|    Jul 25 Tue, 2017 2:21 am
FLASH NEWS

ഉള്ളണത്തെ സേവാസമിതി വായനശാലയുടെ പ്രവര്‍ത്തനം കുത്തഴിഞ്ഞ നിലയില്‍

Published : 30th July 2016 | Posted By: SMR

പരപ്പനങ്ങാടി: സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ ഗ്രാന്റ് വാങ്ങി പ്രവര്‍ത്തിക്കുന്ന പരപ്പനങ്ങാടി ഉള്ളണം നോര്‍ത്തിലെ സേവാസമിതി വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ പ്രവര്‍ത്തനം കുത്തഴിഞ്ഞ നിലയില്‍. ഉള്ളണം ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെ കെട്ടിടത്തില്‍ താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്ന 3377 നമ്പര്‍ രജിസ്‌ട്രേഷനിലുള്ള വായനശാല ആന്റ് ഗ്രന്ഥാലയം മാസങ്ങളായി ക്ഷീരോല്‍പാദക സഹകരണ സംഘത്തിന് വാടക നല്‍കിയിട്ടില്ല.
ഇതിനാല്‍ ക്ഷീരവികസന വകുപ്പ് ജില്ലാ ഓഫിസര്‍ വായനശാല ഭരണസമിതിയില്‍ നിന്ന്  വാടക കുടിശ്ശിക എത്രയും വേഗം പിരിച്ചെടുത്ത് സ്ഥാപനത്തെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്  ഉള്ളണം ക്ഷീരോല്‍പാദക സഹകരണ സംഘം പ്രസിഡന്റ് യു സി ബാവയ്ക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്. ഇതിനു പുറമേ വായനശാല ഭരണസമിതി വൈദ്യുതി ബില്ല് അടക്കാത്തതിനാല്‍  കെഎസ്ഇബി വൈദ്യുതി ബന്ധവും വിഛേദിച്ചിട്ടുണ്ട്. ഇതിനാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി സന്ധ്യാസമയത്തും രാത്രികാലങ്ങളിലും ഇരുട്ടിലാണ് വായനശാല. ഇതിനു പുറമേ വായനശാലയില്‍ നിലവില്‍ ഒരൊറ്റ ദിനപത്രമോ മാഗസിനുകളോ വരുത്തുന്നുമില്ല. തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗ ണ്‍സിലിന്റെ അറിവോടെ വായനശാല ഭരണസമിതി നിയമിച്ച ലൈബ്രറേറിയന്‍ വായനശാല തുറക്കാന്‍ വരുന്നതും അപൂര്‍വ്വമാണ്. വായനശാലയുടെ പേരില്‍ സംഭാവന പിരിക്കുകയും കണക്കില്‍ കാണിക്കാതെ ക്രമക്കേട് നടത്തുന്നതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
തയ്യിലപ്പടിയില്‍ ഏറെക്കാലം വായനശാല പ്രവര്‍ത്തിച്ച കെട്ടിടം കാലപ്പഴക്കം കാരണം പൊളിച്ചുനീക്കിയ സമയത്ത് ഒഴിഞ്ഞു കൊടുക്കുന്നതിനായി നല്ലൊരു തുക അന്നത്തെ ഭരണസമിതി അംഗങ്ങള്‍ക്ക് കെട്ടിട ഉടമ നല്‍കിയിരുന്നതായും ആ തുക എവിടെയെന്നുമാണ് ഒരു വിഭാഗം നാട്ടുകാര്‍ ചോദിക്കുന്നത്. ഈ സാഹചര്യത്തില്‍ വായനശാലയെ സംരക്ഷിക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം നാട്ടുകാര്‍ വായനശാല സംരക്ഷണ സമിതി രൂപീകരിച്ചിരിക്കുകയാണ്. ജില്ലാ ലൈബ്രറി കൗണ്‍സിലിനും തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗണ്‍സിലിനും പരാതിയും നല്‍കിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക