|    Sep 23 Sun, 2018 9:27 pm
FLASH NEWS

ഉല്‍പാദക സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം : മന്ത്രി എം എം മണി

Published : 28th May 2017 | Posted By: fsq

 

കല്‍പ്പറ്റ: കര്‍ഷക കൂട്ടായ്മയില്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ പോലുള്ള ഉല്‍പാദക സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം പരിഗണിക്കുമെന്നു വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷികാനുബന്ധ ഉല്‍പാദക മേഖലയെ പ്രോല്‍സാഹിപ്പിക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നബാര്‍ഡിന്റെ സഹകരണത്തോടെ കല്‍പ്പറ്റ പുതിയ ബസ്സ്റ്റാന്റില്‍ ഉല്‍പാദക കമ്പനികള്‍ സംയുക്തമായി നടത്തുന്ന മലബാര്‍ അഗ്രിഫെസ്റ്റില്‍ കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാര്‍ഷിക വിളകള്‍ ഏറെയുള്ള ഇടുക്കി, വയനാട് ജില്ലകള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഒട്ടേറെ പദ്ധതികള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കുന്നതിന് പ്രോല്‍സാഹനം നല്‍കും. കര്‍ഷക കൂട്ടായ്മകള്‍, മറ്റ് സംരംഭകര്‍ തുടങ്ങിയവയ്ക്ക് പരമാവധി സഹായങ്ങള്‍ ലഭ്യമാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാപ്പി, കുരുമുളക്, ഇഞ്ചി തുടങ്ങിയ ഉല്‍പന്നങ്ങള്‍ക്ക് ആധുനിക രീതിയിലുള്ള സംസ്‌കരണ കേന്ദ്രം ജില്ലയില്‍ ആവശ്യ മാണെന്നും ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. വയനാട്ടില്‍ നിന്നും ആദ്യമായി വേവിന്‍ ഉല്‍പാദക കമ്പനി വിപണിയില്‍ എത്തിക്കുന്ന ഫില്‍ട്ടര്‍ കോഫിയായ വിന്‍ കോഫിയുടെ വിപണനോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. വയല്‍ എന്ന ബ്രാന്‍ഡിലാണ് കോഫി ബോര്‍ഡിന്റെ സാങ്കേതിക സഹായത്തോടെ അറബിക്കയും റോബസ്റ്റയും ബ്ലന്‍ഡ് ചെയ്ത ഫില്‍ട്ടര്‍ കോഫി വിപണിയില്‍ എത്തിക്കുന്നത്. ബംഗളൂരുവിലെ കോഫി ബോര്‍ഡിന്റെ അംഗീകൃത സംസ്‌കരണ കേന്ദ്രത്തില്‍ സംസ്‌കരിച്ച് പാക്ക് ചെയ്താണ് വിപണിയില്‍ എത്തിക്കുന്നത്. വയനാടിന്റെ സ്വന്തമായ കാപ്പി സര്‍ക്കാര്‍ തലത്തില്‍ വിപണിയില്‍ ഇറക്കുന്നതിനുള്ള ആലോചനാ യോഗം കൃഷിക്ഷേമ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ നടന്നതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച കല്‍പ്പറ്റ എംഎല്‍എ സി കെ ശശീന്ദ്രന്‍ പറഞ്ഞു.   ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി വിന്‍കോഫി ഏറ്റുവാങ്ങി. കാര്‍ഷിക മേഖലയില്‍ മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന പൈതൃക നെല്‍വിത്ത് സംരക്ഷകന്‍ ചെറുവയല്‍ രാമന്‍, വയനാടന്‍ സുഗന്ധവ്യഞ്ജനങ്ങള്‍ക്കും നെല്ലിനും ആഗോള വിപണി കണ്ടെത്തിയ സുകുമാരനുണ്ണി മൂസത്, സമ്മിശ്ര കര്‍ഷകന്‍ അയൂബ് തോട്ടോളി, കിഴങ്ങുവര്‍ഗങ്ങളുടെ സംരക്ഷകന്‍ ഷാജി ഇളപ്പുപാറ എന്നിവരെ കര്‍ഷക സംഗമത്തില്‍ ആദരിച്ചു. ചക്കയുടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ജനകീയമാക്കിയതിന് കല്‍പ്പറ്റ സ്വദേശിനി പത്മിനി ശിവദാസിന് പ്രത്യേക പുരസ്‌കാരവും മന്ത്രി എം എം മണി സമ്മാനിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss