|    Oct 22 Sun, 2017 3:47 pm
FLASH NEWS

ഉസ്താദ് ഗുലാം അലിക്കൊപ്പം ജനം പാടി; കല്‍ ചാന്ദ്‌നി കി രാത് ധി…

Published : 18th January 2016 | Posted By: SMR

റഫീഖ് റമദാന്‍

കോഴിക്കോട്: നഗരത്തെ ഗസലിന്റെ തേന്‍നിലാവില്‍ ലയിപ്പിച്ച ഉസ്താദ് ഗുലാം അലി ഖാന് നന്ദി. സ്വപ്‌നനഗരിക്കതൊരു സുകൃതമായിരുന്നു. ലോകത്തിന്റെ ഗായകനായി അറിയപ്പെടുന്ന വിഖ്യാത പാക് ഗസല്‍ മാന്ത്രികന്‍ ഗുലാം അലി പതിഞ്ഞ ശബ്ദത്തില്‍ ‘കല്‍ ചാന്ദ്‌നി കി രാത് ധി….—എന്നു പാടിയപ്പോള്‍ മാനത്തെ അമ്പിളി ഒന്നു പുഞ്ചിരിച്ചു. അപ്പോള്‍ ആജ് ഭി ചാന്ദ്‌നി കി രാത് ഹെ എന്നു മന്ത്രിച്ചുകൊണ്ട് മന്ദഹസിച്ചു അദ്ദേഹം. അതിരുകളില്ലാത്ത സ്‌നേഹം ഏറ്റുവാങ്ങാനെത്തിയ ജനസഞ്ചയത്തെ കണ്ട് അദ്ദേഹം കൈ വീശിയപ്പോള്‍ സദസ്സില്‍ നിന്ന് മുദ്രാവാക്യങ്ങളുയര്‍ന്നു ”ഗുലാം അലി സിന്ദാബാദ്. ഇന്‍ടോളറന്‍സ് ഗോ ബാക്ക്.
ഗുലാം അലി ചിട്ടപ്പെടുത്തിയ ‘പിയാ ബിന്‍ ആയാ ചാന്ദ് നിരാദ്.—എന്ന ഗസല്‍ ആലപിച്ച് പണ്ഡിറ്റ് വിശ്വനാഥാണ് ചാന്ദ്‌നീ കി രാതിന് തുടക്കംകുറിച്ചത്. ഏഴരയോടെ തന്റെ ഹാര്‍മോണിയത്തില്‍ ശ്രുതിമീട്ടി തുടങ്ങിയ ഗുലാം സാ—ബിനെ കോഴിക്കോട്ടുകാര്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങുകയായിരുന്നു. ‘ദില്‍ കി ജോ തുംനെ കഭീ.—എന്ന ഗസലോടെ അദ്ദേഹം തുടങ്ങിയപ്പോള്‍ ഹിന്ദുസ്ഥാനിയുടെ ആരാധകരതു നെഞ്ചേറ്റി.
ഹിന്ദി സിനിമയില്‍ തന്റെ സാന്നിധ്യമറിയിച്ച ‘നികാഹിലെ ‘ചുപ്‌കെ ചുപ്‌കെ രാത് ദിനും’ മഹേഷ്ഭട്ടിന്റെ ‘ആവാര്‍ഗി’യിലെ ഹിറ്റ് ഗാനമായ’ഹംഗാമ ഹയ് ക്യോന്‍ ബാര്‍പ’യുമെല്ലാമായി സംഗീതാസ്വാദകരെ കൈയിലെടുത്ത അദ്ദേഹത്തിന്റെ ശബ്ദത്തിന് ഇപ്പോഴും ഇടര്‍ച്ചയില്ല. കഴിഞ്ഞ ഡിസംബറില്‍ 75 വയസ്സ് പിന്നിട്ട ഒരാള്‍ക്ക് എങ്ങനെ ഇങ്ങനെ പാടാന്‍ കഴിയുന്നുവെന്ന് ആരും ശങ്കിച്ചുപോവും. ഹം തേരേ ഷഹര്‍ മേ ആയേ ഹെ, മുസാഫിര്‍ കി തരഹ്.—തുടങ്ങിയ ഗസലുകളും അദ്ദേഹം ആലപിച്ചു. ‘ചുപ്‌കെ ചുപ്‌കെ രാത് ദിന്‍ ആര്‍സു ബഹാനാ യാദ് ഹെ’ എന്ന ഗാനം ഗുലാം അലിയും മകന്‍ ആമിര്‍ അലിയും ചേര്‍ന്നാണ് ആലപിച്ചത്.
ഇടയ്ക്കിടക്ക് ശാസ്ത്രീയസംഗീതവും കയറിവന്നപ്പോള്‍ സദസ്സിന് കൗതുകമേറി. സ്വപ്‌നനഗരിയില്‍ ഒരുക്കിയ പ്രത്യേക വേദിയില്‍ അതിരുകളില്ലാത്ത സ്‌നേഹത്തിന്റെ ഗായകന്‍ ഒരിക്കല്‍കൂടി പാടിയപ്പോള്‍ കലാസ്വാദകരുടെ നഗരം അതേറ്റുപാടി. കനത്ത പോലിസ് സുരക്ഷയില്‍ വൈകീട്ട് നാലരയോടെ ഒഴുകിയെത്തിയ ജനങ്ങളെ ഉള്‍ക്കൊള്ളാനാവാതെ നഗരി ഞെരുങ്ങി. സ്വരലയയുടെയും ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെയും ആഭിമുഖ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. മതത്തിനും ഭാഷക്കും ദേശത്തിനുമപ്പുറം സദസ്സിലെ ആയിരങ്ങളെ സംഗീതത്തില്‍ ഒരുമിപ്പിക്കുകയായിരുന്നു ഗുലാം അലി. ഗുലാം അലി പാടിയപ്പോള്‍ ഹൃദയം കൊണ്ടാണ് സദസ്സ് ആ സംഗീതം ശ്രവിച്ചത്. എം ടി വാസുദേവന്‍ നായര്‍ നിലവിളക്കു തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തപ്പോള്‍ പ്രകാശം പരത്താന്‍ ഗുലാം അലിയും സഹായിച്ചു.
ഒരു ഗസല്‍സന്ധ്യ മാത്രമല്ല, ഫാഷിസത്തിനെതിരായ ഐക്യദാര്‍ഢ്യം കൂടിയാണ് ഈ പരിപാടിയെന്ന് സംഘാടകസമിതി അധ്യക്ഷന്‍ എളമരം കരീം എംഎല്‍എ പ്രഖ്യാപിച്ചപ്പോള്‍ സദസ്സില്‍ ബിജെപി നേതാവ് സികെ പത്മനാഭന്‍ അടക്കമുള്ളവര്‍ ഉണ്ടായിരുന്നു. നഗരിക്കു പുറത്ത് പ്രതിഷേധിച്ച ശിവസേനക്കാരെ പോലിസ് അറസ്റ്റ് ചെയ്തു കൊണ്ടുപോവുകയായിരുന്നു അപ്പോള്‍. സംഗീതസംവിധായകന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി താന്‍ രചിച്ച ഗാനത്തിലൂടെ ഉസ്താദിന് സ്വാഗതമോതി. മന്ത്രിമാരായ എം—കെ മുനീര്‍, എ പി അനില്‍കുമാര്‍, എംഎ ബേബി എംഎല്‍എ എന്നിവര്‍ ചേര്‍ന്ന് ഗുലാം അലിക്ക് ആറന്മുള കണ്ണാടി ഉപഹാരമായി നല്‍കി. ഗുലാം അലി ചിട്ടപ്പെടുത്തിയ പഴയ ഗ്രാമഫോണ്‍ റെക്കോഡ് മേയര്‍ വി കെ സി മമ്മത്‌കോയ കോഴിക്കോടിന്റെ ഉപഹാരമായി നല്‍കി.
എം കെ രാഘവന്‍ എം പി പൊന്നാട അണിയിച്ചു. സാഹിത്യകാരി കെ പി സുധീര ഗുലാം അലിയെ കുറിച്ചെഴുതിയ പുസ്തകങ്ങള്‍ അദ്ദേഹത്തിനു സമ്മാനിച്ചു. എ പ്രദീപ് കുമാര്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് കെ സി അബു സംബന്ധിച്ചു. തലസ്ഥാനത്ത് നാലായിരം പേരാണ് പങ്കെടുത്തതെങ്കില്‍ ഇവിടെ പതിനയ്യായിരത്തിലധികം പേര്‍ ഗസല്‍സന്ധ്യയില്‍ ലയിക്കാനെത്തി. അതുകൊണ്ടാകാം ഇത്രയും വലിയ സദസ്സിനു മുമ്പില്‍ ലോകത്തൊരിടത്തും താന്‍ പാടിയിട്ടില്ലെന്ന് പണ്ഡിറ്റ് വിശ്വനാഥ് തുറന്നുപറഞ്ഞതും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക