|    Mar 20 Tue, 2018 9:31 pm
FLASH NEWS
Home   >  Editpage  >  Editorial  >  

ഉള്ളു പൊള്ളയായ വേലത്തരങ്ങള്‍

Published : 26th October 2015 | Posted By: SMR

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങിക്കഴിഞ്ഞു. രാഷ്ട്രീയപ്പാര്‍ട്ടികളുടെ മേല്‍വിലാസത്തിലും അല്ലാതെയും മല്‍സരിക്കുന്നവര്‍ പ്രചാരണത്തിന്റെ അവസാനഘട്ടത്തിലേക്കു പ്രവേശിക്കുകയാണ്. കേരളത്തിലങ്ങോളമിങ്ങോളമുള്ള തിരഞ്ഞെടുപ്പ് കോലാഹലങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാവുന്ന കാര്യം കഴമ്പില്ലാത്ത ആരവങ്ങളില്‍ ജനങ്ങളെ അകപ്പെടുത്തി ജനവിധി തങ്ങള്‍ക്കനുകൂലമാക്കാനുള്ള ശ്രമങ്ങളാണ് മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നാണ്. ഇരുമുന്നണികളിലായി അണിനിരന്ന് ബഹളംവയ്ക്കുക എന്നതിനപ്പുറം എവിടെയും ജനങ്ങളുടെ പ്രശ്‌നങ്ങളോ പ്രയാസങ്ങളോ നാടിന്റെ പ്രതിസന്ധികളോ ചര്‍ച്ചചെയ്യപ്പെടുന്നതായോ കൃത്യമായൊരു രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുന്നതായോ കാണുന്നില്ല. ഒരു മുന്നണി മറ്റുള്ളതില്‍നിന്ന് വ്യതിരിക്തമാവുന്നതിന്റെ മാനദണ്ഡമെന്താണെന്നോ ഒന്നില്‍ നിന്ന് മറ്റൊന്നിനെ വേര്‍തിരിക്കാനുള്ള അതിര്‍വരമ്പുകള്‍ എവിടെയാണെന്നോ വ്യക്തമല്ല. അങ്ങനെ വേര്‍തിരിഞ്ഞുകിട്ടണമെന്നുള്ള നിര്‍ബന്ധബുദ്ധി ജനങ്ങള്‍ക്കുള്ളതായും തോന്നുന്നില്ല.
മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ അവസാന നിമിഷം വരെയും കാത്തുനില്‍ക്കുകയെന്നതാണ് ശരാശരി മലയാളിയുടെ മനോഭാവം. തദ്സ്ഥിതി തുടരുന്നതില്‍ ഒരുതരം മനസ്സുഖം നുണയുകയും ഒരു മാറ്റം ഉണ്ടാക്കിയേക്കാവുന്ന അലോസരങ്ങളുടെ സാധ്യതയില്‍നിന്ന് അകന്നുനില്‍ക്കുകയും ചെയ്യുകയെന്ന മധ്യവര്‍ഗ സമൂഹത്തിന്റെ മനോവിലാസങ്ങളിലാണ് യഥാര്‍ഥത്തില്‍ നമ്മുടെ മുന്നണികള്‍ വിജയക്കൊടി നാട്ടിയിരിക്കുന്നത്. ഒരു വഴിപാടുപോലെ പാര്‍ട്ടികള്‍ പ്രകടനപത്രികകള്‍ പ്രസിദ്ധം ചെയ്യുന്നു. അതിലെന്താണ് ഉള്ളതെന്നറിയാന്‍ ജനങ്ങള്‍ക്കോ അതിലുള്ളതെന്തെന്നു വ്യക്തമാക്കാന്‍ പാര്‍ട്ടികള്‍ക്കോ താല്‍പ്പര്യമൊന്നുമില്ല. ഗ്രാമങ്ങളില്‍ ഗോത്രവ്യവസ്ഥയിലെന്നപോലെ കുടുംബവും തറവാടും പണവും അധികാരലബ്ധിയുടെ മാനദണ്ഡങ്ങളാവുമ്പോള്‍ നഗരങ്ങളില്‍ പാര്‍ട്ടികള്‍ തങ്ങളുടെ പരമ്പരാഗത പൈതൃകങ്ങള്‍ ചൂണ്ടിക്കാണിച്ച് വോട്ട് ചോദിക്കുന്നു.
പഞ്ചായത്തീരാജിലൂടെ തുറന്നുകിട്ടിയ ജനാധിപത്യത്തിന്റെ ഏറ്റവും സക്രിയവും ജനകീയവുമായ ഒരു സംവിധാനത്തെ ഉള്ളു പൊള്ളയായ രാഷ്ട്രീയ വേലത്തരങ്ങള്‍കൊണ്ട് അസ്തപ്രജ്ഞമാക്കുന്നതിന്റെ നേര്‍ക്കാഴ്ചകളാണ് കേരളത്തില്‍ കണ്ടുകൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ പലതരം മാധ്യമങ്ങളിലും നിറഞ്ഞുനിന്നുകൊണ്ട് വിവിധ രാഷ്ട്രീയകക്ഷികളുടെ നേതാക്കള്‍ സുപ്രധാനമായ സാമൂഹിക, സാമ്പത്തിക പ്രശ്‌നങ്ങളും പ്രതിസന്ധികളും അവഗണിക്കുകയാണ്. ഇതിനിടയില്‍ കൃത്യമായ രാഷ്ട്രീയ നിലപാടുകളുയര്‍ത്തിയും ജനക്ഷേമകരമായ പദ്ധതികള്‍ മുന്നോട്ടുവച്ചും രംഗത്തുവരുന്ന നവ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്ക് അതികഠിനമായി അധ്വാനിക്കേണ്ടിവരുമെന്ന കാര്യം നിസ്തര്‍ക്കമാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss