|    Aug 21 Mon, 2017 8:10 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഉഴവൂര്‍ വിജയന്റെ മരണം : അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

Published : 12th August 2017 | Posted By: fsq

 

കോട്ടയം: അന്തരിച്ച എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്റെ മരണത്തിനിടയാക്കിയ സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എന്‍സിപി കോട്ടയം ജില്ലാ കമ്മിറ്റി അംഗമായ റാണി സാംജി മുഖ്യമന്ത്രിക്കും സംസ്ഥാന വനിതാ കമ്മീഷനും പരാതി നല്‍കി. ഉഴവൂര്‍ വിജയനെ മാനസികമായി പീഡിപ്പിച്ചെന്ന ആരോപണവിധേയനായ കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ ചെയര്‍മാന്‍ സുല്‍ഫിക്കര്‍ മയൂരിക്കെതിരേയാണ് റാണി സാംജി പരാതി നല്‍കിയിരിക്കുന്നത്. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിയെ നേരില്‍ക്കാണാനും ജില്ലാ കമ്മിറ്റി തീരുമാനിച്ചു. അതേസമയം, പരാതിയിന്‍മേല്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പോലിസ് മേധാവിക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. മെയ് 21നു വൈകുന്നേരത്തോടുകൂടി സുള്‍ഫിക്കര്‍ മയൂരി ഉഴവൂര്‍ വിജയനെ ഫോണില്‍ വിളിച്ച് അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും കുടുംബാംഗങ്ങളെക്കുറിച്ച് അശ്ലീലവും അപവാദവും പറഞ്ഞതായി റാണിയുടെ പരാതിയില്‍ പറയുന്നു. എന്‍വൈസി സംസ്ഥാന പ്രസിഡന്റ് അഡ്വ. മുജീബ് റഹ്്മാനെയും വിളിച്ച് സുള്‍ഫിക്കര്‍ മയൂരി ഉഴവൂര്‍ വിജയനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കുറിച്ച് അപമാനകരമായ രീതിയില്‍ സംസാരിക്കുകയും വധിക്കുമെന്നു ഭീഷണിപ്പെടുത്തുകയുമുണ്ടായതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഈ ഭീഷണിയെയും അപവാദ പ്രചാരണത്തെയും തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദമാണ് ഉഴവൂര്‍ വിജയന്റെ മരണത്തിനിടയാക്കിയത്. അത്യന്തം നിന്ദ്യവും ക്രൂരവുമായ രീതിയിലുള്ള പദപ്രയോഗവും പെരുമാറ്റവും പൊതുപ്രവര്‍ത്തകന് യോജിച്ചതല്ല. അതിനാല്‍, സുള്‍ഫിക്കര്‍ മയൂരിയെ തല്‍സ്ഥാനത്തുനിന്നും ഒഴിവാക്കി സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഉഴവൂര്‍ വിജയന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യ കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഉഴവൂരിന് പാര്‍ട്ടിയില്‍ ശത്രുക്കളുണ്ടായിരുന്നുവെന്ന് ജില്ലാ പ്രസിഡന്റ് ടി വി ബേബിയും വെളിപ്പെടുത്തിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക