബൗദ്ധികവും രാഷ്ട്രീയവുമായ നേതൃത്വം നല്‍കുന്നതില്‍ യൂനിവേഴ്‌സിറ്റി വഹിച്ച പങ്ക് നിസ്തുലമായിരുന്നു.

സ്വാതന്ത്ര്യാനന്തരഘട്ടം
ഹൈദരാബാദ് ഇന്ത്യന്‍ യൂനിയനില്‍ ലയിച്ചതിനു ശേഷം മാത്രമാണ് അധ്യാപന മാധ്യമം ഇംഗ്ലീഷാക്കിമാറ്റിയത്. വ്യത്യസ്ത വിഷയങ്ങളില്‍ പാണ്ഡിതോചിതമായ വെല്ലുവിളികളോടും ഗവേഷണ പുരോഗതികളോടും ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ സര്‍വകലാശാലയുടെ പ്രതികരണം അതിന്റെ ബോധന പ്രവര്‍ത്തനരീതികളില്‍ പ്രകടമാണ്. തെലങ്കാന പ്രദേശത്തിന്റെ പിന്നാക്ക ഉള്‍നാടന്‍ മേഖലകളിലേക്കു വിദ്യാഭ്യാസം വികസിപ്പിച്ചതിന്റെ ഫലമാണ് പ്രമുഖ യൂനിവേഴ്‌സിറ്റിയായുള്ള ഉസ്മാനിയയുടെ വളര്‍ച്ച. തെലങ്കാനയിലെ വിദ്യാഭ്യാസ ആന്തരികഘടനയുടെ ക്രമപ്രവൃദ്ധമായ വികസനത്തോടെ, സമുദായത്തിലെ മധ്യമ വിഭാഗങ്ങളിലെയും താഴ്ന്ന വിഭാഗങ്ങളിലെയും യുവത സര്‍വകലാശാലയിലേക്ക് ഒഴുകിയെത്തി. ഈ സാമൂഹിക മാറ്റം, സര്‍വകലാശാലയ്ക്ക് സമൂഹത്തിലും പൊതുഭരണ വ്യവസ്ഥയിലും വര്‍ധിച്ച സ്വീകാര്യതയുണ്ടാക്കാനും അധ്യാപകരിലും വിദ്യാര്‍ഥികളിലും ബുദ്ധിപരമായ പ്രതികരണങ്ങള്‍ സൃഷ്ടിക്കാനും ഇടയാക്കി.
സംസ്ഥാനത്തിന്റെ രാഷ്ട്രീയ നിലപാടുകളില്‍ ഈ മാറ്റം സ്വാധീനിക്കാന്‍ തുടങ്ങിയത് പലപ്പോഴും ഭരണകൂടങ്ങള്‍ക്ക് അസ്വസ്ഥതകളുണ്ടാക്കി. ഗ്രാമീണ പശ്ചാത്തലങ്ങളില്‍ നിന്നു വിദ്യാര്‍ഥികള്‍ സര്‍വകലാശാലയില്‍ പ്രവേശിച്ചതോടെ ഗ്രാമീണ മേഖലകളില്‍ നിലവിലുണ്ടായിരുന്ന ജന്മിത്വാധിപത്യം സൃഷ്ടിച്ച അശാന്തിക്കെതിരേ അവരില്‍ രോഷം പതഞ്ഞുപൊന്താനിടയാക്കി. 1960കളുടെ അവസാനങ്ങളില്‍ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ രൂപത്തിലാണ് അതു പ്രകടമായത്.
ഔദ്യോഗിക അധ്യാപന മാധ്യമം ഇംഗ്ലീഷായി തുടര്‍ന്നെങ്കിലും 1970കളുടെ അവസാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് തെലുങ്കു ഭാഷയില്‍ പരീക്ഷ എഴുതാനുള്ള അനുവാദം ലഭിച്ചു. സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ വരവോടെ, അവരുടെ ആകുലതകളും ആകാംക്ഷകളും പ്രകടിപ്പിക്കാന്‍ യൂനിവേഴ്‌സിറ്റിക്ക് ഇടംനല്‍കേണ്ടിവന്നു.
1960കളുടെ അവസാനത്തിലെ തെലങ്കാന പ്രസ്ഥാന പ്രക്ഷോഭം 1970കളിലെ അടിയന്തരാവസ്ഥാ വിരുദ്ധപോരാട്ടം, ഭരണകൂട മര്‍ദ്ദനനയങ്ങള്‍ക്കെതിരേ 1980കളിലെ ജനാധിപത്യ പൗരാവകാശ പ്രസ്ഥാന വികസനം, 1990 മുതല്‍ 2014ല്‍ തെലങ്കാന സംസ്ഥാനം രൂപീകൃതമാവുന്നതു വരെ പ്രത്യേക സംസ്ഥാനത്തിനു വേണ്ടിയുള്ള പോരാട്ടം ഇവയിലെല്ലാം യൂനിവേഴ്‌സിറ്റിയുടെയും അധ്യാപക-വിദ്യാര്‍ഥി സമൂഹത്തിന്റെയും പങ്ക്, സാമൂഹിക വിഷയങ്ങളിലേക്കു വ്യാപിക്കുന്ന സര്‍വകലാശാലാ വികസനമാണ് പ്രകടമാവുന്നത്.

പ്രാദേശിക പ്രീണനം
സാമൂഹിക-രാഷ്ട്രീയ പ്രശ്‌നങ്ങളോട് ഉത്തരവാദിത്തപൂര്‍ണമായി യൂനിവേഴ്‌സിറ്റി പ്രതികരിക്കുന്നത് നമ്മെ ആവേശഭരിതരാക്കുന്നുവെങ്കിലും അതു യൂനിവേഴ്‌സിറ്റിയുടെ ഗുണത്തിലും സ്വഭാവത്തിലും കടുത്ത സമ്മര്‍ദ്ദമുണ്ടാക്കി. പരമാധികാരം, ഗുണമേന്മ, സാമൂഹികപ്രതികരണം എന്നിവയ്ക്കിടയില്‍ നീതിന്യായപരമായ ഒരു സന്തുലിതാവസ്ഥ ശ്രദ്ധാപൂര്‍വം പരിപോഷിപ്പിക്കപ്പെടുകയും അസൂയാര്‍ഹമാംവിധം സംരക്ഷിക്കപ്പെടുകയുമുണ്ടായി. സ്ഥാപനപരമായ പ്രതിസന്ധിയിലേക്കു വഴിതുറന്നു എന്നതാണ് ഈ സന്തുലിതാവസ്ഥയെ അസ്വസ്ഥമാക്കിയത്.
1970 മുതല്‍ രാഷ്ട്രീയ ഭരണകൂടങ്ങള്‍ അവരുടെ പ്രീണനങ്ങള്‍ പ്രാദേശിക വരേണ്യവിരുദ്ധ പ്രഭാഷകരോടൊപ്പം സ്ഥാപനപരമായ സമഗ്രതയുടെയും അക്കാദമിക നിലവാരത്തിന്റെയും കാര്യത്തില്‍ ഒരു ഒത്തുതീര്‍പ്പിനു വഴങ്ങിയിരുന്നുവെങ്കില്‍ അന്ന്, സാമ്പത്തിക കാര്യങ്ങളിലും മാനവവിഭവശേഷി ആവശ്യങ്ങളിലും മതിയായ ശ്രദ്ധകൊടുക്കാന്‍ പറ്റാതെ സര്‍വകലാശാലയുടെ വിദ്യാഭ്യാസ വികസനമെന്ന സിദ്ധാന്തത്തെ തന്നെ അപ്രധാനമാക്കാനും യൂനിവേഴ്‌സിറ്റി എന്ന ആശയം തന്നെ ഇല്ലാതാക്കുന്നതിലേക്കും നയിക്കുമായിരുന്നു.
ഈ വിശാല പശ്ചാത്തലത്തില്‍ പ്രാദേശിക സര്‍വകലാശാലകള്‍, അവരകപ്പെട്ട അസ്വാസ്ഥ്യത്തിന്റെ സവിശേഷകാരണങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. രാഷ്ട്രീയ പരിഗണനകള്‍ കാരണമായി അക്കാദമികവും ഭരണപരവുമായ നേതൃത്വത്തിന്റെ കഴിവില്ലായ്മയാണ് ഒന്നാമത്തേത്. ഭരണസമിതിയുടെയും വൈസ് ചാന്‍സലര്‍മാരുടെ പോലും നിയമനങ്ങളില്‍ വ്യാപകമായ തോതില്‍ അഴിമതി ആരോപിക്കപ്പെടുകയും വാര്‍ത്ത പ്രചരിപ്പിക്കുകയും ചെയ്യുക എന്നത് പ്രാദേശിക സര്‍വകലാശാലകളില്‍ പതിവായി മാറിയിരിക്കുന്നു. പലപ്പോഴും ഈ പദവികള്‍ രാഷ്ട്രീയ ദൃഷ്ടിയിലൂടെയാണു വീക്ഷിക്കുന്നത്. നിയമിക്കപ്പെടുന്നവരുടെ യോഗ്യതകള്‍ക്കുപരി അതതു കാലത്തെ സര്‍ക്കാരുകളുടെ താല്‍പ്പര്യങ്ങള്‍ക്കാണ് കൂടുതല്‍ പ്രസക്തി. നിയമനവ്യവസ്ഥയില്‍ ഈ രാഷ്ട്രീയ ഇടപെടലുകള്‍ താഴേക്കിടയില്‍ വരെ എത്തുന്ന ഒരു പ്രവാഹമാണ്. കാരണം, യൂനിവേഴ്‌സിറ്റികള്‍ പൊതു തൊഴിലവസരങ്ങളുടെ ഒരു മുഖ്യ ഉറവിടമായാണ് ഇന്നത്തെ സാമൂഹിക പശ്ചാത്തലത്തില്‍ പരിഗണിക്കപ്പെടുന്നത്.
രണ്ടാമതായി, മാറിവരുന്ന പ്രീണന നയങ്ങള്‍ക്കും സ്ഥാപനങ്ങളുടെ സാമൂഹിക പശ്ചാത്തലങ്ങളും അവ പ്രദാനം ചെയ്യുന്ന വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുകയും യൂനിവേഴ്‌സിറ്റിയുടെ സാമൂഹിക സ്വഭാവത്തെ മാറ്റുകയും ചെയ്തു.

സ്വകാര്യവല്‍ക്കരണം എന്ന വെല്ലുവിളി
സാമ്പത്തിക പരിഷ്‌കരണത്തിന്റെ ഭാഗമായി സംസ്ഥാനതലത്തില്‍ സര്‍ക്കാര്‍ തുടക്കം കുറിച്ച ഉന്നത വിദ്യാഭ്യാസ മേഖലയുടെ സ്വകാര്യവല്‍ക്കരണം, പ്രാദേശിക സര്‍വകലാശാലകളോടുള്ള അവഗണന കൂടുതല്‍ വ്യക്തമാക്കി. മനപ്പൂര്‍വം ഗ്രാന്റുകള്‍ നിഷേധിക്കല്‍, നിയമന നിരോധനത്തിന്റെ പേരില്‍ അക്കാദമിക ഭരണതലങ്ങളിലേക്കുള്ള പദവികളില്‍ നിരവധി ഒഴിവുകളുടെ കൂട്ടിവയ്ക്കല്‍, ഗുണപരമായ വിദ്യാഭ്യാസത്തിന് അനിവാര്യമാണെന്ന നിലയില്‍ വ്യവസ്ഥയും ക്രമവും പാലിക്കാതെ സ്വകാര്യ സംരംഭങ്ങള്‍ക്കു വിശേഷാധികാരം നല്‍കല്‍ എന്നിവ മുമ്പേ ദുര്‍ബലമായ പ്രാദേശിക സര്‍വകലാശാലകളുടെ ക്ലേശങ്ങള്‍ വര്‍ധിപ്പിച്ചു.
സ്വകാര്യവല്‍ക്കരണത്തിനു വ്യാജ പ്രസക്തിയുണ്ടാക്കി ഉന്നത വിദ്യാഭ്യാസം അനുഭവിച്ചുകൊണ്ടിരിക്കുന്ന അവഗണനയ്ക്ക് നിയമസാധുത തേടുകയാണ് ഇപ്പോള്‍. ‘സര്‍വകലാശാല സ്വയം ആഹാരം തേടണമെന്നും അതിജീവനത്തിനു വിപണി സൗഹൃദമായിരിക്കണ’മെന്നുമുള്ള നിര്‍ദേശങ്ങളുടെ സൂചനകള്‍ വ്യക്തമാണ്. ഇതിന്റെ ദുരന്തഫലം മാനവവിഷയങ്ങള്‍ക്കും സാമൂഹ്യശാസ്ത്ര വിഷയങ്ങള്‍ക്കുമാണ് ഏറെ ബാധിക്കുക. ഭാഷാവിഭാഗങ്ങള്‍ ‘സോഫ്റ്റ് സ്‌കില്ലു’കളുടെ കൊച്ചു ഘടകങ്ങളായി മാറുന്നു. സ്വകാര്യവല്‍ക്കരണത്തിന്റെ സ്വരഭേദങ്ങളിലൂടെ പൊതു പ്രാദേശിക സര്‍വകലാശാലകള്‍ ഭയപ്പെടുത്തപ്പെടുന്നു.
ഉസ്മാനിയ യൂനിവേഴ്‌സിറ്റിയുടെ നിലവിലുള്ള അവസ്ഥ, അതിന്റെ ശതവര്‍ഷ നിലവാരത്തിന് ഒട്ടും അനുയോജ്യമല്ല. കഴിഞ്ഞ രണ്ടു ദശകങ്ങളായി സംസ്ഥാനത്തെ മറ്റു മിക്ക സര്‍വകലാശാലകളിലെ പോലെ തന്നെ ഉസ്മാനിയയ്ക്കും ഗ്രാന്റില്‍ കനത്ത കുറവാണ് വരുത്തിയത്. എത്രത്തോളമെന്നാല്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും ഏറെ പ്രയാസപ്പെടേണ്ട ഗതി സര്‍വകലാശാലയ്ക്കുണ്ടായി. വിഭവങ്ങള്‍ സ്വയം കണ്ടെത്തിയ സാമ്പത്തികാവശ്യങ്ങള്‍ നിറവേറ്റാന്‍ സര്‍വകലാശാലകള്‍ നിര്‍ബന്ധിക്കപ്പെട്ടു.
‘സ്വാശ്രയ കോഴ്‌സുകള്‍”ഉദാഹരണം. ഫാക്കല്‍റ്റി നിയമനങ്ങള്‍ സര്‍ക്കാര്‍ കര്‍ശനമായി നിയന്ത്രിച്ചു. തീര്‍ച്ചയായും അത് അധ്യാപകര്‍ വിരമിക്കുമ്പോഴുള്ള ഒഴിവുകളുടെ എണ്ണവുമായി പൊരുത്തപ്പെടാത്തതുകൊണ്ടായിരുന്നില്ല. ഉസ്മാനിയ യൂനിവേഴ്‌സിറ്റിയുടെ കഴിഞ്ഞ രണ്ടു ദശകങ്ങളിലെ ഫാക്കല്‍റ്റിയുടെ എണ്ണം അനുവദിക്കപ്പെട്ട 1267ല്‍ നിന്ന് 585ലേക്ക് താഴ്ന്നുപോയത് തന്നെ വലിയ തെളിവ്. നിര്‍ണിത എണ്ണം സീനിയര്‍ ഫാക്കല്‍റ്റി വിരമിക്കുന്നതോടെ, ചില വിഭാഗങ്ങള്‍ ഫലത്തില്‍ അടച്ചുപൂട്ടേണ്ട അവസ്ഥയിലാവും. നിരവധി വിഭാഗങ്ങളില്‍ ‘കണ്‍സള്‍ട്ടന്‍സ്’ എന്നറിയപ്പെടുന്ന പാര്‍ട്ട് ടൈം അധ്യാപകര്‍ എണ്ണത്തില്‍ സ്ഥിരം ഫാക്കല്‍റ്റിയെക്കാളും പെരുകുന്നുണ്ട്. സംസ്ഥാനത്തെ മിക്ക സര്‍വകലാശാലകളിലും ഇതാണ് വസ്തുത.
ദശകങ്ങളോളം നീണ്ടുനിന്ന തെലങ്കാന സമരത്തില്‍ ഉസ്മാനിയ യൂനിവേഴ്‌സിറ്റിയിലെയും ഇതര സര്‍വകലാശാലകളിലെയും വിദ്യാര്‍ഥികള്‍ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ടെങ്കിലും അത് ഉന്നത വിദ്യാഭ്യാസ കാര്യത്തില്‍ വിപരീതഫലമുണ്ടാക്കിയിട്ടുണ്ടെന്നു സൂചിപ്പിക്കുന്നത് അതിശയോക്തിയല്ല. തീര്‍ച്ചയായും ഈ പ്രതിഭാസത്തിന്റെ അനുകൂലഫലങ്ങളില്‍ ഒന്ന് സമൂഹത്തിന്റെ താഴേ തട്ടുകളില്‍ നിന്നു പുതിയ തലമുറയുടെ നേതൃത്വം ഉയര്‍ന്നുവന്നു എന്നതാണ്.
സാമൂഹിക മുന്നേറ്റങ്ങള്‍ മുന്നോട്ടെറിഞ്ഞുതരുന്ന നേതൃത്വത്തിന്റെ ഇംപാക്റ്റ് ഒന്നു വേറെത്തന്നെയാണെന്നതാണ് യാഥാര്‍ഥ്യം. എങ്കിലും രാഷ്ട്രീയത്തിന്റെ അതിപ്രസരം, യൂനിവേഴ്‌സിറ്റിയുടെ ബൗദ്ധികമായ നിലനില്‍പ്പിനും പണ്ഡിതോചിതമായ പങ്കിനും ദുരന്തപൂര്‍ണമായ പരിണതഫലങ്ങളുണ്ടാക്കും. പ്രാദേശിക പൊതുചര്‍ച്ചകളില്‍ ഈ വ്യക്തമായ യാഥാര്‍ഥ്യം അവഗണിക്കപ്പെട്ടു.
സംസ്ഥാന രൂപീകരണത്തിനു മുമ്പ്
പുതിയ സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ വികസനം പ്രതീക്ഷിക്കുന്നത് തികച്ചും ന്യായമാണ്. പിന്നാക്ക വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കലും വികസനം ലഭ്യമാക്കലുമായിരുന്നു തെലങ്കാന സംസ്ഥാനമാക്കണമെന്ന ആവശ്യത്തിന്റെ മുഖ്യ ഉദ്ദേശ്യം. അവിടെ വിദ്യാഭ്യാസത്തിന്റെ സ്ഥാനവും പങ്കും അടിസ്ഥാനപരമാണെന്നത് സംശയരഹിതമാണ്. തെലങ്കാന പ്രക്ഷോഭത്തിന്റെ പ്രത്യേക ശബ്ദമായ തെലങ്കാന രാഷ്ട്രസമിതി (ടി.ആര്‍.എസ്) വിദ്യാഭ്യാസപരവും സാമൂഹികപരവുമായ പുരോഗതിയുടെ മാര്‍ഗത്തിലേക്ക് ഇനിയും ശ്രദ്ധയൂന്നിയിട്ടില്ല. ഈ പ്രശ്‌നം സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ഗണനാ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടില്ല. രണ്ടു വര്‍ഷത്തിലേറെയായി വൈസ് ചാന്‍സലര്‍മാരുടെയോ ഭരണസമിതി അംഗങ്ങളുടെയോ നിയമനം നടത്താത്തതിനാല്‍ തെലങ്കാന സര്‍വകലാശാലകളില്‍ നേരാംവണ്ണം ഭരണം നടക്കുന്നില്ല എന്നത് സ്പഷ്ടം.
ടി.ആര്‍.എസ് ഭരണകൂടത്തിന്റെ യൂനിവേഴ്‌സിറ്റികളോടുള്ള അവഗണന, വിദ്യാര്‍ഥി സമൂഹവുമായി അതിനുള്ള സുഖകരമല്ലാത്ത ബന്ധത്തിന്റെ പ്രതികരണം കൂടിയാണ്. യഥാര്‍ഥത്തില്‍ ടി.ആര്‍.എസ് തെലങ്കാനയില്‍ ഒരു മുഖ്യരാഷ്ട്രീയ ശക്തിയായി ഉയര്‍ന്നുവന്നതു തന്നെ അതിനു ലഭിച്ച വിദ്യാര്‍ഥി പിന്തുണകൊണ്ടാണ്. വിദ്യാര്‍ഥികള്‍ ഭാവിയില്‍ ഒരു മുഖ്യവെല്ലുവിളിയായിത്തീരുമെന്നതിനു മാറുന്ന കാലത്തിന്റെ സൂചനയായിരിക്കാം അത്. ഇത്തരം പ്രശ്‌നങ്ങളെ അപഗ്രഥിക്കാനുള്ള സന്ദര്‍ഭമാണ് ഉസ്മാനിയ യൂനിവേഴ്‌സിറ്റിയുടെ ശതവാര്‍ഷികം പുതിയ സംസ്ഥാനത്തിനും നേതൃത്വത്തിനും നല്‍കുന്നത്.
തെലങ്കാനയുടെ വികസന വിഷയത്തില്‍ സര്‍ക്കാരിന്റെ പ്രതിബദ്ധത പ്രകടിപ്പിക്കാനുള്ള ചരിത്രപരമായ ഒരവസരമാണ് ഇത്. ഒരു കാലഘട്ടത്തിലേറെ അവഗണിക്കപ്പെട്ടിരുന്ന വിവിധ പ്രശ്‌നങ്ങളില്‍ ആവശ്യമായ പരിഹാരമുണ്ടാക്കാനും സര്‍വകലാശാലയുടെ വ്യക്തിത്വവും അഭിമാനവും കാത്തുസൂക്ഷിക്കാനുമാവശ്യമായ നടപടികള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. ഒരു മേഖലയുടെ പുരോഗതി പ്രധാനമായും അവിടത്തെ മാനവവിഭവശേഷിയെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. ഉന്നത വിദ്യാഭ്യാസം നല്‍കുന്ന സ്ഥാപനങ്ങളെ പഠന ഗവേഷണ കേന്ദ്രങ്ങളാക്കിയും സാമൂഹിക-സാംസ്‌കാരിക വൈവിധ്യങ്ങളുടെയും ബഹുസ്വരതയുടെയും ഇടങ്ങളാക്കിയും ഗുണനിലവാരമുയര്‍ത്തുകയും സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചുമാണ് മാനവവിഭവശേഷിയുണ്ടാക്കേണ്ടത്. ഉസ്മാനിയാ യൂനിവേഴ്‌സിറ്റിയുടെ പുനരുജ്ജീവനത്തിന് ആത്മാര്‍ഥമായ പിന്തുണ നല്‍കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. തെലങ്കാനയുടെ ബൗദ്ധിക, സാംസ്‌കാരിക, രാഷ്ട്രീയ ജീവിതം രൂപപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിക്കാന്‍ യൂനിവേഴ്‌സിറ്റി തീര്‍ച്ചയായും പിന്തുണയര്‍ഹിക്കുന്നു.  ി

(കടപ്പാട്: ഇക്കണോമിക് & പൊളിറ്റിക്കല്‍ വീക്കിലി)

പരിഭാഷ: ഉബൈദ് തൃക്കളയൂര്‍

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss