|    Feb 18 Sun, 2018 8:44 am
Home   >  Todays Paper  >  Page 4  >  

ഉല്‍സവത്തിനിടെ ഉഗ്രസ്‌ഫോടനം

Published : 25th January 2017 | Posted By: fsq

 

എടപ്പാള്‍: ഉല്‍സവത്തിനിടെ ക്ഷേത്രക്കമ്മിറ്റി സൂക്ഷിച്ചിരുന്ന വെടിമരുന്ന് കത്തിയമര്‍ന്ന് ക്ഷേത്രത്തിന്റെ ഊട്ടുപുര തകര്‍ന്നു. ഒരാള്‍ക്ക് പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെ വട്ടംകുളം പോട്ടൂര്‍ ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തിലായിരുന്നു സംഭവം. അപകടത്തില്‍ സാരമായി പരിക്കേറ്റ മദ്ദള വിദ്വാന്‍ വേങ്ങശ്ശേരി സ്വദേശി ഷിനോജിനെ(39) ഒറ്റപ്പാലം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ഷേത്രത്തിലെ മകരപ്പത്ത് ഉല്‍സവമായിരുന്ന തിങ്കളാഴ്ച പകല്‍പ്പൂരം കഴിഞ്ഞ് രാത്രിയിലെ എഴുന്നള്ളിപ്പിനായി ആനപ്പുറത്ത് തിടമ്പേറ്റുന്നതിനിടെയായിരുന്നു ക്ഷേത്രത്തിന്റെ അടുക്കളയോടു ചേര്‍ന്ന ഊട്ടുപുരയില്‍ സ്‌ഫോടനമുണ്ടായത്. ഊട്ടുപുരയുടെ ചുവരുകളും അടുക്കളയുടെ വാതിലും സ്‌ഫോടനത്തില്‍ തകര്‍ന്നു. ശബ്ദം കേട്ട് സ്ത്രീകളും കുട്ടികളുമടങ്ങുന്നവര്‍ നാലുപാടും ചിതറി ഓടി. ക്ഷേത്രത്തില്‍ നിത്യവും നടത്താറുള്ള വെടിവഴിപാടിനായി കരുതിവച്ചിരുന്ന ഏഴരക്കിലോയോളം വരുന്ന വെടിമരുന്ന് തകര്‍ന്ന ഊട്ടുപുരയോട് ചേര്‍ന്ന് ചെറിയ മുറിയിലായിരുന്നു സൂക്ഷിച്ചിരുന്നത്. രാത്രി വാദ്യകലാകാരന്‍മാര്‍ ഈ ഊട്ടുപുരയിലും പരിസരത്തുമാണ് ഉറങ്ങാറ്.  ആളുകളുടെ അശ്രദ്ധമൂലമാവാം തീ പിടിത്തമുണ്ടായതെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. ക്ഷേത്രത്തിലേക്ക് വെടിവഴിപാടിനായി കരിമരുന്ന് വിതരണം ചെയ്ത ആലൂര്‍ സ്വദേശി ചന്ദ്രന്റെ പേരില്‍ പോലിസ് കേസെടുത്തിട്ടുണ്ട്. വെടിമരുന്ന് വില്‍ക്കുന്നതിനുള്ള ലൈസന്‍സ് ഇയാള്‍ക്കില്ലെന്നാണറിയുന്നത്. തിരൂര്‍ ഡിവൈഎസ്പി കെ ജെ ബാബു, പൊന്നാനി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ ജെ ജോണ്‍സണ്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ഡി അശോക് കുമാര്‍, പൊന്നാനി തഹസില്‍ദാര്‍ എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മലപ്പുറത്തുനിന്ന് സയന്റിഫിക് അസിസ്റ്റന്റ് ഓഫിസര്‍ വിനോദ്, ഫിംഗര്‍ പ്രിന്റ് ഓഫിസര്‍ സതീഷ് ബാബു, എന്നിവരും തെളിവെടുത്തു. പോലിസ് നായയും സ്ഥലത്തെത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss