|    Nov 20 Mon, 2017 5:59 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഉസ്താദ് ഹുസയ്ന്‍ സയീദുദ്ദീന്‍ ദഗറിന് ആയിരങ്ങളുടെ യാത്രാമൊഴി

Published : 2nd August 2017 | Posted By: fsq

 

പൂനെ: ദ്രുപത് സംഗീതാചാര്യന്‍ ഉസ്താദ് ഹുസയ്ന്‍ സയീദുദ്ദീന്‍ ദഗറിന് ആയിരങ്ങളുടെ യാത്രാമൊഴി. ഞായറാഴ്ച പൂനെയിലായിരുന്നു അന്ത്യം. ഏറെക്കാലമായി രോഗശയ്യയിലായിരുന്ന സംഗീത ഗുരുവിന് വിവിധ ഖരാനകളുടെ നൂറുകണക്കിന് ശിഷ്യര്‍ അന്തിമാഞ്ജലി അര്‍പ്പിച്ചു. രാജസ്ഥാനിലെ ആള്‍വാറില്‍ ഹിന്ദുസ്ഥാനി സംഗീതത്തിലെ ദ്രുപത് സംഗീതാചാര്യന്‍മാരുടെ കുടുംബമായ ദഗര്‍ കുടുംബത്തില്‍ 1939ലാണ് ഇദ്ദേഹത്തിന്റെ ജനനം. എട്ടു ദഗര്‍ സഹോദരന്‍മാരില്‍ ഇളയ ആളാണ് ശിഷ്യരും സംഗീതാരാധകരും ‘സഈദ് ഭായി’ എന്നു വിളിക്കുന്ന ഉസ്താദ് ഹുസയ്ന്‍ സയീദുദ്ദീന്‍ ദഗര്‍. 1984ല്‍ പൂനെയില്‍ സ്ഥിരതാമസമാക്കിയ സഈദ് ഭായി സംസ്ഥാനസര്‍ക്കാര്‍ സ്ഥിരംവസതി അനുവദിക്കുന്നതും കാത്ത് വര്‍ഷങ്ങളായി വിവിധ വീടുകളില്‍ മാറിമാറി താമസിച്ചുവരികയായിരുന്നു. രാജ്യത്തും വിദേശത്തുനിന്നുമായുള്ള ശിഷ്യരുടെ എണ്ണത്തിലെ വര്‍ധനയും താമസസ്ഥലം മാറുന്നതിനു കാരണമായിട്ടുണ്ട്. ദ്രുപത് ഉല്‍സവത്തില്‍ പങ്കെടുക്കുന്നതിന് പ്രതിവര്‍ഷം ബനാറസ് സന്ദര്‍ശനം പതിവായിരുന്നു. ബിസി മൂന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട നാട്യശാസ്ത്രത്തില്‍ ഉസ്താദ് പിന്തുടര്‍ന്ന ദ്രുപത് സംഗീതത്തെ കുറിച്ച് വ്യക്തമായ പരാമര്‍ശമുണ്ട്. ഈ സംഗീത ശാഖയ്ക്ക് പ്രാചീന കാലംമുതല്‍ പ്രാധാന്യം ഉണ്ടെന്നാണ് രേഖകള്‍. 20 തലമുറകൡലായി ദ്രുപത് സംഗീതപാരമ്പര്യത്തെ പരിപാലിച്ചു പ്രചരിപ്പിച്ചു പോരുന്ന കുടുംബമാണ് ദഗര്‍ കുടുംബം. ജയ്പൂരിലെയും പൂനെയിലെയും ദ്രുപത് സൊസൈറ്റിയുടെ അധ്യക്ഷനാണ് സയീദുദ്ദീന്‍ ദഗര്‍. മൃതദേഹം ജയ്പൂരില്‍ സംസ്‌കരിക്കും. സംഗീതാചാര്യന്റെ വേര്‍പാടില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. ദ്രുപത് സംഗീതപാരമ്പര്യത്തിലെ പ്രശസ്ത ഗായകനാണ് ‘സഈദ് ഭായി’ എന്ന് വിളിപ്പേരുള്ള ഹുസയ്ന്‍ സയീദുദ്ദീന്‍ ദഗര്‍. ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിലെ സംഗീത ശാഖയാണ് ദ്രുപത്. ദഗര്‍ പാരമ്പര്യത്തിലെ 19ാം തലമുറക്കാരനാണ് ഇദ്ദേഹം. നസീര്‍ മൊഹ്‌യുദ്ദീന്‍ ദഗര്‍, നസീര്‍ അമീനുദ്ദീന്‍ ദഗര്‍ എന്നിവര്‍ സീനിയര്‍ ദഗര്‍ സോദരന്‍മാര്‍’ എന്നാണറിയപ്പെടുന്നത്. 1963ല്‍ പൂനെയില്‍ അന്തരിച്ച ഹുസയ്‌നുദ്ദീന്‍ ഖാന്‍ ദഗറിന്റെ മകനാണ് ഹുസയ്ന്‍ സയീദുദ്ദീന്‍ ദഗര്‍. മരിക്കുമ്പോള്‍ 78 വയസ്സായിരുന്നു. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. ഇവരും ദഗര്‍ പാരമ്പര്യം പിന്തുടരുന്ന സംഗീതജ്ഞരാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക